ചിലവ് ചുരുക്കുമെന്ന വാഗ്ദാനവുമായെത്തിയ സതീശന്‍ മന്ത്രി സഭയില്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ ആറാട്ട്, ഖദറുടുത്തവരെല്ലാം മന്ത്രിമാരുടെ ഓഫീസില്‍, വമ്പന്‍ ശമ്പളവും പെന്‍ഷനും, എല്ലാം സാധാരണക്കാരുടെ നികുതി പണം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ പ്രതിഷേധിച്ച് മുഖ്യമന്ത്രിയായപ്പോള്‍ അതിനേക്കാള്‍ ധൂര്‍ത്തുമായി വിഡി സതീശന്‍.

 

സതീശന്റെ മന്ത്രി സഭയില്‍ 489 പേഴ്സണല്‍ സ്റ്റാഫുകളെ നിയമിച്ചു. നിയമനം പൂര്‍ത്തിയാകുമ്പോഴേക്കും ഏതാണ്ട് 600-നടുത്ത് പേഴ്‌സണല്‍ സ്റ്റാഫ് ഉണ്ടായേക്കും.

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ പ്രതിഷേധിച്ച് മുഖ്യമന്ത്രിയായപ്പോള്‍ അതിനേക്കാള്‍ ധൂര്‍ത്തുമായി വിഡി സതീശന്‍. പിണറായി സര്‍ക്കാരിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങളെ രൂക്ഷമായി സതീശന്റെ മന്ത്രി സഭയില്‍ 489 പേഴ്സണല്‍ സ്റ്റാഫുകളെ നിയമിച്ചു. നിയമനം പൂര്‍ത്തിയാകുമ്പോഴേക്കും ഏതാണ്ട് 600-നടുത്ത് പേഴ്‌സണല്‍ സ്റ്റാഫ് ഉണ്ടായേക്കും.

മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍, 31 പേര്‍. ഭരണ ചുമതലയൊന്നുമില്ലാത്ത, വെറും രാഷ്ട്രീയ അധികാരമുള്ള ചീഫ് വിപ് അപു ജോണിന് മാത്രം 16 പേര്‍. കെ. മുരളീധരനും എന്‍. ഷംസുദ്ദീനും 27 വീതം. ഖദറുടുത്ത് സേവനം ചെയ്യാന്‍ വരുന്നവര്‍ മന്ത്രിമാരുടെ ഓഫീസുകളില്‍ നിറഞ്ഞിരിക്കുന്നു. ഇവരുടെ ശമ്പളം, ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ എല്ലാം സാധാരണക്കാരന്റെ നികുതിപ്പണമാണ്.

പെന്‍ഷന്‍ കാലാവധി നാല് വര്‍ഷമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇപ്പോഴും 2021-ലെ ഉത്തരവ് പ്രകാരം രണ്ട് വര്‍ഷവും ഒരു മാസവും സേവനം ചെയ്താല്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന രീതി തന്നെ തുടരുന്നു. അതായത്, ചിലര്‍ക്ക് ഹ്രസ്വകാല സേവനം കൊണ്ട് തന്നെ ആജീവനാന്ത പെന്‍ഷന്‍ ഉറപ്പാക്കാം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്റ്റാഫുകള്‍ക്കായി മാസം 4.62 കോടി രൂപ ചെലവാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴത്തെ സംഖ്യ അതിലും കൂടുതലായേക്കും.

പ്രതിപക്ഷത്തിരുന്നപ്പോള്‍ ''ഇത് ഖജനാവ് കൊള്ളയടിക്കലാണ്'' എന്ന് ആക്രോശിച്ചവര്‍ തന്നെ ഇന്ന് അതേ സംവിധാനം കൂടുതല്‍ വലുതാക്കി നടത്തുകയാണ്. യോഗ്യതയില്ലാത്തവര്‍ക്ക് പോലും ഉയര്‍ന്ന ശമ്പള സ്‌കെയില്‍ നല്‍കി, പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ പദവികള്‍ നല്‍കുന്ന പഴയ രീതി തുടരുന്നു.

ഇത് പുതിയ കേരളം അല്ല. ഇത് പഴയ രാഷ്ട്രീയ സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ്  വാഗ്ദാനം ഒന്ന്, പ്രവൃത്തി മറ്റൊന്ന്. ചിലവ് ചുരുക്കുമെന്ന് പറഞ്ഞ് വോട്ട് ചോദിച്ചവര്‍ ഇപ്പോള്‍ ടാക്‌സ് പണം കൊണ്ട് സ്വന്തം ആളുകളെ പരിപാലിക്കുകയാണ്. സാധാരണക്കാരന്റെ പണം കൊണ്ട് ഈ ആറാട്ട് നടത്തുന്നവരോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത് നിങ്ങളുടെ ''സാമ്പത്തിക അച്ചടക്കം'' എവിടെ പോയെന്നാണ്.

ജനങ്ങള്‍ കാണുന്നത് വാഗ്ദാനങ്ങളുടെ പൊള്ളത്തരമാണ്. മുദ്രാവാക്യങ്ങള്‍ മാത്രം മതിയാകില്ല. നികുതിപ്പണം കൊണ്ട് പേഴ്സണല്‍ സൈന്യത്തെ നിലനിര്‍ത്തുന്നത് ധാര്‍മ്മികതയുടെ പരമാവധി തകര്‍ച്ചയാണ് കാണിക്കുന്നത്.