എംഎസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച താരം, സച്ചിനേക്കാള്‍ കേമന്‍, ഫുട്‌ബോള്‍ ഗോള്‍കീപ്പറായി തുടങ്ങി ഇന്ത്യയെ ലോക രാജക്കന്മാരാക്കിയ ഇതിഹാസം
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ എംഎസ് ധോണി ഐപിഎല്ലിലും പാഡഴിച്ചിരിക്കുകയാണ്. സിഎസ്‌കെയ്ക്കുവേണ്ടി കളിച്ച് 5 കിരീടങ്ങള്‍ നേടിയാണ് ധോണി ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്.
ടെസ്റ്റിലും ഇന്ത്യയെ ലോക ഒന്നാം നമ്പറിലെത്തിച്ചു. അന്താരാഷ്ട്ര മത്സരങ്ങളില്‍ 332 മത്സരങ്ങള്‍ നയിച്ച് 178 വിജയങ്ങള്‍ നേടിയ റെക്കോര്‍ഡും ഏകദിനത്തില്‍ 200 മത്സരങ്ങള്‍ ക്യാപ്റ്റനായി നയിച്ച് 100-ത്തിലധികം വിജയങ്ങള്‍ നേടിയതും ശ്രദ്ധേയമാണ്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ എംഎസ് ധോണി ഐപിഎല്ലിലും പാഡഴിച്ചിരിക്കുകയാണ്. സിഎസ്‌കെയ്ക്കുവേണ്ടി കളിച്ച് 5 കിരീടങ്ങള്‍ നേടിയാണ് ധോണി ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്.
റാഞ്ചിയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന്, സ്‌കൂള്‍ ടീമിലെ ഫുട്‌ബോള്‍ ഗോള്‍കീപ്പറായി തുടങ്ങി, ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ച് ഇന്ത്യയെ മൂന്ന് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച താരമാണ് ധോണി. അദ്ദേഹം വെറും ഒരു ക്രിക്കറ്റ് താരമല്ല, ഒരു തലമുറയുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമായിരുന്നു.
ബംഗ്ലാദേശിനെതിരെ 2004-ല്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായാണ് അരങ്ങേറ്റം. തുടക്കത്തില്‍ മുന്‍നിര ബാറ്ററെന്ന നിലയില്‍ അസാധാരണ പ്രകടനം നടത്തി പിന്നീട് എക്കാലത്തേയും മികച്ച ഫിനിഷര്‍ എന്ന നിലയിലേക്ക് ധോണി വളര്‍ന്നു. ആക്രമണാത്മക ബാറ്റിങ് ശൈലി, അതിവേഗമുള്ള സ്‌കോറിങ്, എത്ര വലിയ സ്‌കോറും ചേസ് ചെയ്യാനുള്ള മനക്കരുത്ത്, സമ്മര്‍ദ്ദത്തിലും ശാന്തനായി തുടരുന്ന മനോഭാവം എല്ലാം ഇന്ത്യയ്ക്ക് പുതുമയുള്ളതായിരുന്നു.
2007-ല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ആ ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. യുവ ടീമിനെ നയിച്ച ധോണി പാകിസ്ഥാനെ ഫൈനലില്‍ തോല്‍പ്പിച്ച് ഇന്ത്യയെ ആദ്യ ടി20 ലോകചാമ്പ്യന്മാരാക്കി. അതോടെ ക്യാപ്റ്റന്‍സിയുടെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു.
ഐസിസിയുടെ മൂന്ന് വൈറ്റ്-ബോള്‍ ട്രോഫികളും നേടിയ ഏക ക്യാപ്റ്റനാണ് ധോണി. 2007 ടി20 ലോകകപ്പ്, 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി ഇവയില്ലെല്ലാം ധോണി ഇന്ത്യയെ ചാമ്പ്യന്മാരാക്കി. അസാധ്യമെന്ന് തോന്നിയിരുന്ന എത്രയോ പരമ്പരകളില്‍ ഇന്ത്യയെ മുന്നില്‍നിന്നും നയിക്കാന്‍ ധോണിക്ക് സാധിച്ചു.
