തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ നീട്ടിയും കുറുക്കിയുമുള്ള പ്രസംഗങ്ങളിലൂടെ ആളിപടർന്ന വി.എസ് ; കണ്ണേ കരളേയെന്ന മുദ്രാവാക്യങ്ങളുമായി ജനസാഗരം

കേരളം കണ്ട ഏറ്റവും വലിയ സമര പോരാളിയായ വി എസ് അച്യുതാനന്ദൻ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ വൻ ആൾക്കൂട്ടത്തെ ആകർഷിക്കാനും അതൊക്കെ വോട്ടാക്കി മാറ്റാനും

 

കണ്ണൂർ : കേരളം കണ്ട ഏറ്റവും വലിയ സമര പോരാളിയായ വി എസ് അച്യുതാനന്ദൻ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ വൻ ആൾക്കൂട്ടത്തെ ആകർഷിക്കാനും അതൊക്കെ വോട്ടാക്കി മാറ്റാനും കഴിയുന്ന ജനകീയ നേതാക്കളിലൊരാളായിരുന്നു. ഇ കെ നായനാരുടെ വിയോഗത്തിൽ നിന്നും സി.പി.എം കര കയറിയത് വി.എസിൻ്റെ ഈ അന്യാദൃശ്യമായ കഴിവുകൊണ്ടു മാത്രമാണ്. സി.പി എമ്മിലെ വിഭാഗീയത കൊടുമ്പിരി കൊള്ളുമ്പോഴും കണ്ണൂരിൽ ഉൾപ്പെടെ തങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ വി.എസിൻ്റെ മുഖം വെച്ച് പോസ്റ്റർ അടിക്കാനും പൊതുസമ്മേളനങ്ങളിൽ വി. എസിനെ പ്രസംഗിപ്പിക്കാനും. 

കടുത്ത പിണറായി പക്ഷക്കാരായ നേതാക്കൾ വരെ മത്സരിച്ചു. മട്ടന്നൂരിൽ ഇ.പി ജയരാജനും ധർമ്മടത്ത് കെ.കെ. നാരായണനും കല്യാശേരിയിൽ ടി.വി രാജേഷിനുമായി വി.എസ് പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. സി പി എമ്മിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായ  കേരളത്തിന്റെ സമര പോരാട്ടങ്ങളിൽ അടിച്ചമർത്തപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി ശബ്ദമുയർത്തിയ നേതാവായ വി.എസ് തൻ്റെ നീട്ടിയും കുറുക്കിയുമുള്ള പ്രസംഗത്തിലൂടെ ജനസാഗരത്തെ ഇളക്കിമറിച്ചു.

1967-ലാണ് ആദ്യമായി നിയമസഭയിൽ വി.എസ് വിജയിച്ച് എത്തുന്നത്. സ്വന്തം നാടായ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് 1965-ൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. 1967-ൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് തന്നെ കോൺഗ്രസിൻ്റെ എ അച്യുതനെ 9,515 വോട്ടുകൾക്ക് തോൽ‌പിച്ചാണ് അദ്ദേഹം ആദ്യമായി നിയമസഭയിൽ എത്തുന്നത്.അടുത്ത തെരഞ്ഞെടുപ്പായ 1970-ൽ ആർ‍ എസ് പിയിലെ കെ കെ കുമാരപിള്ളയെ അമ്പലപ്പുഴ മണ്ഡലത്തിൽ തോൽപിച്ച് രണ്ടാമതും നിയമസഭയിൽ എത്തി. എന്നാൽ, 1977-ൽ കുമാരപിള്ളയോട് 5,585 വോട്ടുകൾക്ക് പരാജയപ്പെട്ടു. 1991-ൽ മാരാരിക്കുളം മണ്ഡലത്തിൽ കോൺഗ്രസിലെ ഡി സുഗതനെ 9,980 വോട്ടുകൾക്കു പരാജയപ്പെടുത്തി വീണ്ടും നിയമസഭയിൽ സാന്നിദ്ധ്യമായി.

2001-ൽ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടിയത്. അന്ന് കണ്ണൂരുകാരനായ സതീശൻ പാചേനിയെ 4,703 വോട്ടിന് അദ്ദേഹം തോൽപിച്ച് നിയമസഭയിലേക്ക് എത്തി. അത്തവണ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.. 2006-ൽ മലമ്പുഴ മണ്ഡലത്തിൽ നിന്ന് സതീശൻ പാച്ചേനിക്കെതിരെ 20,017 വോട്ടായി ഭൂരിപക്ഷം വർധിപ്പിച്ച് വി എസ് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്നും 23,440 ഭൂരിപക്ഷത്തിൽ വിജയിച്ച് വി എസ് വീണ്ടും പ്രതിപക്ഷ നേതാവായി. 

2016 നിയമസഭാ തെരഞ്ഞെടുപ്പെത്തിയപ്പോൾ 27,142 വോട്ടായി വി എസിന്റെ ഭൂരിപക്ഷം മലമ്പുഴയിലെ ജനത വർധിപ്പിച്ചു. ആ വർഷം മുഖ്യമന്ത്രിയായി പിണറായി വിജയനെ യാണ് പാർട്ടി പൊളിറ്റ്ബ്യൂറോ മുഖ്യമന്ത്രിയായി നിയോഗിച്ചതെങ്കിലും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി ആലങ്കാരിക സ്ഥാനം നൽകി തൃപ്തിപ്പെടുത്തുകയായിരുന്നു. കെ. കരുണാകരന് മാള പോലെയായിരുന്നു മലമ്പുഴ വി എസിന്  മലമ്പുഴയിലെ ജനങ്ങൾക്കിടയിൽ വി എസിൻ്റ സ്വീകാര്യതയ്ക്ക് തെളിവായി ഇതിനുമപ്പുറം മറ്റൊന്നില്ല. 

ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിപ്പിച്ച് മലമ്പുഴയിലെ ജനങ്ങൾ നൽകിയ സ്നേഹം മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും വികസനത്തിന്റെ വെളിച്ചം നൽകി വി എസ് അവർക്ക് തിരിച്ചു നൽകി. പ്ളാച്ചിമട സമരത്തിന് നേതൃത്വം നൽകിയ വി.എസ് പാലക്കാടുകാർക്ക് ഒരു നേതാവ് മാത്രമായിരുന്നില്ല ആവേശമായിരുന്നു. തെരഞ്ഞെടുപുകളിൽ പൊതുയോഗ വേദികളിലെത്തുമ്പോൾ കണ്ണേ കരളേ വി. എസേ യെന്ന് സാധാരണക്കാർ പോലും തൊണ്ട പൊട്ടു മാറ് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചത് തങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച നേതാവായതുകൊണ്ടു മാത്രമാണ്.