ബിരിയാണി തിന്നില്ലേ, എന്നാ സ്ഥലംവിട്ടോ, പാക് ടീമിനെ പരിഹസിച്ചത് എന്തിനെന്ന് വെളിപ്പെടുത്തി സെവാഗ്

ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ പ്രകടനം നിരാശാജനകമാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകളുമായി തോറ്റതോടെ സെമി പ്രതീക്ഷ ഇല്ലാതായ പാകിസ്ഥാന്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കും ഇരയായി.
 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ പ്രകടനം നിരാശാജനകമാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകളുമായി തോറ്റതോടെ സെമി പ്രതീക്ഷ ഇല്ലാതായ പാകിസ്ഥാന്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കും ഇരയായി. പാകിസ്ഥാന്റെ മോശം പ്രകടനങ്ങള്‍ക്കിടെ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് ടീമിനെ പരിഹസിച്ച് രംഗത്തെത്തിയത് ആരാധകശ്രദ്ധ നേടിയിരുന്നു.

പാകിസ്ഥാന്റെ ബിരിയാണി പ്രിയത്തെ പരിഹസിച്ചായിരുന്നു സെവാഗിന്റെ ട്രോള്‍. 'പാകിസ്ഥാന്‍ സിന്ദാബാദ്! ബിരിയാണിയും ആതിഥ്യ മര്യാദയും നിങ്ങള്‍ ശരിക്കും ആസ്വദിച്ചുവെന്നു കരുതട്ടെ. സുരക്ഷിതമായി നിങ്ങള്‍ നാട്ടിലേക്ക് മടങ്ങുക. ഗുഡ്ബൈ പാകിസ്ഥാന്‍' എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്.

ചില ഇന്ത്യന്‍ ആരാധകര്‍ സെവാഗിന്റെ ട്രോളിനെ രസകരവും മനോഹരവുമാണെന്ന് വിലയിരുത്തയപ്പോള്‍ മറ്റുള്ളവര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെയും ആരാധകരെയും അമിതമായി വെറുക്കുന്നതിന് അദ്ദേഹത്തെ ചോദ്യം ചെയ്തു. ഇതോടെ അയല്‍രാജ്യത്തെ ക്രിക്കറ്റ് ടീമിനെ ട്രോളാന്‍ അവസരം കിട്ടുമ്പോള്‍ അത് പാഴാക്കാത്തത് എന്തുകൊണ്ടാണെന്ന് സെവാഗ് വിശദീകരിച്ചു.

21-ാം നൂറ്റാണ്ടില്‍ 6 ഏകദിന ലോകകപ്പുകള്‍ ഉണ്ടായിട്ടുണ്ട്. 6 ശ്രമങ്ങളില്‍, 2007-ല്‍ ഒരു തവണ മാത്രമാണ് ഞങ്ങള്‍ സെമിഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായത്. കഴിഞ്ഞ 6 ലോകകപ്പുകളില്‍ 5 എണ്ണത്തിലും യോഗ്യത നേടി. മറുവശത്ത് പാകിസ്ഥാന്‍ 6 അവസരങ്ങളില്‍ 2011ല്‍ മാത്രമാണ് സെമിയിലെത്തിയത്. പന്തുകളും പിച്ചും മാറ്റുന്നതില്‍ ഐസിസിയെയും ബിസിസിഐയെയും കുറ്റപ്പെടുത്തി പരിഹാസ്യമായ ആരോപണങ്ങളുമായാണ് അവര്‍ എത്തിയതെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

അവരെ തോല്‍പ്പിച്ചിട്ടും മറ്റൊരു ടീമിനോട് തോല്‍ക്കുമ്പോള്‍ അവരുടെ പ്രധാനമന്ത്രി ഞങ്ങളെ പരിഹസിക്കുന്നു. ഇവിടെയെത്തിയപ്പോള്‍, അവരുടെ കളിക്കാരന്‍ ഹൈദരാബാദില്‍ ചായ ആസ്വദിക്കുന്ന ചിത്രങ്ങള്‍ ഞങ്ങളുടെ സൈനികനെ പരിഹസിക്കാന്‍ പരിഹാസത്തോടെ പോസ്റ്റ് ചെയ്യുന്നു. പിസിബി മേധാവി നമ്മുടെ രാജ്യത്തെ ദുശ്മന്‍ മുല്‍ക്ക് എന്നാണ് വിളിക്കുന്നത്. അവരുടെ വെറുപ്പിന് അവര്‍ സ്‌നേഹം പ്രതീക്ഷിക്കുന്നു. നല്ല രീതിയിലുള്ളവരോട് നമ്മളും നല്ല രീതിയിലായിരിക്കും. അല്ലാവരോട് തിരിച്ചുമെന്ന് സെവാഗ് വിവശദീകരിച്ചു.