യുഡിഎഫ് ഭരണത്തില്‍ വീണ്ടും ബന്ധു നിയമന വിവാദം, ലക്ഷങ്ങള്‍ ശമ്പളമുള്ള സ്റ്റാന്‍ഡിങ് കൗണ്‍സിലിലേക്ക് ഹൈബി ഈഡന്റെ ഭാര്യയെ പരിഗണിക്കുന്നു
യുഡിഎഫ് ഭരണത്തില്‍ വീണ്ടും ബന്ധു നിയമനത്തിന് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകരെ ഒഴിവാക്കി തൃശൂര്‍ കോര്‍പ്പറേഷന്റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ പാനലിലേക്ക് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡന്റെ ഭാര്യ അഡ്വ. അന്ന ലിന്‍ഡ ഈഡനെയാണ് പരിഗണിക്കുന്നത്.
കൊച്ചി: യുഡിഎഫ് ഭരണത്തില്‍ വീണ്ടും ബന്ധു നിയമനത്തിന് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകരെ ഒഴിവാക്കി തൃശൂര്‍ കോര്‍പ്പറേഷന്റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ പാനലിലേക്ക് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡന്റെ ഭാര്യ അഡ്വ. അന്ന ലിന്‍ഡ ഈഡനെയാണ് പരിഗണിക്കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ജില്ലയിലെ അഭിഭാഷകരെയും തഴഞ്ഞാണ്, സ്വന്തം ബന്ധുക്കളെയും അടുത്ത വൃത്തത്തിലുള്ളവരെയും തലപ്പത്ത് എത്തിക്കുന്നതെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.
സ്റ്റാന്‍ഡിങ് കൗണ്‍സില്‍ പാനല്‍ 25 അംഗങ്ങളില്‍ നിന്ന് 29 ആയി വിപുലീകരിച്ചാണ് ഹൈബി ഈഡന്റെ ഭാര്യയെ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. മെയ് 26-ന് 25 പേരെ നിയമിച്ചതിന് ശേഷം, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാനല്‍ വീണ്ടും വിപുലീകരിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.
കോര്‍പ്പറേഷന്‍ ഭരണം ലഭിച്ചതിനു പിന്നാലെ നടക്കുന്ന നിയമനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒതുക്കി നേതാക്കളുടെ ഇഷ്ടക്കാരെയും ബന്ധുക്കളെയും മാത്രം പ്രതിഷ്ഠിക്കുകയാണ് എന്ന പരാതി ജില്ലയില്‍ ശക്തമായിരുന്നു. ഇപ്പോള്‍ ഹൈബി ഈഡന്റെ ഭാര്യയുടെ നിയമനം ആ പരാതികള്‍ക്ക് ശക്തമായ തെളിവായി മാറുകയാണ്. അന്ന ലിന്‍ഡ ഈഡനോടൊപ്പം മറ്റ് മൂന്ന് പേരെയും നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസിസി നേതാക്കള്‍ പണം വാങ്ങി കൗണ്‍സലമാരുടെ എണ്ണം വര്‍ധിപ്പിച്ചു എന്ന ആരോപണം കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ഉയരുന്നു.
ഇത് ആദ്യത്തെ വിവാദമല്ല. നേരത്തെ ബിജെപിക്കാരനെ പ്രധാന സ്റ്റാന്‍ഡിങ് കൗണ്‍സലാക്കി നിയമിച്ചത് വലിയ വിവാദമായിരുന്നു. ജില്ലയില്‍ ഒട്ടേറെ കോണ്‍ഗ്രസ് അഭിഭാഷകര്‍ ഉണ്ടായിട്ടും, ലോയേഴ്സ് കോണ്‍ഗ്രസ് അംഗങ്ങളെ പോലും തഴഞ്ഞ് ബിജെപി ബന്ധമുള്ളവരെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. തൃശൂരിലെ മുതിര്‍ന്ന നേതാവിന്റെ മരുമകനായ ബിജെപിക്കാരനെയും സ്റ്റാന്‍ഡിങ് കൗണ്‍സലാക്കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയാക്കി.
യുഡിഎഫ് സര്‍ക്കാര്‍ എന്ന നിലയില്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുമെന്ന് അവകാശപ്പെടുന്നവര്‍, ഭരണം ലഭിച്ചാല്‍ സ്വന്തം വീടിന്റെ കാര്യങ്ങള്‍ നോക്കുന്നതായി മാറുന്നത് ഖേദകരമാണ്. കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസുകള്‍ കൂടുന്നുണ്ടെന്നും, അതിനാല്‍ പാനല്‍ വിപുലീകരിക്കേണ്ടതുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, ഈ വിപുലീകരണത്തിന്റെ ഗുണഭോക്താക്കള്‍ എല്ലാം നേതാക്കളുടെ അടുത്ത ബന്ധുക്കളും ഇഷ്ടക്കാരുമാണെങ്കില്‍, അത് എത്രത്തോളം വിശ്വസനീയമാകും.
തൃശൂര്‍ കോണ്‍ഗ്രസില്‍ ഈ ബന്ധുനിയമനങ്ങളും പണം വാങ്ങിയുള്ള നിയമനങ്ങളും സൃഷ്ടിക്കുന്ന അസന്തുഷ്ടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തും. പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കാത്ത, സ്വന്തക്കാരെ മാത്രം പരിഗണിക്കുന്ന ഭരണം ജനവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്.