റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ചയടക്കലില്‍ അരിശ് പൂണ്ട് ചമ്രവട്ടത്ത് യുഡിഎഫിന്റെ സമരാഭാസം, അഴിമതി തെളിയിക്കാന്‍ വെല്ലുവിളിച്ച് ജലീല്‍

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ചയടക്കലുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തുന്ന സമരത്തിനെതിരെ കെടി ജലീല്‍ എംഎല്‍എ.

 
റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ചയടക്കല്‍ പുരോഗമിക്കുമ്പോള്‍ അതില്‍ അരിശം പൂണ്ട് നടത്തുന്ന സമരാഭാസത്തിനാണ് യുഡിഎഫ് ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

കോഴിക്കോട്: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ചയടക്കലുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തുന്ന സമരത്തിനെതിരെ കെടി ജലീല്‍ എംഎല്‍എ. റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ചയടക്കല്‍ പുരോഗമിക്കുമ്പോള്‍ അതില്‍ അരിശം പൂണ്ട് നടത്തുന്ന സമരാഭാസത്തിനാണ് യുഡിഎഫ് ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. അഴിമതിയുണ്ടെന്ന് പറയുന്നവരെ അത് തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ചമ്രവട്ടം പദ്ധതി: ഏതന്വേഷണത്തിനും UDF-നെ വെല്ലുവിളിക്കുന്നു.

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ചയടക്കല്‍ പുരോഗമിക്കുമ്പോള്‍ അതില്‍ അരിശം പൂണ്ട് നടത്തുന്ന സമരാഭാസത്തിനാണ് UDF ഇറങ്ങിയിരിക്കുന്നത്. MLA എന്ന നിലയില്‍ ജനങ്ങള്‍ക്ക് കൊടുത്ത ഉറപ്പാണ് റഗുലേറ്ററിന്റെ ചോര്‍ച്ച അടച്ച് വെള്ളം കെട്ടി നിര്‍ത്തുമെന്ന്. അതിനുള്ള പണം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചു. ടെന്‍ഡര്‍ ചെയ്തു. ടെന്‍ഡര്‍ തുകയേക്കാള്‍ 25% ത്തില്‍ അധികം ക്വോട്ട് ചെയ്തതിനാല്‍ ടെന്‍ഡര്‍ അംഗീകരിക്കാത്ത സ്ഥിതി വന്നു. ഒരുപാട് പരിശ്രമങ്ങള്‍ക്കൊടുവില്‍ മൂന്ന് ടെന്‍ഡര്‍ കഴിഞ്ഞ് മന്ത്രിസഭ രണ്ടാമതൊരു കരാറുകാരന്‍ ഇല്ലാത്ത സാഹചര്യത്തില്‍ അധിക ടെന്‍ഡര്‍ തുക അംഗീകരിച്ചു. അങ്ങിനെയാണ് കഴിഞ്ഞ വര്‍ഷം ചോര്‍ച്ച നികത്തുന്ന പ്രവൃത്തികള്‍ ആരംഭിച്ചതും 50 ശതമാനത്തോളം പണി പൂര്‍ത്തിയായതും.

ചമ്രവട്ടം പദ്ധതിയുടെ  പൂര്‍ത്തീകരണം യാഥാര്‍ത്ഥ്യമാകുമെന്ന് വന്ന അന്ന് മുതല്‍ അത് അട്ടിമറിക്കാന്‍ ചിലര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഒരു പ്രമുഖ പത്രത്തിന്റെ തിരൂര്‍ ലേഖകനെയാണ് അതിനവര്‍ കൂട്ടുപിടിച്ചിരിക്കുന്നത്. വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള UDF- ന്റെ വിലകുറഞ്ഞ രാഷ്ട്രീയ പ്രേരിത സമരം.

കഴിഞ്ഞ നാല്‍പ്പത് കൊല്ലത്തെ എന്റെ ബാങ്ക് ഇടപാടുകളും സ്വത്തുക്കളും വീട്ടിലെ ഫര്‍ണിച്ചറുകളും സാധന സാമഗ്രികളും അടക്കം ED പരിശോധിച്ചിട്ട് ഒരു നയാപൈസയുടെ അവിഹിത സമ്പാദ്യം കണ്ടെത്താനാകാതെ ഇളിംഭ്യരായി മടങ്ങിയ കഥ UDF-കാര്‍ക്ക് അറിയാഞ്ഞിട്ടല്ല!

