അടുപ്പിക്കില്ലെന്ന് പറഞ്ഞ അന്‍വറിനെ ചേര്‍ത്തുനിര്‍ത്തി കോണ്‍ഗ്രസും യുഡിഎഫും, നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയമോ, അടുത്തത് ശ്രേയാംസ് കുമാറിന്റെ പാര്‍ട്ടി?

മുന്‍ എല്‍ഡിഎഫ് എംഎല്‍എയും ഇപ്പോള്‍ അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) കേരള യൂണിറ്റ് നേതാവുമായ പി.വി. അന്‍വറിന്റെ പാര്‍ട്ടിയേയും സികെ ജാനുവിന്റെ പാര്‍ട്ടിയേയും യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കി.

 

മാസങ്ങള്‍ക്ക് മുന്‍പ് അന്‍വറിന്റെ വ്യവസ്ഥകള്‍ നിരസിച്ച യുഡിഎഫ് ഇപ്പോള്‍ അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തുന്നത് എന്തിനായിരിക്കുമെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. അടുത്തതായി എം.വി. ശ്രേയാംസ് കുമാറിന്റെ രാഷ്ട്രീയ ജനതാദള്‍ ആയിരിക്കും യുഡിഎഫിലേക്ക് എത്തുന്നത് എന്നാണ് സൂചന. 

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പുതിയ സഖ്യങ്ങള്‍ രൂപീകരിക്കുന്നതിന്റെ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മുന്‍ എല്‍ഡിഎഫ് എംഎല്‍എയും ഇപ്പോള്‍ അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) കേരള യൂണിറ്റ് നേതാവുമായ പി.വി. അന്‍വറിന്റെ പാര്‍ട്ടിയേയും സികെ ജാനുവിന്റെ പാര്‍ട്ടിയേയും യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കി.

മാസങ്ങള്‍ക്ക് മുന്‍പ് അന്‍വറിന്റെ വ്യവസ്ഥകള്‍ നിരസിച്ച യുഡിഎഫ് ഇപ്പോള്‍ അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തുന്നത് എന്തിനായിരിക്കുമെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. അടുത്തതായി എം.വി. ശ്രേയാംസ് കുമാറിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ആയിരിക്കും യുഡിഎഫിലേക്ക് എത്തുന്നത് എന്നാണ് സൂചന. 

കഴിഞ്ഞദിവം കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിന് ശേഷമാണ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പി.വി. അന്‍വറിന്റെ ടിഎംസി (കേരള യൂണിറ്റ്), സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) എന്നിവയെ അസോസിയേറ്റ് അംഗങ്ങളായി സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചത്. ഇത് യുഡിഎഫിന്റെ സീറ്റ് ഷെയറിങ് ചര്‍ച്ചകള്‍ക്ക് മുന്‍പായി നടന്ന നീക്കമാണ്, ജനുവരിയോടെ സീറ്റ് വിഭജനം അന്തിമമാക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

അന്‍വര്‍ 2024-ല്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിനോട് സഹകരണത്തിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍, യുഡിഎഫ് അവയെല്ലാം നിരസിച്ചു. 2025 മെയ് മാസത്തില്‍ അന്‍വര്‍ തന്നെ യുഡിഎഫില്‍ ചേരാന്‍ താല്‍പര്യമില്ലെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചു. എന്നാല്‍, യുഡിഎഫിനെ വെല്ലുവിളിച്ച് അന്‍വര്‍ മത്സരരംഗത്ത് ഇറങ്ങിയത് ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും കാരണമായി.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് സഖ്യം വിപുലീകരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തോല്‍വി ഭയത്തിന്റെ സൂചനയായി ചിലര്‍ വ്യാഖ്യാനിക്കുന്നു. പ്രാദേശിക പാര്‍ട്ടികളെയെല്ലാം ഒപ്പംകൂട്ടി സര്‍ക്കാര്‍വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അന്‍വറിന്റെ ടിഎംസി കേരളത്തില്‍ ചെറുതാണെങ്കിലും, അദ്ദേഹത്തിന്റെ പ്രാദേശിക സ്വാധീനം യുഡിഎഫിന് ഗുണകരമാകാം.

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തന്ത്രപരമായ നീക്കമാണ്. അതോടൊപ്പം, എല്‍ഡിഎഫിലെ അസ്വസ്ഥതകള്‍ ഉപയോഗപ്പെടുത്തി ശ്രേയാംസ് കുമാറിനെ പോലുള്ളവരെ ആകര്‍ഷിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഈ സഖ്യങ്ങള്‍ കേരള രാഷ്ട്രീയത്തെ പുനര്‍നിര്‍ണയിക്കും.