മുഖ്യമന്ത്രിയും മന്ത്രിമാരും സൗജന്യം സ്വീകരിക്കുന്നത് പെരുമാറ്റചട്ടലംഘനം, അഴിമതിക്ക് തുല്യം, സ്‌പോണ്‍സറുടെ താത്പര്യമെന്ത്? ഖജനാവിന്റെ നഷ്ടം മാത്രമല്ല ഓഡിറ്റ് ചെയ്യപ്പെടുക

മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ പോയതുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നു.

 

ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ച വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയതാണ്, ഒരു രൂപ പോലും ഖജനാവില്‍ നിന്ന് ചെലവായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം.

തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ പോയതുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നു. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ച വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയതാണ്, ഒരു രൂപ പോലും ഖജനാവില്‍ നിന്ന് ചെലവായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം.

മന്ത്രിമാര്‍ക്ക് വ്യക്തമായ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. അടുത്ത ബന്ധുക്കളല്ലാത്തവരില്‍ നിന്നോ, ഔദ്യോഗിക ഇടപാടുള്ളവരില്‍ നിന്നോ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സ്വീകരിക്കരുതെന്ന് അത് വ്യക്തമാക്കുന്നു. ചാര്‍ട്ടേഡ് വിമാന യാത്ര ഒരു ചെറിയ സമ്മാനമല്ല. അതിന്റെ മൂല്യം ലക്ഷങ്ങളാണ്. ആരാണ് ഈ സ്വകാര്യ വ്യക്തി? എന്തിന് സൗജന്യമായി നല്‍കി? ഭാവിയില്‍ എന്ത് പ്രതീക്ഷയോടെയാണ് നല്‍കിയിരിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.

ഖജനാവിന് നഷ്ടമില്ല എന്നത് സാങ്കേതികമായി ശരിയായിരിക്കാം. പക്ഷേ ധാര്‍മികമായും രാഷ്ട്രീയമായും അത് ദുര്‍ബലമാണ്. സര്‍ക്കാര്‍ യാത്രയ്ക്ക് സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത് സുതാര്യത ഇല്ലാതാക്കുന്നതാണ്.

മുന്‍പ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ സതീശന്‍ തന്നെ പിണറായി സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ ചെലവിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ സ്ഥാനം മാറിയതോടെ യുക്തിയും മാറി.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ മംഗലാപുരത്തേക്ക് യാത്ര ചെയ്ത വ്യക്തിയാണ് വിഡി സതീശന്‍. ഈ യാത്രയുടെ സ്‌പോണ്‍സറെ കുറിച്ച് ഇന്നും വെളിപ്പെടുത്തിയിട്ടില്ല. ആരാണ് ചെലവ് വഹിച്ചത് എന്ന ചോദ്യം ഇപ്പോഴും മുഴങ്ങുന്നു.

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോയതും വിവാദമായി. നിക്ഷേപകരെ കാണാന്‍ എന്ന് പറഞ്ഞു. എന്നാല്‍, ആരാണ് നിക്ഷേപകരെന്ന് വെളിപ്പെടുത്തിയില്ല.

മന്ത്രിമാരുടെ വിദേശയാത്രകളും സര്‍ക്കാര്‍ പണമല്ല എന്ന വാദത്തോടെയാണ് ഇപ്പോള്‍ ന്യായീകരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഒജെ ജനീഷ്, കെഎം ഷാജി തുടങ്ങിയവരെല്ലാം സ്വകാര്യ സ്‌പോണ്‍സറിലൂടെ കറങ്ങി.

പൊതുപ്രവര്‍ത്തകന്റെ യാത്രയ്ക്ക് സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത് സ്വാധീനത്തിന് വഴിയൊരുക്കുന്നുവെന്ന് കോടതികള്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അധികാരത്തിലിരിക്കുമ്പോള്‍ ഖജനാവിന് നഷ്ടമില്ല എന്ന വാക്കുകള്‍ കൊണ്ട് എല്ലാം ന്യായീകരിക്കാമെന്ന് തോന്നുന്ന മനോഭാവം ശരിയല്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അതേ കാര്യങ്ങള്‍ക്കെതിരെ ആക്രമിച്ചവര്‍ ഇന്ന് അതേ ആയുധം തന്നെ ഉപയോഗിക്കുന്നു.

സര്‍ക്കാര്‍ യാത്രയ്ക്ക് സ്വകാര്യ വ്യക്തിയുടെ സൗജന്യ സഹായം സ്വീകരിക്കുന്നത് സുതാര്യതയുടെ തകര്‍ച്ചയാണ്. ആരാണ് ഈ സ്‌പോണ്‍സര്‍? അവരുടെ താല്‍പര്യം എന്ത്? ഭാവിയില്‍ ലൈസന്‍സ്, കരാര്‍, നയം എന്നിവയില്‍ സ്വാധീനം ചെലുത്താനുള്ള വഴിയാണിതെന്ന് ജനങ്ങള്‍ വിശ്വസിക്കുക സ്വാഭാവികം.

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അധികാരത്തിലിരുന്നുകൊണ്ട് വമ്പന്‍ വ്യവസായിമാരുടെ സൗജന്യം പറ്റുമ്പോള്‍ ചോദ്യങ്ങള്‍ ഉയരും. ആരാണ് പണം ചെലവഴിക്കുന്നത്, എന്താണ് അവരുടെ താത്പര്യം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ സൗജന്യം എന്ന് പറഞ്ഞ് കടന്നുപോകാന്‍ ശ്രമിക്കുന്നത്, രാഷ്ട്രീയ ദുഷ്പ്രവണതയാണ്.