ജലീലിനെതിരെ വിധി പറഞ്ഞ മുന്‍ ലോകായുക്തയുടെ അനുജന്റെ മകളെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പദവിയില്‍ നിയമിക്കാന്‍ യുഡിഎഫ്, ജഡ്ജിയാക്കാനുള്ള കുറുക്കുവഴിയെന്ന് മുന്‍ എംഎല്‍എ
മുന്‍ ലോകായുക്ത സിറിയക് ജോസഫിന്റെ അനുജന്റെ മകള്‍ക്ക് അഡീഷണല്‍ അഡ്വക്കേറ്റ് പദവി നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എംഎല്‍എ കെടി ജലീല്‍.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ജലീലിനെതിരെ വിധി പറഞ്ഞ വ്യക്തിയാണ് സിറിയക് ജോസഫ്. ഇദ്ദേഹത്തിന്റെ അനുജന്റെ മകളെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ജലീല്‍ ആരോപിച്ചു.
തിരുവനന്തപുരം: മുന്‍ ലോകായുക്ത സിറിയക് ജോസഫിന്റെ അനുജന്റെ മകള്‍ക്ക് അഡീഷണല്‍ അഡ്വക്കേറ്റ് പദവി നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എംഎല്‍എ കെടി ജലീല്‍. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ജലീലിനെതിരെ വിധി പറഞ്ഞ വ്യക്തിയാണ് സിറിയക് ജോസഫ്. ഇദ്ദേഹത്തിന്റെ അനുജന്റെ മകളെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ജലീല്‍ ആരോപിച്ചു.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
'പാപം' ചെയ്തവര്‍ക്ക്
ശമ്പളം കിട്ടിത്തുടങ്ങി!
ഒരിക്കല്‍പോലും എതിര്‍ കക്ഷിയെ നേരിട്ട് കേള്‍ക്കാതെ അന്യായമായി എനിക്കെതിരെ വിധി പറഞ്ഞ മുന്‍ ലോകായുക്ത സിറിയക് ജോസഫിനെ ഓര്‍മ്മയില്ലെ? അതിനുള്ള 'സമ്മാന'മായി അദ്ദേഹത്തിന്റെ 'മകള്‍ക്ക്' UDF സര്‍ക്കാര്‍ നല്‍കാന്‍ പോകുന്നത് ഗവണ്‍മെന്റിന്റെ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ പദവി? സിറിയക് ജോസഫിനെപ്പോലെ പണത്തിനും പദവിക്കും വേണ്ടി എന്ത് കൂട്ടിക്കൊടുപ്പിനും ചെറ്റത്തരത്തിനും അശേഷം മടിയില്ലാത്ത ഒരാള്‍ക്ക് ഇന്‍ഡ്യന്‍ ജുഡീഷ്യറിയില്‍ പിന്‍ഗാമിയെ ഉണ്ടാക്കാന്‍ പവിത്രമായ ഹൈക്കോടതി ജഡ്ജി സ്ഥാനം ചുളുവില്‍ അനുജന്റെ മകള്‍ക്ക് ഒപ്പിച്ചെടുക്കാനുള്ള കുറുക്കുവഴിയാണ് തുഷാര ജെയിംസിന്റെ പുതിയ സ്ഥാനലബ്ധി?!
1990 കളില്‍ ലീഡര്‍ കരുണാകരന്റെ കയ്യും കാലും പിടിച്ചാണ് അന്നത്തെ UDF സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി സിറിയക് ജോസഫ് നിയമിതനായത്. ആ ചവിട്ടു പടിയില്‍ ചവിട്ടിയാണ് ഒരു വിധി നേരാം വണ്ണം എഴുതാന്‍ അറിയാത്ത സ്വജനപക്ഷപാതിയും അഴിമതിക്കാരനുമായ സിറിയക് ജോസഫ് പവിത്രമായ ജഡ്ജി പട്ടികയില്‍ ഇടം നേടിയത്. അവസാനം അയാള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീംകോടതി ജഡ്ജിയുമായി.
