റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയ ഇന്ത്യയെ വിരട്ടിയ ട്രംപ്, ഇപ്പോള്‍ പുതിനുമായി ഡീലുണ്ടാക്കി ഡീസല്‍ കയറ്റുമതിക്ക് നീക്കം തുടങ്ങി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായി ഡീസല്‍ കയറ്റുമതിക്ക് ഡീലുണ്ടാക്കിയതില്‍ ലോക രാജ്യങ്ങളുടെ വിമര്‍ശനം.
ട്രംപിന്റെ നയത്തിലെ നാടകീയമായ മാറ്റമായാണ് ഇതിനെ കാണുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹം റഷ്യന്‍ ഊര്‍ജ്ജ വരുമാനം തടയാന്‍ ലക്ഷ്യമിട്ട സമഗ്ര ഉപരോധ നിയമം ഒപ്പുവെച്ചിരുന്നു.
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായി ഡീസല്‍ കയറ്റുമതിക്ക് ഡീലുണ്ടാക്കിയതില്‍ ലോക രാജ്യങ്ങളുടെ വിമര്‍ശനം. പുതിനുമായുള്ള സംഭാഷണത്തിന് ശേഷമാണ് റഷ്യന്‍ ഡീസല്‍ അമേരിക്കന്‍, ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഡീല്‍ ട്രംപ് പ്രഖ്യാപിച്ചത്.
റഷ്യ ഉടന്‍ തന്നെ 3 ലക്ഷത്തിലധികം ടണ്‍ ഡീസല്‍ നല്‍കുമെന്ന് ട്രംപ് അറിയിച്ചു. നവംബറില്‍ മറ്റൊരു 5 ലക്ഷം ടണ്‍, അതിന് ശേഷം 10 ലക്ഷം ടണ്‍. റഷ്യന്‍ റിഫൈനറികളുടെ സാഹചര്യം അനുസരിച്ച് മറ്റൊരു 30 ലക്ഷം ടണ്‍ കൂടി വരും. അമേരിക്കന്‍ ട്രഷറി വകുപ്പ് റഷ്യന്‍ ഡീസലിന് മേലുള്ള ഉപരോധങ്ങള്‍ 2027 ഏപ്രില്‍ 7 വരെ താല്‍ക്കാലികമായി നീക്കം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ നയത്തിലെ നാടകീയമായ മാറ്റമായാണ് ഇതിനെ കാണുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹം റഷ്യന്‍ ഊര്‍ജ്ജ വരുമാനം തടയാന്‍ ലക്ഷ്യമിട്ട സമഗ്ര ഉപരോധ നിയമം ഒപ്പുവെച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ ക്രൂഡ് വാങ്ങുന്നതിനെതിരെ 100% വരെ താരിഫ് ഭീഷണി മുഴക്കി. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയത് പുതിന്റെ യുദ്ധ യന്ത്രത്തിന് ധനസഹായം നല്‍കുന്നതാണെന്നാണ് അമേരിക്കയുടെ വാദം.
യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കി പുതിനുള്ള സമ്മാനം എന്നാണ് ഇപ്പോഴത്തെ ഡീലിനെ വിശേഷിപ്പിച്ചത്. യുദ്ധം അവസാനിപ്പിക്കേണ്ടതിന് പകരം നീട്ടുന്നതിനുള്ള നിക്ഷേപമാണിത്, എന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ റിഫൈനറികള്‍ ആക്രമിച്ച് യുക്രെയ്ന്‍ ഉത്പാദനം തടഞ്ഞിരിക്കെ, ട്രംപ് ആ ആക്രമണങ്ങള്‍ക്കെതിരെ നില്‍ക്കുകയും റഷ്യയ്ക്ക് വരുമാനം നല്‍കുകയും ചെയ്യുന്നു.
യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം റഷ്യന്‍ ക്രൂഡ് ഇന്ത്യയുടെ ഇറക്കുമതിയില്‍ വലിയ പങ്ക് വഹിച്ചു. ഡിസ്‌കൗണ്ട് നിരക്കില്‍ ലഭിച്ച എണ്ണ ഇന്ത്യയുടെ ഇറക്കുമതി ബില്‍ കുറച്ചു, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായിച്ചു. അമേരിക്കയും യൂറോപ്പും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍, ഇന്ത്യയും ചൈനയും റഷ്യന്‍ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരായി.
റഷ്യന്‍ എണ്ണയുടെ പേരില്‍ ട്രംപ് ഭരണകൂടം ഇന്ത്യയെ ലക്ഷ്യമിട്ടു. 2025-ല്‍ റഷ്യന്‍ എണ്ണ വാങ്ങല്‍ കാരണം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധിക 25% താരിഫ് ചുമത്തി. സമ്മര്‍ദ്ദത്തിന്റെ ഫലമായി ഇന്ത്യന്‍ റിഫൈനറികള്‍ വാങ്ങല്‍ കുറച്ചു.
മറ്റു രാജ്യങ്ങള്‍ക്കെതിരെ നടപടിയെടുത്ത അമേരിക്ക തന്നെ ഇപ്പോള്‍ റഷ്യന്‍ ഡീസല്‍ വാങ്ങുന്നു. യുദ്ധത്തിന് ധനസഹായം നല്‍കുന്നതാണെന്ന് ഇന്ത്യയെ കുറ്റപ്പെടുത്തിയ അതേ യുക്തി അമേരിക്കയ്ക്ക് ബാധകമല്ലേയെന്നാണ് ചോദ്യം.
യുക്രെയ്ന്‍ മാത്രമല്ല, അമേരിക്കന്‍ നിയമനിര്‍മാതാക്കളും, വിശകലന വിദഗ്ധരും, ആഗോള മാധ്യമങ്ങളും ഇരട്ടത്താപ്പിനെ വിമര്‍ശിച്ചു. ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ ജോയിന്റ് സ്റ്റേറ്റ്മെന്റില്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ അപലപിച്ചു.