നവ്യാ നായർ പ്രതിഫലം ചോദിക്കുന്നത് എങ്ങനെ തെറ്റാവും; സോഷ്യൽ മീഡിയ പഞ്ഞിക്കിട്ടപ്പോൾ വിവാദങ്ങളിൽ നിന്നും തലയൂരി മന്ത്രി വി.ശിവൻകുട്ടി
മലയാള ചലച്ചിത്രനടി നവ്യാ നായർ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനം തയ്യാറാക്കുന്നതിനായി അഞ്ചു ലക്ഷം രൂപ പ്രതിഫലം ചോദിച്ചുവെന്ന വിമർശനവുമായി രംഗത്തുവന്ന മന്ത്രി വി.ശിവൻകുട്ടി വിവാദമായപ്പോൾ തടിയൂരി.
കഴിഞ്ഞ കുറെ കാലമായി സി.പി.എം സഹയാത്രികയാണ് നവ്യ നായർ. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻ്റെ കുടുംബവുമായി അടുത്ത ബന്ധം ഇവർക്കുണ്ട്.
കണ്ണൂർ: മലയാള ചലച്ചിത്രനടി നവ്യാ നായർ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനം തയ്യാറാക്കുന്നതിനായി അഞ്ചു ലക്ഷം രൂപ പ്രതിഫലം ചോദിച്ചുവെന്ന വിമർശനവുമായി രംഗത്തുവന്ന മന്ത്രി വി.ശിവൻകുട്ടി വിവാദമായപ്പോൾ തടിയൂരി. നടിക്കെതിരെയുള്ള തൻ്റെ പ്രസ്താവന വിവാദമായപ്പോഴാണ് മന്ത്രി തൻ്റെ പരാമർശം പിൻവലിച്ച് പത്തി മടക്കിയത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മന്ത്രിയോട് അതൃപ്തി അറിയിച്ചുവെന്നാണ് വിവരം.
കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങൾ വേണ്ടെന്നും ന്യത്താവിഷ്ക്കാരം ആരെയും ഏൽപ്പിച്ചിട്ടില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ നവ്യാ നായരുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും മന്ത്രിയുടെ വിമർശനം അനുചിതമാണെന്ന വികാരം സി.പി.എമ്മിനുള്ളിലും മറ്റു മന്ത്രിമാർക്കുമുണ്ട്.
കഴിഞ്ഞ കുറെ കാലമായി സി.പി.എം സഹയാത്രികയാണ് നവ്യ നായർ. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻ്റെ കുടുംബവുമായി അടുത്ത ബന്ധം ഇവർക്കുണ്ട്. പുറമേക്ക് പരുക്കനായി പെരുമാറുന്ന പിണറായിയെ അങ്കിൾ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യവും അടുപ്പവും നവ്യാ നായർ പുലർത്തുന്നുണ്ട്. ഒരു ഓണക്കാലത്ത് പാർട്ടി ചാനലിനായി മുഖ്യമന്ത്രിയുടെയും ഭാര്യ കമലയുടെയും സുദീർഘമായ അഭിമുഖം നവ്യാ നായർ നടത്തിയിരുന്നു.
ഈയൊരു അടുപ്പമാണ് നവ്യയെ മുഖ്യമന്ത്രിയുടെ നാട്ടിൽ വർഷം തോറും നടത്താറുള്ള പിണറായി ഫെസ്റ്റിലെത്തിച്ചത്. വളരെ ചുരുക്കം റേറ്റിലാണ് ഇവർ പരിപാടി അവതരിപ്പിച്ചിരുന്നത്. അന്നൊന്നും യാതൊരു പരാതികളുമില്ലാതെയാണ് ഇവർ മടങ്ങിയിരുന്നത്. നവ്യ മാത്രമല്ല ചലച്ചിത്രനടിമാരായ ശോഭന, പത്മപ്രിയ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും പിണറായി പെരുമവേദിയിൽ എത്തിയിട്ടുണ്ട്.
മുംബൈയിൽ കഴിയുന്ന നവ്യാ നായർക്ക് വിവാഹത്തിന് ശേഷം സിനിമയിൽ അവസരങ്ങൾ കുറവാണ് അതുകൊണ്ടാണ് അവർ നൃത്തത്തിലേക്ക് തിരിഞ്ഞത്. ഇപ്പോൾ ഒരു പ്രൊഫഷനൽ ട്രുപ്പുണ്ടാക്കി കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും അവർ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ട്രൂപ്പിന് ഉൾപ്പെടെയുള്ള പ്രതിഫലമായാണ് അവർ അഞ്ചു ലക്ഷം ആവശ്യപ്പെട്ടത്.
