2017 വരെ മലയാള സിനിമയെ നിയന്ത്രിച്ചത് ദിലീപ് അടങ്ങിയ പവർ ഗ്രൂപ്പ്; ഇവരുടെ ഇടപെടലിൽ നിരവധി താരങ്ങള്‍ക്ക് അവസരം നഷ്ടമായി; നടി ആക്രമിക്കപ്പെട്ട ശേഷവും ഇടപെടലുണ്ടായി.. 

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. മലയാള സിനിമയിലെ താരങ്ങളുടെ മുഖംമൂടി പൊതുജനങ്ങൾക്ക് മുന്നിൽ വലിച്ചു കീറുന്നതായിരുന്നു റിപ്പോർട്ടിലെ ഓരോ വാചകങ്ങളും. സിനിമ സംഘടനകളെ ഭരിച്ചിരുന്നത് പവർ ഗ്രൂപ്പ് ആണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ടായിരുന്നു.
 

കൊച്ചി: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. മലയാള സിനിമയിലെ താരങ്ങളുടെ മുഖംമൂടി പൊതുജനങ്ങൾക്ക് മുന്നിൽ വലിച്ചു കീറുന്നതായിരുന്നു റിപ്പോർട്ടിലെ ഓരോ വാചകങ്ങളും. സിനിമ സംഘടനകളെ ഭരിച്ചിരുന്നത് പവർ ഗ്രൂപ്പ് ആണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ടായിരുന്നു. ഇപ്പോഴിതാ മലയാള സിനിമാ രംഗത്തെ മുഴുവൻ കൈപ്പിടിയിലൊതുക്കിയിരുന്ന പവർ ഗ്രൂപിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ ജനപ്രീയ നായകനെന്ന വിശേഷണത്തിനുടമയായ നടന്‍ ദിലീപ് ആണ് പവര്‍ ഗ്രൂപ്പിലെ മുഖ്യന്‍ എന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . 

ദിലീപ് ഉള്‍പ്പെടുന്ന പവര്‍ ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത്. എഎംഎംഎ ഉല്‍പ്പെടെ തിയേറ്റര്‍ സംഘടനകള്‍ അടക്കം മലയാള സിനിമയിലെ പല സംഘടനകളും ദിലീപിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഒരു സിനിമയിലെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചിരുന്നതും ദിലീപായിരുന്നു. 

ദിലീപിന്റെ ഇടപെടലില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് അവസരം നഷ്ടമായി. വിനയന്റെ പൃഥ്വിരാജ് നായകനായ സത്യം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മുതലാണ് ദിലീപിന്റെ പവർ ഗ്രൂപ്പ് പൃഥ്വിരാജിനെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. 

ദിലീപ് തന്നെ സിനിമയിൽ നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് എഎംഎംഎ ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന് ഭാവന നേരിട്ട് പരാതി നല്‍കിയിരുന്നു. ഇത് ഇടവേള ബാബു പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമായി പറയുന്നുമുണ്ട്. എന്നാല്‍ പരാതികള്‍ ലഭിച്ചിട്ടും എഎംഎംഎ ദിലീപിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല എന്നതാണ് സത്യം. കുഞ്ചാക്കോ ബോബന്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരെയും പൂര്‍ണമായി മാറ്റിനിര്‍ത്തി. 

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ഈ സംഭവത്തിന് ശേഷവും സിനിമ മേഖലയിൽ പവര്‍ ഗ്രൂപ്പിന്റെ ഇടപെടലുണ്ടായി. തങ്ങൾക്കെതിരെ ശബ്‍ദം ഉയർത്തിയ ഡബ്ല്യുസിസി അംഗങ്ങളെയടക്കം സിനിമ മേഖലയിൽ നിന്നും മാറ്റി നിർത്തുന്നതാണ് പിന്നീട് കണ്ടത്. അപ്പോഴും ഇടവേള ബാബു, കെബി ഗണേഷ് കുമാര്‍, മുകേഷ്, സുരേഷ്, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ദിലീപിന്റെ കൂടെ ചേര്‍ന്ന് നിന്നു. സിനിമ ഏത് സമയത്ത് റിലീസ് ചെയ്യണം, നായകന്‍ ആരാകണം, നായിക ആരാകണമെന്നടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചതും ദിലീപായിരുന്നു.

നായകന്മാരായി അഭിനയിച്ചു കൊണ്ടിരുന്ന നടന്മാരെ മാറ്റിനിര്‍ത്താന്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും സമ്മര്‍ദം ചെലുത്തി. വിദേശത്ത് സിനിമ പുറത്തിറക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങള്‍ ദിലീപിന്റെ സമ്മര്‍ദത്തിലുണ്ടായിട്ടുണ്ട്. അതേസമയം ഒരു വ്യക്തിയെ മേഖലയില്‍ നിന്നും വിലക്കാന്‍ ഗുരുതരമായ കാരണങ്ങളൊന്നും ഇവർക്ക് ആവശ്യമില്ലായിരുന്നു. ചെറിയ കാര്യത്തിനാണെങ്കില്‍ പോലും പവര്‍ഗ്രൂപ്പിലെ ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ എതിര്‍ത്താല്‍ അവര്‍ വിലക്ക് നേരിടും. പവര്‍ഗ്രൂപ്പിലെ ആര്‍ക്കെങ്കിലും പ്രസ്തുത വ്യക്തിയോട് അപ്രിയം തോന്നിയാലും വിലക്ക് നേരിടേണ്ടിയിരുന്നു..

യഥാർത്ഥത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിലെ ശുദ്ധീകരണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഒരു വ്യക്തിയ്ക്ക് അത് സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ, അവർക്ക് യാതൊരു ഭയവും കൂടാതെ തങ്ങളുടെ ജോലികൾ ചെയ്യുന്നതിന് അവസരമൊരുക്കാൻ ഈ റിപ്പോർട്ട് കാരണമാകുമെന്ന് വിശ്വസിക്കാം.