മൂന്നര വര്‍ഷം കോടികള്‍ ശമ്പളം, ബത്ത ഇനങ്ങളില്‍ കൈപ്പറ്റിയ സിറിയക് ജോസഫ് സ്വന്തമായി എഴുതിയ വിധികള്‍ വെറും എട്ടെണ്ണം! അക്കാലത്തെ സോളിസിറ്റര്‍ ജനറല്‍ ജുഡീഷ്യറിയിലെ 'പുഴുക്കുത്തെ'ന്നാണ് സിറിയക്കിനെ വിശേഷിപ്പിച്ചത്. ആദ്യം അഡ്വക്കറ്റ് ജനറലാക്കി പിന്നെ അതിന്റെ പിന്‍ബലത്തില്‍ അനുജന്റെ മകളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വരെ ആക്കലാണ് സിറിയക് ജോസഫിന്റെ ഗൂഢലക്ഷ്യം. പണത്തിനും പദവികള്‍ക്കും വേണ്ടി ആത്മാഭിമാനം വില്‍ക്കാന്‍ തയ്യാറാകുന്നവര്‍ ജുഡീഷ്യറിയിലെ ഉയര്‍ന്ന സ്ഥാനങ്ങള്‍ ദുരുപയോഗിച്ച് രാജ്യത്തെ വില്‍ക്കാനും മടി കാണിക്കില്ല. പഴയ 'ബോംബെ കഥ'യൊക്കെ നാട്ടില്‍ പാട്ടാണ്!
ജുഡീഷ്യറിയില്‍ ഇരിക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ കൊടിയ അനീതി ചെയ്തവര്‍ക്ക് പദവികള്‍ നല്‍കി ആദരിക്കുന്നത് ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, കേരളത്തിലെ UDF സര്‍ക്കാരിനും അക്കാര്യത്തില്‍ ഒരു ഉളുപ്പുമില്ല. എനിക്കെതിരെ ലോകായുക്ത കോടതിയില്‍ ഹാജരായി സിറിയക് ജോസഫില്‍ നിന്ന് വിധി വിലക്കു വാങ്ങി വെള്ളിത്തളികയില്‍ ലീഗിനു സമ്മാനിച്ച അഡ്വ: ജോര്‍ജ് പൂന്തോട്ടത്തിന്റെ മകള്‍ക്കും ആശ്രിതര്‍ക്കും സര്‍വകലാശാലകളുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍മാരായും നിയമനം കിട്ടിയ വാര്‍ത്ത ഇന്നലെയാണ് പുറത്തു വന്നത്?
എനിക്കെതിരെയുള്ള കെട്ടിച്ചമച്ച കേസില്‍ തീര്‍ത്തും അന്യായമായ അനുകൂല വിധി കിട്ടാനും, 'ചന്ദ്രിക' യുടെ കള്ളപ്പണ ഇടപാടില്‍ കേന്ദ്ര ഏജന്‍സികളെ കാണേണ്ടതു പോലെ കാണാനും കേസുകള്‍ ഒതുക്കാനും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച എരുമേലിക്കാരന്‍ ലീഗ് നേതാവിനും കിട്ടി
അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ സ്ഥാനം. ചുരുക്കത്തില്‍ നീതി ദേവതയുടെ കഴുത്ത് ഞെരിച്ച് കൊന്നവര്‍ക്കെല്ലാം 'തക്കപ്രതിഫലം' കിട്ടിയെന്നര്‍ത്ഥം. ചെയ്ത മഹാപാപത്തിന്റെ ശരിയായ 'ശമ്പളം' നിങ്ങളെയും തേടി ഏതോ ഒരു അജ്ഞാത സ്ഥലത്ത് ഇരിപ്പുണ്ടെന്ന കാര്യം മറക്കണ്ട. നമുക്ക് കാത്തിരിക്കാം.