രാഷ്ട്രീയ സത്യസന്ധത ഉണ്ടെങ്കില്‍ ഞാന്‍ അഴിമതി നടത്തിയത് അന്വേഷിക്കണം എന്ന് പറഞ്ഞു നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍ എന്താണ് ആ അഴിമതിയെന്ന് കൂടി ജനങ്ങളോടു പറയണം.
UDF നേതാക്കള്‍ താമസിക്കുന്ന മണിമാളികകളും, സഞ്ചരിക്കുന്ന കാറുകളും ധരിക്കുന്ന ഷര്‍ട്ടിന്റെ വിലയും ഉടുത്ത തുണിയുടെ വിലയും കെട്ടിയ വാച്ചിന്റെ വിലയും പോക്കറ്റില്‍ കുത്തിയ പേനയുടെ വിലയും കാലിലിട്ട ചെരുപ്പിന്റെ വിലയും നിങ്ങളുടെ വരുമാനവുമായി ഒന്നു താരതമ്യം ചെയ്ത് നോക്കിയിട്ട് പോരെ സമരം ഉല്‍ഘാടനം ചെയ്യാന്‍ വരല്‍. തത്തുല്യമായ ഒരു സമീകരണം,13 വര്‍ഷം കോളേജ് അദ്ധ്യാപകനും 19 കൊല്ലം MLAയും അതില്‍ തന്നെ 5 കൊല്ലം മന്ത്രിയുമായ എന്റെ കാര്യത്തിലും നടത്തുക. അപ്പോഴറിയാം ആരാന്റെ ഊരമേല്‍ കൂരകെട്ടി താമസിക്കുന്നവരും കമ്മീഷന്‍ അടിച്ചെടുക്കുന്നവരും ആരാണെന്ന്?

രാഷ്ട്രീയമാകാം, സമരങ്ങളുമാകാം. സത്യത്തിന്റെ ഒരു അംശം പോലുമില്ലാത്ത അപവാദങ്ങള്‍ പ്രചരിപ്പിച്ച് നടത്തുന്ന ഇത്തരം സമരങ്ങളില്‍ 'ഖാളി' സ്ഥാനവും കൂടി അലങ്കരിക്കുന്ന ലീഗിന്റെ സമുന്നത നേതാക്കള്‍ പങ്കെടുക്കുന്നത് ശരിയാണോ എന്ന് അവര്‍ ആലോചിക്കണം. അന്തവും കുന്തവും ഇല്ലാത്ത കുട്ടിനേതാക്കള്‍ എന്തെങ്കിലും പറയുന്നത് കേട്ട് ചാടിയിറങ്ങേണ്ടവരാണോ 'ഖാളി' പദവിയില്‍ ഇരിക്കുന്നവര്‍? സത്യത്തിന് ഒരു വിലയും ലീഗ് നേതാക്കളായ ഖാളിമാര്‍ കല്‍പ്പിക്കുന്നില്ലെങ്കില്‍ അതേ സമീപനമേ തിരിച്ചും പ്രതീക്ഷിക്കാവൂ! അപ്പോള്‍ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല!

ഏത് അന്വേഷണ ഏജന്‍സിക്കും UDF നേതാക്കള്‍ക്ക് പരാതി നല്‍കാം. വേണമെങ്കില്‍ പ്രധാനമന്ത്രിക്കും കത്തെഴുതാം. റംസാന്‍ കിറ്റ് വിതരണം ചെയ്തതിന്റെ പേരില്‍ എനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ബെന്നിബഹനന്‍ എം.പി നരേന്ദ്രമോദിക്ക് കത്തെഴുതിയ പോലെ. എല്ലാ ഭാഗത്ത് നിന്നും അന്വേഷണം നടക്കട്ടെ. ഞാന്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെ.  എല്ലാതരത്തിലുള്ള അന്വേഷണങ്ങള്‍ക്കും സ്വാഗതം. സുസ്വാഗതം.