95-ാം വയസ്സിലും പന്തവുമായി തൃച്ചംബരത്തപ്പന് അകമ്പടി
തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. ‘ഗോവിന്ദ’ വിളികളാൽ മുഖരിതമായ ഉത്സവ നാളുകളിൽ പൂക്കോത്ത് നടയിൽ രാമകൃഷ്ണന്മാർ നടത്തുന്ന ആനന്ദ നൃത്തമാണ് തൃച്ചംബരം ഉത്സവത്തിന്റെ ഏറ്റവും വലിയ സവിശേഷത. തൃച്ചംബരം ഉത്സവത്തിൻ്റെ അവിഭാജ്യ ഘടകമാണ് പന്തം.
തളിത്തറമ്പ് : തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. ‘ഗോവിന്ദ’ വിളികളാൽ മുഖരിതമായ ഉത്സവ നാളുകളിൽ പൂക്കോത്ത് നടയിൽ രാമകൃഷ്ണന്മാർ നടത്തുന്ന ആനന്ദ നൃത്തമാണ് തൃച്ചംബരം ഉത്സവത്തിന്റെ ഏറ്റവും വലിയ സവിശേഷത. തൃച്ചംബരം ഉത്സവത്തിൻ്റെ അവിഭാജ്യ ഘടകമാണ് പന്തം. പാണിപ്പന്തം, ഒറ്റപ്പന്തം, പാളപ്പന്തം എന്നിങ്ങനെയുള്ള പന്തങ്ങളാണ് ഉത്സവകാലങ്ങളിൽ ഉണ്ടാവുക. രണ്ട് പാണി പന്തങ്ങൾ ഉൾപ്പെടെ ഇരുപത് ഒറ്റപ്പന്തങ്ങളും ,നാല് പാളപന്തങ്ങളുമാണ് ഉത്സവത്തിന് അകമ്പടി സേവിക്കുന്നത്.
മഴൂരപ്പനും തൃഛംബരത്തപ്പനും അകമ്പടി സേവിക്കാൻ ഓരോ പാണി പന്തം ഉണ്ടാകും. പുറത്തെഴുന്നള്ളുന്നതോടെ മറ്റ് പന്തങ്ങളിലേക്ക് അഗ്നി പകരും. ഈ പന്തങ്ങളുടെ അകമ്പടിയോടു കൂടിയാണ് ഭഗവാന്മാർ പൂക്കോത്ത് നടയിലേക്ക് എഴുന്നളളുക.95-ാം വയസ്സിലും പന്തവുമായി ഉത്സവത്തിന് അകമ്പടി സേവിക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിലാണ് അച്യുത വാര്യർ .തൃച്ഛംബരം അമ്പലമുറ്റത്തെ കൊടിമരത്തിൽ ഉയർത്തിയ കൊടിക്കൂറ തുന്നിയതും ഇതേ 95 കാരനാണ്.
കാലം ശരീരത്തിന് മേൽ വാർദ്ധക്യത്തിന്റെ അവശതകൾ കോറിയിട്ടിട്ടുണ്ടെങ്കിലും അച്യുത വാര്യർക്ക് തൃഛംബരത്തുത്സവം തന്റെ പ്രാണനോളം പ്രിയപ്പെട്ടതാണ് .കടലാവണക്കിൻ്റെ അല്ലെങ്കിൽ ചെമ്പകത്തിൻ്റെ കമ്പ് ഒരു മാറ് നീളത്തിൽ മുറിച്ചെടുത്ത് അതിൽ പരുത്തി തുണി ചുറ്റി പന്ത കുറ്റിയിൽ ഉറപ്പിക്കുന്നു. അതിൽ വെളിച്ചെണ്ണ പകർന്ന് തീ പിടിപ്പിച്ചാണ് ഉത്സവത്തിന് വെളിച്ചവും സംരക്ഷണവും നൽകുന്നത്. പ്രായത്തിന്റെ ഉവശതകളിലും തളരാതെ പന്തവുമായി ഭഗവാന് അകമ്പടി സേവിക്കാൻ സാധിച്ചതിന്റെ തിളക്കം അച്യുത വാര്യരുടെ കണ്ണുകളിൽ കാണാം
70 വർഷത്തിലേറെയായി മുടങ്ങാതെ കൊടിയേറ്റിനുള്ള കൊടിക്കൂറ തുന്നുന്നതും ഇദ്ദേഹമാണ് .95-ാം വയസ്സിലും വിറയ്ക്കാത്ത മനസ്സോടെയാണ് തൃച്ഛംബരത്തപ്പന് കൊടിക്കൂറ തുന്നിയൊരുക്കുന്നത്