വിഷ്ണുപ്രിയ വധക്കേസിൽ പ്രോസിക്യൂഷൻ പോരാട്ടം വിജയം കണ്ടു ; ദൃക്സാക്ഷിയില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ നിർണായകമായി

 

തലശേരി: പാനൂർ വള്ള്യായി വിഷ്ണുപ്രിയ വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പത്തു വർഷം കഠിനതടവും രണ്ടു ലക്ഷം പിഴയടക്കാനും ശിക്ഷ ലഭിച്ചത് പ്രോസിക്യൂഷൻ നടത്തിയ നിയമ പോരാട്ടത്തിന് അംഗീകാരമായെന്ന വിലയിരുത്തൽ. ദൃക് സാക്ഷികൾ നേരിട്ടില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതിക്കെതിരെ ക്രമാനുഗതമായി നിരത്തി നീതിപീഠത്തെ  ബോധ്യപ്പെടുത്താൻ പ്രൊസിക്യൂഷന് കഴിഞ്ഞു.

ലോകത്തെ മുഴുവൻ പെൺകുട്ടികൾക്കായി വിധി സമർപ്പിക്കുന്നുവെന്ന് അഡ്വ. കെ. അജിത്ത് കുമാർ ശിക്ഷാവിധി വന്നതിനു ശേഷം തലശേരി കോടതിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. നേരിട്ട് ദ്യക്സാക്ഷിയില്ലാത്ത കേസിൽ പ്രതിക്ക് കോടതി ജീവിത അവസാനം വരെ തടവും പത്തുവർഷം കഠിന തടവും പിഴയും വിധിച്ചത് പ്രൊസിക്യൂഷൻ വാദത്തിനുള്ള അംഗീകാരമായി കാണുന്നു വെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വീട്ടിൽ കിടന്നുറങ്ങാനും സ്വതന്ത്രമായി തീരുമാനമെടുക്കാനുമുള്ള ഓരോ പെൺകുട്ടിക്കുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്നതാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധിയിൽ ആശ്വാസമുണ്ടെന്നും നീതി ലഭിക്കാൻ എല്ലാവരും സഹകരിച്ചുവെന്നും വിഷ്ണു പ്രീയയുടെ സഹോദരിമാരായ  വിപിനയും വിസ്മയും പൊട്ടി കരഞ്ഞു കൊണ്ടു പ്രതികരിച്ചു. വിധിയിൽ ആശ്വാസമുണ്ടെന്നും വിധിപകർപ്പ് കിട്ടിയാൽ മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നു വിഷ്ണു പ്രീയയുടെ വല്യച്ഛൻ കെ.വിജയൻ പറഞ്ഞു. കേരളത്ത ഞെട്ടിച്ച കൊലപാതക കേസിലെ വിധി കേൾക്കാൻ നുറു കണക്കിനാളുകൾ എത്തിയിരുന്നു. എന്നാൽ വളരെ നിർന്നിമേഷനും വികാര രഹിതയുമാണ് പ്രതി ശ്യാംജിത്ത് കോടതി വിധിയെ നേരിട്ടത്. തലകുനിച്ചു നിന്ന് നിശബ്ദമായി വിധി കേട്ട ശേഷം പൊലിസുകാരോടൊപ്പം പ്രതിയായ ശ്യാംജിത്ത്  കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങി.

ജീവപര്യന്തം തടവിനും പത്തുവർഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനുമാണ് വിഷ്ണു പ്രീയ വധക്കേസിലെ പ്രതി ശ്യാംജിത്തിനെ തലശേരി സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്. തലശേരി ജില്ലാ കോടതിയിലെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസമാണ് എവി മൃദുല അതിക്രൂ ത്മായ കൊലപാതക കേസിലെ വിധി പ്രസ്താവിച്ചത്. അടുത്ത ദിവസം മുതൽ അവർ വയനാട് ജഡ്ജായി ചുമതലയേൽക്കും.