അതിതീവ്ര മഴയില്‍ ഉരുള്‍പൊട്ടലും പ്രളയവും, ജനം ദുരിതക്കയത്തില്‍ നെട്ടോട്ടമോടുമ്പോള്‍ ലീഗ് നേതാവിന്റെ വീട്ടില്‍ വിരുന്നുസല്‍ക്കാരവുമായി മുഖ്യമന്ത്രി വിഡി സതീശന്‍

സംസ്ഥാനമെങ്ങും അതിതീവ്ര മഴയുടെ ദുരിതക്കയത്തില്‍ അമരുമ്പോള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയില്‍ മുസ്ലീം ലീഗ് നേതാവിന്റെ വിരുന്നില്‍ പങ്കെടുത്തതില്‍ രൂക്ഷ വിമര്‍ശനം.

 

ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. വീഡിയോക്ക് താഴെ ഒട്ടേറെപേര്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി.

മലപ്പുറം: സംസ്ഥാനമെങ്ങും അതിതീവ്ര മഴയുടെ ദുരിതക്കയത്തില്‍ അമരുമ്പോള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയില്‍ മുസ്ലീം ലീഗ് നേതാവിന്റെ വിരുന്നില്‍ പങ്കെടുത്തതില്‍ രൂക്ഷ വിമര്‍ശനം.

മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലാണ് വിഡി സതീശന്‍ ഉച്ചഭക്ഷണത്തിനെത്തിയത്. മേശമേല്‍ നിരത്തിയ വിഭവങ്ങളും മുഖ്യമന്ത്രിക്ക് ചുറ്റുമിരിക്കുന്ന നേതാക്കളുടേയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. വീഡിയോക്ക് താഴെ ഒട്ടേറെപേര്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ പരിപാടികളും റദ്ദാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. എന്നാല്‍, മന്ത്രിമാരോട് ഏകോപനത്തിന് നിര്‍ദ്ദേശിച്ചശേഷം നാടെങ്ങും വിരുന്നും ആഘോഷവുമായി നടക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു.

എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റുമായ എഎ റഹിം വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വീഡിയോ ആദ്യം വിശ്വസിക്കാനായില്ലെന്നാണ് റഹീമിന്റെ പ്രതികരണം. വിവിധ ജില്ലകള്‍ വെള്ളത്തിലായി മനുഷ്യര്‍ ആശങ്കയിലായിരിക്കുമ്പോള്‍ മുഖ്യമന്ത്രി ഈ ഔചിത്യമില്ലായ്മ കാണിക്കുമെന്ന് കരുതിയില്ല, ഇങ്ങനെ സ്വകാര്യ വിരുന്നുണ്ണാന്‍ പോകുമെന്ന് വിചാരിച്ചില്ലെന്നും എഎ റഹീം പറഞ്ഞു.

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പി സരിനും രംഗത്തെത്തി. കനത്ത കാലവര്‍ഷക്കെടുതികള്‍ക്കിടയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ന് പൊന്നാനി എംഎല്‍എയോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ അപൂര്‍വ്വ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് സരിന്‍ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയും വിവാദമായിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിയുടെ പൊന്നാനി വിരുന്നും വിവാദമായിരിക്കുന്നത്.