ഇന്ത്യയുടെ ഈ അത്ഭുത താരത്തെ സൂക്ഷിച്ചോ, ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഓസ്‌ട്രേലിയയ്ക്ക് മുന്നറിയിപ്പുമായി വസീം അക്രം

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുശേഷം ഇന്ത്യയെ കാത്തിരിക്കുന്ന വമ്പന്‍ പരീക്ഷണമാണ് ഓസ്‌ട്രേലിയന്‍ പര്യടനം. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പര എക്കാലവും ഇരു രാജ്യങ്ങളും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായി മാറാറുണ്ട്.

 

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്തിനെയാണ് അക്രം അത്ഭുത താരം എന്ന് വിശേഷിപ്പിച്ചത്

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുശേഷം ഇന്ത്യയെ കാത്തിരിക്കുന്ന വമ്പന്‍ പരീക്ഷണമാണ് ഓസ്‌ട്രേലിയന്‍ പര്യടനം. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പര എക്കാലവും ഇരു രാജ്യങ്ങളും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായി മാറാറുണ്ട്. ഇത്തവണ ഇന്ത്യ ഓസ്‌ട്രേലിയയിലെത്തുമ്പോള്‍ ഇന്ത്യയുടെ അത്ഭുത താരം ഓസ്‌ട്രേലിയയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് മുന്‍ പാക് താരം വസീം അക്രത്തിന്റെ മുന്നറിയിപ്പ്.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്തിനെയാണ് അക്രം അത്ഭുത താരം എന്ന് വിശേഷിപ്പിച്ചത്. ചെന്നൈയില്‍ നടന്ന ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തില്‍ പന്തിന്റെ സെഞ്ച്വറിയും നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ 109 റണ്‍സ് നേടിയ പന്ത് മികച്ച പ്രകടനത്തിലൂടെ മടങ്ങിയെത്തി.

ദുരന്തത്തില്‍ നിന്ന് കരകയറി താന്‍ അമാനുഷികനാണെന്ന് കാണിച്ച് പന്ത് നടത്തിയ അത്ഭുതം നോക്കൂയെന്നാണ് അക്രം പറയുന്നത്. പന്തിന്റെ അപകടത്തില്‍ ഞങ്ങള്‍ എല്ലാവരും പാകിസ്ഥാനില്‍ ആശങ്കാകുലരായിരുന്നു. എന്നാല്‍, ഉജ്വലമായാണ് പന്ത് തിരിച്ചെത്തിയതെന്ന് മുന്‍താരം ചൂണ്ടിക്കാട്ടി.

വാഹനാപകടത്തെതുടര്‍ന്ന് 2023-ലെ ഓസ്ട്രേലിയ, 2024-ലെ ഇംഗ്ലണ്ട് പര്യടനങ്ങളും 2023-ലെ ഡബ്ല്യുടിസി ഫൈനലും പന്തിന് നഷ്ടമായി. താരത്തിന് പകരക്കാരായി എത്തിയവര്‍ക്കൊന്നും മികവുകാട്ടാനായില്ല.

കായികരംഗത്തേക്ക് മടങ്ങാനും തിരിച്ചുവരവില്‍ മികച്ചൊരു പ്രകടനം കാഴ്ചവെക്കാനും പന്ത് കാണിച്ച മാനസിക കരുത്ത് അത്ഭുതമുളവാക്കുന്നതാണ്. ലോകത്തിലെ യുവജനങ്ങളെ പ്രചോദിപ്പിക്കുന്നതിന് തലമുറകള്‍ പറയേണ്ട ഒരു കഥയാണിത്. പന്ത് വന്ന വഴിയിലൂടെ നിങ്ങള്‍ക്കും തിരിച്ചുവരാമെന്നും അക്രം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സെപ്റ്റംബര്‍ 27ന് കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ പന്ത് കളിക്കും.