ഒരാഴ്ച്ചയോളം അവതരണഗാനത്തിനായി കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ താമസിക്കാൻ ആഡംബര ഹോട്ടൽ സൗകര്യവും ചോദിച്ചു. പത്തുമിനുട്ട് നീളുന്ന അവതരണഗാനത്തിന് ദൃശ്വാവിഷ്ക്കാരം ഒരുക്കുന്നത് നിസാര കാര്യമല്ലെന്നാണ് നവ്യയുടെ പക്ഷം. എന്നാൽ ഇതൊന്നും മനസിലാക്കാതെയാണ് കലോത്സവ വേദിയിൽ നിന്നും വളർന്നുവന്ന നടി അഞ്ച് ലക്ഷം രൂപയും ആഡംബര ഹോട്ടലിൽ താമസ സൗകര്യവും ചോദിച്ചുവെന്ന ആരോപണവുമായി മന്ത്രി ശിവൻകുട്ടി പരസ്യ വിമർശനം വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്.
നവ്യ ഏതെങ്കിലും സ്കൂളിൽ താമസിച്ച് സൗജന്യമായി കുട്ടികളെ അവതരണഗാനം പഠിപ്പിക്കാൻ ഒരാഴ്ച്ചയോളം സ്വന്തം ചെലവിൽ മെനക്കെടണമെന്നായിരുന്നു മന്ത്രിയുടെ ഉള്ളിലിരുപ്പ്. സ്വന്തം ട്രൂപ്പിനായുള്ള ഭക്ഷണവും മറ്റു ചെലവുകളും പണ്ട് കലോത്സവത്തിൽ പങ്കെടുത്ത് കലാപ്രതിഭയായതിൻ്റെ പേരിൽ വഹിക്കണമെന്ന് പരോക്ഷമായി ആവശ്യപ്പെടുകയായിരുന്നു ശിവൻകുട്ടി. വന്ന വഴി മറക്കരുതെന്ന ഗുണപാഠവും ഇതിനായി കൂട്ടുപിടിച്ചു.
എല്ലാത്തരം ആഡംബരങ്ങൾക്കും പണം വാരിക്കോരി പണം ചെലവാക്കുന്ന ധൂർത്താണ് സർക്കാർ കാണിക്കുന്നത്. കേരളീയം, ലോക കേരളസഭ, നവകേരളയാത്ര എന്നിവയ്ക്ക് കോടികളാണ് പൊടിച്ചു കളഞ്ഞത്. ലക്ഷങ്ങൾ പൊതുഖജനാവിൽ നിന്നും ശമ്പളം വാങ്ങുകയും ആഡംബര കാറിൽ സഞ്ചരിക്കുകയും ചെയ്യുന്നവരാണ് ശിവൻകുട്ടി ഉൾപ്പെടെയുള്ള മന്ത്രിമാർ. ഓരോ മന്ത്രിക്കും 25 പേരെങ്കിലും പേഴ്സനൽ സ്റ്റാഫിലുണ്ട്. ഇവർ നടത്തുന്ന ധുർത്ത് വേറെയും. ഈ സാഹചര്യത്തിൽ നവ്യാ നായർ പ്രതിഫലം ചോദിച്ചത് കുറ്റമാണോയെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
നവ്യാ നായരെ കൊണ്ടു സൗജന്യമായി നൃത്താവിഷ്ക്കാരം ഒരുക്കി പ്രതിഫലം അടിച്ചെടുക്കാനുള്ള തന്ത്രമാണ് മന്ത്രിയുടെ വിമർശനത്തിന് പിന്നിലെന്ന ഗുരുതരമായ ആരോപണവും സോഷ്യൽ മീഡിയയിൽ ചിലർ ഉയർത്തുന്നുണ്ട്. ഇതോടെയാണ് നിയമസഭയിൽ ബാർ കോഴ ആരോപണത്തിൻ്റെ പേരിൽ മുണ്ടുമടക്കികുത്തി ഡയസിൻ്റെ മുകളിൽ കയറി ആനന്ദനൃത്തമാടിയ ശിവൻകുട്ടി പതുക്കെ വിവാദങ്ങളിൽ നിന്നും തലയൂരിയത്.