ഷാജിയുടെ സിറാത്ത് പാലവും ഷാഫിയുടെ കാഫിറും, വര്‍ഗീയ വിഷം കലക്കി വോട്ടുപിടുത്തം യുഡിഎഫ് പതിവാക്കുന്നു, കേരളത്തിന്റെ ഒരുമ ഇല്ലാതാക്കരുത്

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലമാണ് വടകര. യുഡിഎഫിനായി ഷാഫി പറമ്പിലും എല്‍ഡിഎഫിനായി കെകെ ശൈലജ ടീച്ചറും മത്സരിച്ച ഇവിടം തുടക്കംമുതല്‍ വിവാദങ്ങള്‍കൊണ്ടും ശ്രദ്ധേയമായി.
 

കോഴിക്കോട്: ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലമാണ് വടകര. യുഡിഎഫിനായി ഷാഫി പറമ്പിലും എല്‍ഡിഎഫിനായി കെകെ ശൈലജ ടീച്ചറും മത്സരിച്ച ഇവിടം തുടക്കംമുതല്‍ വിവാദങ്ങള്‍കൊണ്ടും ശ്രദ്ധേയമായി. എന്നാല്‍, പ്രചരണം അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും കടുത്ത വര്‍ഗീയ പ്രചരണമാണ് വടകരയില്‍ നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മണ്ഡലത്തിലെ 35 ശതമാനത്തോളം വരുന്ന മുസ്ലീം സമുദായത്തിന്റെ വോട്ടുകള്‍ കേന്ദ്രീകരിക്കാനായി മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ തുടക്കംമുതല്‍ നടത്തിവന്ന പ്രചരണമാണ് അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും ഞെട്ടിക്കുന്ന വര്‍ഗീയതയായി മാറിയത്. മുസ്ലീം ലീഗ് പല അവസരങ്ങളിലും ജയിക്കാനായി വര്‍ഗീയ കാര്‍ഡിറക്കിയവരാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വടകര മണ്ഡലത്തില്‍ നടന്നത്.

ശൈലജ ടീച്ചറുടെ അഭിമുഖങ്ങളും പ്രസംഗങ്ങളും വളച്ചൊടിച്ചും എഡിറ്റ് ചെയ്തും വീഡിയോയിലൂടെ കുടുംബ ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിച്ചാണ് വര്‍ഗീയ വിഷംകലക്കിയത്. കാഫിറായ ശൈലജ ടീച്ചര്‍ക്ക് വോട്ടുകൊടുക്കരുതെന്ന പോസ്റ്റും പല ഗ്രൂപ്പുകളിലും സജീവമായി. ശൈലജ ടീച്ചറുടെ വ്യക്തിപ്രഭാവം വിജയത്തിന് കാരണമാകുമെന്നുകണ്ടതോടെയാണ് അവസാനഘട്ടത്തില്‍ വര്‍ഗീയത കൊടുമ്പിരിക്കൊണ്ടത്.

ശൈലജ ടീച്ചര്‍ക്കെതിരെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചും കേട്ടാലറയ്ക്കുന്ന തെറിവിളിച്ചും യുഡിഎഫിന്റെ സൈബര്‍ സംഘം സജീവമായത് ഏറെ വിവാദമായിരുന്നു. ഇതിന്റെ ചുവടുപറ്റിയാണ് വര്‍ഗീയ പ്രചരണവും നടന്നത്. സ്ഥാനാര്‍ത്ഥിയായ ഷാഫിയോ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളോ പ്രചരണത്തിന്റെ ഒരവസരത്തിലും ഇത്തരക്കാരെ തള്ളിപ്പറഞ്ഞില്ല എന്നതാണ് വസ്തുത. വര്‍ഗീയതയും തെറിവിളിയും യുഡിഎഫിന്റെ പ്രചരണത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറിവോടെയായിരുന്ന ആരോപണവും സജീവമാണ്.

