കെട്ടിടം വാടകയ്ക്ക് കൊടുത്തു, വര്‍ഷം കോടികളുടെ വരുമാനമുണ്ടാക്കാന്‍ കോഹ്ലി
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന കായിക താരങ്ങളലൊരാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. കളിയിലൂടെ മാത്രമല്ല, കളിക്കുപുറത്തും പരസ്യങ്ങളിലൂടെയും ബിസിനസിലൂടെയും വരുമാനമുണ്ടാക്കുന്നവരില്‍ കോഹ്‌ലി മുന്‍നിരയിലാണ്. ഏറ്റവുമൊടുവില്‍ ഗുഡ്ഗാവിലെ റീച്ച് കൊമേഴ്സിയ ബില്‍ഡിംഗില്‍ 18,430 ചതുരശ്ര അടി സ്ഥലം ആഗോള ബിസിനസ് പ്രോസസ് ആന്‍ഡ് ടെക്നോളജി മാനേജ്മെന്റ് കമ്പനിയായ മൈന്‍ഡ് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സിന് കോഹ്ലി പാട്ടത്തിന് നല്‍കി.
ഒരു പതിറ്റാണ്ട് മുമ്പ് കോഹ്ലി സമ്പാദിച്ച ഈ വസ്തുവിലൂടെ വര്‍ഷം കോടികളുടെ സമ്പാദ്യമാണ് പ്രതീക്ഷിക്കുന്നത്. കോഹ്ലിക്ക് ഈ സ്ഥലത്തിന് ഏകദേശം ഒരു കോടി രൂപ വാര്‍ഷിക വാടക ലഭിക്കും. റിയല്‍ എസ്റ്റേറ്റ് ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ സിആര്‍ഇ മാട്രിക്സിന്റെ രേഖകള്‍ പ്രകാരം വാടക കരാറില്‍ ഒരു ചതുരശ്ര അടിക്ക് 48 രൂപയാണ് പ്രതിമാസ വാടക നിരക്ക്. മാസം 8.85 ലക്ഷം രൂപയ്ക്ക് ഒമ്പത് വര്‍ഷത്തേക്കാണ് വാടകയ്ക്ക് നല്‍കുക.
ഗുഡ്ഗാവ് ആസ്ഥാനമായുള്ള റിയാലിറ്റി കമ്പനിയായ റീച്ച് ഗ്രൂപ്പ് ഡവലപ്പ് ചെയ്ത ഈ പ്രോപ്പര്‍ട്ടി, ഒന്നിലധികം നിക്ഷേപകര്‍ ഓഫീസ് ആവശ്യത്തിനായി കരാറിലെത്തി. കോഹ്ലിയുടെ വൈവിധ്യമാര്‍ന്ന റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണിത്. ഇത് കൂടാതെ ഗുഡ്ഗാവിലെ ഒരു ബംഗ്ലാവും മുംബൈയിലെയും അലിബാഗിലെയും പ്രോപ്പര്‍ട്ടികള്‍ ഉള്‍പ്പെടുന്നു.
മുംബൈയിലെ വോര്‍ലിയിലുള്ള നാല് കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്മെന്റിലാണ് ക്രിക്കറ്റ് താരം താമസിക്കുന്നത്. 7,171 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ അപ്പാര്‍ട്ട്‌മെന്റ് 2016ല്‍ 34 കോടി രൂപയ്ക്കാണ് കോലി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. 2022-ല്‍, മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അലിബാഗിലെ സിറാദ് ഗ്രാമത്തില്‍ 3,350 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു ഭൂമി കോഹ്ലി വാങ്ങിയിരുന്നു.