ടെസ്റ്റിലും ഇന്ത്യയെ ലോക ഒന്നാം നമ്പറിലെത്തിച്ചു. അന്താരാഷ്ട്ര മത്സരങ്ങളില്‍ 332 മത്സരങ്ങള്‍ നയിച്ച് 178 വിജയങ്ങള്‍ നേടിയ റെക്കോര്‍ഡും ഏകദിനത്തില്‍ 200 മത്സരങ്ങള്‍ ക്യാപ്റ്റനായി നയിച്ച് 100-ത്തിലധികം വിജയങ്ങള്‍ നേടിയതും ശ്രദ്ധേയമാണ്.
ഇതിഹാസ താരങ്ങള്‍ ഇന്ത്യയ്ക്ക് ഒട്ടേറെയുണ്ടെങ്കിലും ധോണി അവരില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ് തുടങ്ങിയവര്‍ ഇന്ത്യക്കാരെ ക്രിക്കറ്റ് കളിക്കാന്‍ പഠിപ്പിച്ചെങ്കില്‍ മത്സരം ജയിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചത് ധോണിയാണ്. സമ്മര്‍ദ്ദത്തില്‍ അതിവേഗം തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്, യുവതാരങ്ങളിലെ വിശ്വാസം, ഫീല്‍ഡ് പ്ലേസ്മെന്റിലെ അസാധാരണ നീക്കം ഇവയെല്ലാം ധോണിക്കുമാത്രം അവകാശപ്പെട്ടതാണ്. ബാറ്റര്‍ എന്ന നിലയില്‍ സച്ചിന്‍ ധോണിയേക്കാള്‍ ഏറെ മുന്നിലാണെങ്കിലും മാച്ച് വിന്നറെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ധോണി യുവകളിക്കാര്‍ക്ക് മാതൃകയാണ്.
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുഖമായ ധോണി 2010, 2011, 2018, 2021, 2023 വര്‍ഷങ്ങളില്‍ ടീമിനെ ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ചു. ഐപിഎലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നയിച്ചതും (235) ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയതും (136) അദ്ദേഹമാണ്. ചാമ്പ്യന്‍സ് ലീഗ് ടി20-യിലും രണ്ട് കിരീടങ്ങള്‍ നേടി.
റാഞ്ചിയിലെ മെക്കോണ്‍ കോളനിയില്‍ വളര്‍ന്ന ധോണി ആദ്യം ഫുട്‌ബോള്‍ ഗോള്‍കീപ്പറായിരുന്നു. പിന്നീട് ക്രിക്കറ്റിലേക്ക് മാറി. ടെന്നീസ് ബോള്‍ മത്സരങ്ങളില്‍ കളിച്ച് തുടങ്ങിയ അദ്ദേഹം റെയില്‍വേ ജോലിയെടുത്ത് കളി തുടര്‍ന്നു. പ്രാദേശിക ക്രിക്കറ്റ് താരത്തില്‍ നിന്ന് തുടങ്ങിയാണ് ഇന്ത്യയെ മൂന്ന് ഐസിസി ട്രോഫികളിലേക്ക് ധോണി നയിച്ചത്.
ധോണിയുടെ കരിയര്‍ ഒരു പാഠപുസ്തകമാണ്. സമ്മര്‍ദ്ദഘട്ടങ്ങളിലും ശാന്തമായ ഇടപെടല്‍, വിജയത്തിലെ വിനയം, തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളല്‍ ഇവയെല്ലാം ആര്‍ക്കും മാതൃകയാക്കാവുന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ ഏറ്റവും വലിയ സംഭാവന ജയിക്കാം എന്ന ആത്മവിശ്വാസമാണ്. ട്രോഫികളും, ഹെലികോപ്റ്റര്‍ ഷോട്ടും, ശാന്തമായ പുഞ്ചിരിയുമായി ക്യാപ്റ്റന്‍ കൂള്‍ തലമുറകളുടെ പ്രചോദനമാണ്.