നേരത്തെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതാക്കള്‍ക്കെതിരേയും നേതാക്കളുടെ ഭാര്യമാര്‍ക്കെതിരേയും മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിക്കുകയും തെറിവിളിക്കുകയും ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ കൊടങ്കര അറസ്റ്റിലായിരുന്നു. ഇയാളെ ജാമ്യത്തിലെടുക്കാന്‍ മുന്‍കൈ എടുത്തത് കോണ്‍ഗ്രസാണ്. പിന്നീട് കെഎസ് യു ജില്ലാ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. സൈബര്‍ തെറിവിളികളില്‍ കോണ്‍ഗ്രസ് നിലപാടാണ് അബിന്‍ കൊടങ്കരയെ ചേര്‍ത്തുപിടിച്ചതിലൂടെ വ്യക്തമാകുന്നത്.

സമാനരീതിയിലാണ് വടകരയിലും ശൈലജ ടീച്ചര്‍ക്കെതിരെ ആക്രമണം നടത്തിയത്. തെറിവിളിയും അശ്ലീല പ്രചരണവും വര്‍ഗീയതും കൂട്ടിക്കലര്‍ത്തി സമീപകാലത്ത് കേരളം കണ്ട ഏറ്റവും മലീമസമായ തെരഞ്ഞെടുപ്പ് പ്രചരണമാണ് വടകരയില്‍ യുഡിഎഫ് നടത്തിയതെന്നതാണ് യാഥാര്‍ത്ഥ്യം. ജയിക്കാനായി ഏതുതരത്തിലുള്ള വര്‍ഗീയതയും പ്രചരിപ്പിക്കുന്നത് ലീഗ് ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല.

നേരത്തെ അഴീക്കോട് മണ്ഡലത്തില്‍ കെഎം ഷാജിക്കുവേണ്ടി വര്‍ഗീയ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് ഷാജിയെ എംഎല്‍എ സ്ഥാനത്തുനിന്നും ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് വര്‍ഗീയ നോട്ടീസ് അടിച്ചിറക്കിയായിരുന്നു അഴീക്കോട് ഷാജിക്കുവേണ്ടി ലീഗ് പ്രചരണം നടത്തിയത്. ഈ നോട്ടീസ് പിന്നീട് പുറത്തുവന്നു. അമുസ്ലീങ്ങള്‍ സിറാത്ത് പാലം കടക്കില്ലെന്നും അവര്‍ ചെകുത്താന്റെ കൂടെ അന്തി ഉറങ്ങേണ്ടവരാണെന്നും നോട്ടീസിലുണ്ട്. അതുകൊണ്ട് അഞ്ചുനേരം നമസ്‌കരിക്കുന്ന കെഎം ഷാജിയെ ജയിപ്പിക്കാനായിരുന്നു ആഹ്വാനം. കടുത്ത വര്‍ഗീയ പ്രചരണം നടന്ന ഇവിടെ 2,000ത്തോളം വോട്ടുകള്‍ക്കാണ് ഷാജി ജയിച്ചത്.

അഴീക്കോട് ഷാജിക്കുവേണ്ടി പ്രചരണം നടത്തിയതിന്റെ സമാനരീതിയിലാണ് വടകരയില്‍ ശൈലജ ടീച്ചര്‍ക്കെതിരേയും നടന്നത്. അഞ്ചുനേരം നമസ്‌കരിക്കുന്ന ഷാഫിക്ക് വോട്ടുകൊടുക്കണമെന്നും കാഫിറായ സ്ഥാനാര്‍ത്ഥിക്ക് വോട്ടുകൊടുക്കരുതെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നതായി സിപിഎം ആരോപിക്കുന്നു.

ഷാഫിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ച ആര്‍എംപി നേതാവ് കെകെ രമയ്ക്കും ഇത്തരം വര്‍ഗീയ പ്രചരണങ്ങളുടേയും തെറിവിളിയുടേയും ഉത്തരവാദിത്വത്തില്‍ നിന്നും മാറിനില്‍ക്കാനാകില്ല. ലീഗിന്റേയും കോണ്‍ഗ്രസിന്റേയും അധാര്‍മികമായ പ്രചരണത്തോട് ജനം എങ്ങിനെ പ്രതികരിച്ചു എന്നത് വോട്ടെണ്ണലിന് ശേഷം മാത്രമേ വ്യക്തമാകൂ. അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ശബ്ദമുയര്‍ന്നുകഴിഞ്ഞു. പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ ഷാഹിന വടകരയില്‍ നടന്ന വര്‍ഗീയ പ്രചരണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്,

