കണ്ണൂർ ജില്ലയിൽ സ്‌കൂളുകളിൽ വൻ ക്രമക്കേട് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി:
വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്  അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ കണ്ണൂർ വിജിലൻസ്

വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും ഭാരതീയ ന്യായസംഹിത പ്രകാരവും വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യാനുള്ള അനുമതിക്കായി കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്

 

യഥാർത്ഥത്തിൽ മറ്റ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഈ സ്കൂളുകളിൽ പഠിക്കുന്നതായി കാണിച്ചാണ് പ്രധാനമായും വ്യാജ രേഖകൾ ചമച്ചിട്ടുള്ളത്.

കണ്ണൂർ: വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും ഭാരതീയ ന്യായസംഹിത പ്രകാരവും വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യാനുള്ള അനുമതിക്കായി കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചു. എട്ട് മാസത്തോളം നേരിട്ടും അല്ലാതെയും നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്.

മിക്ക സ്കൂളുകളിലും തസ്തിക നില നിർത്താൻ വേണ്ടിയാണ് കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചത്. ഹാജർപ്പട്ടിക , അഡ്മിഷൻ രജിസ്റ്റർ ഉച്ചഭക്ഷണ രജിസ്റ്റർ അടക്കമുള്ള നിരവധി രേഖകളിൽ വ്യാജ രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട് എന്നതിന് പുറമേ യൂണിഫോം, പാഠപുസ്തകങ്ങൾ , ഉച്ചഭക്ഷണം എന്നിങ്ങനെ സർക്കാരിന് സാമ്പത്തിക നഷ്ടവുമുണ്ടാക്കിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പയ്യന്നൂർ , മാടായി, തളിപ്പറമ്പ നോർത്ത് , സൗത്ത്, ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകൾക്ക്  കീഴിൽ മാത്രം 11 സ്കൂളുകളിൽ  വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയിട്ടുണ്ട് ഇതിന് പുറമേ കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലെ ചില സ്കൂളുകളിലും കൃത്രിമം നടന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

യഥാർത്ഥത്തിൽ മറ്റ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഈ സ്കൂളുകളിൽ പഠിക്കുന്നതായി കാണിച്ചാണ് പ്രധാനമായും വ്യാജ രേഖകൾ ചമച്ചിട്ടുള്ളത്. ചില കുട്ടികളുടെ വിലാസത്തിൽ വിജിലൻസ് അന്വേഷണം നടത്തിയതിൽ അത്തരവിലാസം കണ്ടുപിടിക്കാനായിട്ടില്ല. ഇവരെല്ലാം ഈ സ്കൂളുകളിൽ ഹാജരായിട്ടുള്ളതായിക്കാണിച്ചാണ് ഹാജർ പട്ടികയിൽ രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുള്ളത്. നിലവിൽ കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടിയെപ്പോലും ഇപ്രകാരം തങ്ങളുടെ വിദ്യാലയത്തിലാണ് പഠിക്കുന്നതെന്ന വ്യാജ രേഖയുണ്ടാക്കിയ സ്കൂളുമുണ്ട്.

കാസറഗോഡ് ജില്ലയിൽ പഠിക്കുന്ന കുട്ടിയെപ്പോലും ഇവിടെ പഠിക്കുന്നതായി കാണിച്ചിട്ടുണ്ട്. തലശ്ശേരി ഭാഗത്തെ ഒരു സ്കൂളിലെ ഒരു ക്ലാസ്സിൽ മാത്രം 19 കുട്ടികളെ അധികമായിക്കാണിച്ച് ഹാജർ വെക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അഞ്ചരക്കണ്ടി ഭാഗത്തെ ഒരു സ്കൂളിൽ തൊട്ടടുത്ത മറ്റൊരു സ്കൂളിലെ കുട്ടികളെ വ്യാജമായി ചേർത്തിട്ടുണ്ട്. ആദ്യഘട്ടത്തിൻ പ്രധാനാധ്യാപകരും ക്ലാസ്സ് ടീച്ചർമാരും പ്രതികളാവും. ക്രമക്കേടുകൾ പരിശോധിക്കാൻ ബാധ്യസ്ഥമായ ഉയർന്ന ഓഫിസർമാർക്ക് ഇതിൽ പങ്കുണ്ടോ എന്ന് കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പരിശോധിക്കും.

കണ്ണൂർ നഗരത്തിനടുത്തുള്ള സ്കൂൾ അടക്കം ജില്ലയിലെ വിവിധ സ്കൂളുകൾ വിജിലൻസ് നിരീക്ഷണത്തിലാണ്. സമ്മർദ്ദം കൊണ്ടാണ് ഇപ്രകാരം വ്യാജ അഡ്മിഷൻ കാണിക്കുന്നത് എന്ന് പല അധ്യാപകരും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്രിമിനൽ നടപടികളിൽ നിന്നും ആർക്കും ഒഴിവാകാനാവില്ല. ഡിവൈഎസ്പിക്ക് പുറമേ ഇൻസ്പെക്റ്റർമാരായ സുനിൽകുമാർ , ബിനുമോഹൻ എസ് ഐ മാരായ നിജേഷ് , രാധാകൃഷ്ണൻ, പ്രവീൺ, രാജേഷ് എ എസ് ഐ മാരായ ജയശ്രീ, രാജേഷ്, സജിത്ത്, രാജേഷ് എഴോം എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. സർക്കാർ അനുമതി ലഭിച്ചാൽ വിജിലൻസ് കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്നാണ് വിവരം.