20 സീറ്റിലും യുഡിഎഫ് ജയിച്ചാലും 20 സീറ്റിലും എല്‍ഡിഎഫ് ജയിച്ചാലും ഒരൊറ്റ സീറ്റില്‍ പോലും ബിജെപി ജയിക്കരുത് എന്നത് മാത്രമാണ് ആത്യന്തികമായി ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ ആഗ്രഹിക്കുന്നത്.
അത് കൊണ്ട് തന്നെ വടകരയെ കുറിച്ച് ഒരു വാക്ക് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇതര സംസ്ഥാനങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഏറ്റവും സമാധാനപരമായി തെരഞ്ഞടുപ്പ് നടക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു അവസാനലാപ്പില്‍ വടകരയില്‍ യുഡിഎഫ് നടത്തിയ വര്‍ഗീയ പ്രചാരണം. അതില്‍ ഷാഫിക്ക് പങ്കുണ്ടോ ,ഉത്തരവാദിത്തപ്പെട്ട മറ്റ് നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നതൊക്കെ അപ്രസക്തമാണ്. ഈ വര്‍ഗീയ പ്രചാരണം ഷാഫിയുടെ അറിവോടെയാണ് എന്ന് വിശ്വസിക്കാന്‍ എനിക്ക് തല്‍കാലം കാരണങ്ങളില്ല. അയാള്‍ ഒരു വര്‍ഗീയ വാദിയല്ല. കോണ്‍ഗ്രസിലെ ഏറ്റവും പ്രോമിസിങ് ആയ നേതാവാണ് ഷാഫി.

ഷാഫിയെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് ഇടത് പക്ഷക്കാര്‍ വിട്ട് നില്‍ക്കണം.

 തെരഞ്ഞെടുപ്പുകള്‍ വരും പോകും. പക്ഷേ മനുഷ്യരുടെ മതേതരമായ സഹജീവിതം നിലനില്‍ക്കുക എന്നതാണ് പ്രധാനം. മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യുന്ന ഒരു പാരമ്പര്യം വടകരക്ക് ഇല്ല. മുസ്ലിം ഭൂരിപക്ഷം ഉള്ള  മണ്ഡലങ്ങളിലെ പ്രതിനിധികള്‍ മുസ്ലിങ്ങള്‍ മാത്രമല്ല.

ഇത് വരെ ഇല്ലാത്ത വര്‍ഗീയ ധ്രുവീകരണം അവിടെ ഉണ്ടാവാന്‍ യുഡിഎഫിന്റെ പ്രത്യേകിച്ച് ലീഗിന്റെ പ്രവര്‍ത്തനം ഇട വരുത്തി എന്നത് ഖേദകരമാണ്.

വടകരയില്‍ തുടക്കം മുതലേ കണ്ട് വന്നത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി ആക്രമിക്കുന്ന ശൈലിയാണ്. ഷൈലജ ടീച്ചര്‍ക്ക് എതിരെ ആദ്യം മുതല്‍ യുഡിഎഫ് അതാണ് ചെയ്തത്. ലോകം മുഴുവന്‍ ആദരിക്കുന്ന സീനിയറായ ഒരു വനിതാ രാഷ്ട്രീയ നേതാവിനെതിരെ , below the belt എന്ന് വിശേഷിപ്പിക്കാവുന്ന തരം ആരോപണങ്ങളാണ് യുഡിഎഫ് നിരന്തരം ഉയര്‍ത്തിയത്. കോവിഡ് കള്ളി എന്ന അങ്ങേയറ്റം തരം താണ പ്രയോഗമാണ് അവര്‍ക്കെതിരെ ഉന്നയിച്ചത്. വായുവില്‍ നിന്ന് സൃഷ്ടിച്ച ഒരു അഴിമതി കഥ എന്നതിനപ്പുറം ഒരു പ്രസക്തിയുമില്ലാത്ത ഒരു വിഷയം. അടുത്ത ഘട്ടത്തില്‍
അതിനുമപ്പുറത്തേക്ക് കടന്ന് അങ്ങേയറ്റം ഹീനമായ വ്യക്തിഅധിക്ഷേപവും സൈബര്‍ ആക്രമണവും ടീച്ചര്‍ക്ക് നേരെ ഉണ്ടായി. അറുപത് വയസ്സ് കഴിഞ്ഞ ഒരു സ്ത്രീ മത്സരിക്കുന്ന ഒരു മണ്ഡലത്തില്‍ ' ഗ്രാനി സെക്‌സ് ' എന്ന വാക്ക് ഉപയോഗിച്ച അവരെ ആക്ഷേപിച്ചവര്‍ കേരളത്തിന്റെ പൊതുസമൂഹത്തെ തന്നെയാണ് വെല്ല് വിളിച്ചത്. അധികാര സ്ഥാനത്ത് എത്തുന്ന സ്ത്രീകളെ ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ല എന്ന വെല്ലു വിളി. അതിന് വടകരയിലെ സ്ത്രീ വോട്ടര്‍മാര്‍ മറുപടി നല്‍കിയിട്ടുണ്ടാകും എന്നാണ് എന്റെ തോന്നല്‍.

ടീച്ചര്‍ക്ക് എതിരെ ഉണ്ടായ ഇത്തരത്തിലുള്ള ആക്രമണത്തെ തള്ളിപ്പറയാന്‍ ഷാഫി തയ്യാറായില്ല എന്നതിലാണ് എനിക്ക് അദ്ദേഹത്തോടുള്ള കഠിനമായ വിയോജിപ്പ്. വോട്ട് മുഴുവന്‍ പെട്ടിയില്‍ ആയി കഴിഞ്ഞതിന് ശേഷം മാത്രം, ' എന്നെ വര്‍ഗീയ വാദി എന്ന് വിളിച്ചു' എന്ന പരാതിയുമായി ഷാഫി രംഗത്ത് വരുന്നതില്‍ ഒരു മെറിറ്റുമില്ല എന്ന് പറയേണ്ടി വരും. ടീച്ചര്‍ക്ക് എതിരെ നടന്ന ഹീനമായ ആക്രമണങ്ങളെ ആ ഘട്ടത്തില്‍ തന്നെ തള്ളിപ്പറഞ്ഞിരുന്നു എങ്കില്‍ ഷാഫി ക്ക് പത്ത് വോട്ട് കൂടുതല്‍ കിട്ടുമായിരുന്നു എന്ന് ഉറപ്പാണ്. ധാര്‍മിക രാഷ്ട്രീയത്തിന് അത് ഒരു മികച്ച മാതൃകയാവുകയും ചെയ്യുമായിരുന്നു.
എന്നിരുന്നാലും ഷാഫിയെ വര്‍ഗീയ വാദി എന്ന് വിളിക്കുന്നതിനോട് ഒരു യോജിപ്പുമില്ല. അദ്ദേഹം അതല്ല തന്നെ.

രാഷ്ട്രീയത്തില്‍ നമുക്ക് ഒരൊറ്റ കാഫറെ ഉള്ളൂ. അത് സംഘ് പരിവാറാണ്.  പണം വാരി എറിഞ്ഞ് മറ്റ് പാര്‍ട്ടികളില്‍ നിന്ന് ആളെ വാങ്ങുന്നത് വളരെ നോര്‍മലൈസ് ചെയ്യപ്പെട്ട ഇക്കാലത്തും നമ്മള്‍ ധാര്‍മിക രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നത് എന്ത് കൊണ്ടാണ്? നമ്മള്‍ അവരല്ല എന്നത് കൊണ്ടാണ്. ആത്യന്തികമായി അത്രയേ ഉള്ളൂ. അവരും നമ്മളും. അവര്‍ വെറുപ്പ് വിതച്ച്, വിഭാഗീയത സൃഷ്ടിച്ച്, മനുഷ്യരെ ചലിക്കുന്ന മതങ്ങളായി മാത്രം കണ്ട്, നിരന്തരമായ അപരത്വം സൃഷ്ടിച്ച് അധികാരം പിടിക്കുന്നവരാണ്.

നമ്മള്‍ അവരല്ല തന്നെ.