തൃച്ചംബരം ഉത്സവവും ഓല കുടയും !

 നൈവേദ്യത്തിന് ശേഷമുള്ള അഭിഷേകം, ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കാത്ത ആചാരം തുടങ്ങി ഒട്ടേറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. സ്ഥിരം കണ്ടുവരുന്ന ക്ഷേത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ രീതികളുള്ള തൃച്ചംബരത്തെ ഉത്സവത്തിനും നിരവധി പ്രത്യേകതകൾ ഉണ്ട്. തൃച്ചംബരത്തപ്പനായ ഭഗവാൻ ശ്രീകൃഷ്ണനും ജ്യേഷ്ഠ സഹോദരനായ മഴൂരപ്പൻ ബലരാമനും തമ്മിലുള്ള ഒത്തുചേരലിന്റെയും സാഹോദര്യത്തിന്റെയും ബാലലീലകളുടെയും പ്രതീകമാണ് തൃച്ചംബരത്തെ 14 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം.
 
കേരളത്തിലെ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് ആചാരപൂർവ്വം ക്ഷേത്ര സന്നിധിയിൽ സമർപ്പിക്കപ്പെടുന്ന ഒന്നാണ് ഓലക്കുട. കണിയാൻ അഥവാ കണിശൻ സമുദായത്തിൽ പെട്ടവരാണ് ഓലക്കുടയുടെ നിർമ്മാണം നടത്തിവരുന്നതായി കണ്ടുവരുന്നത്.

 നൈവേദ്യത്തിന് ശേഷമുള്ള അഭിഷേകം, ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കാത്ത ആചാരം തുടങ്ങി ഒട്ടേറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. സ്ഥിരം കണ്ടുവരുന്ന ക്ഷേത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ രീതികളുള്ള തൃച്ചംബരത്തെ ഉത്സവത്തിനും നിരവധി പ്രത്യേകതകൾ ഉണ്ട്. തൃച്ചംബരത്തപ്പനായ ഭഗവാൻ ശ്രീകൃഷ്ണനും ജ്യേഷ്ഠ സഹോദരനായ മഴൂരപ്പൻ ബലരാമനും തമ്മിലുള്ള ഒത്തുചേരലിന്റെയും സാഹോദര്യത്തിന്റെയും ബാലലീലകളുടെയും പ്രതീകമാണ് തൃച്ചംബരത്തെ 14 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം.

തൃച്ചംബരത്ത്‌ കൊടിയേറിയതറിഞ്ഞ്‌ ഏഴു കിലോമീറ്ററപ്പുറമുള്ള മഴൂരിൽ നിന്ന് ഓടിയെത്തുന്ന ജ്യേഷ്ഠൻ ബലഭദ്രൻ, ജേഷ്ഠനുമൊത്തുള്ള കുസൃതിക്കളികളിലേർപ്പെടുന്ന കള്ള കൃഷ്ണൻ,  ഓട്ടവും ചാട്ടവും നിറഞ്ഞ കുട്ടിക്കളികൾ. ഗോവിന്ദം വിളികളുമായി കൂടെയോടിത്തിമർക്കുന്ന പുരുഷാരങ്ങൾ , ഭക്തജനലക്ഷങ്ങളെ ഒന്നാകെ ആകർഷിക്കുന്ന ഒന്നാണ് കൂട്ടായ്മയുടെ മഹിമ വിളിച്ചോതുന്ന തളിപ്പറമ്പുകാരുടെ തൃച്ചംബരം ഉത്സവം

 മഴൂരപ്പൻ ബലഭദ്രനും തൃച്ചംബരത്തപ്പൻ ശ്രീകൃഷ്ണനും പൂക്കോത്ത് നടയിൽ തിടമ്പേന്തി ആനന്ദനൃത്തമാടുന്നതാണ് ഉത്സവത്തിലെ പ്രധാന ചടങ്ങ്.  തുളുമ്പി മറിയുന്ന പാൽക്കുടവും തലയിലേന്തി "പാലമൃതൻ" തൃഛംബരത്തേക്ക് എഴുന്നള്ളുമ്പോൾ  പാൽക്കൊതിയനായ തൃഛംബരത്തപ്പൻ പിറകെ ഓടുന്നത് കാണേണ്ട കാഴ്ച്ച തന്നെയാണ്. ബലരാമനും ശ്രീകൃഷ്ണനും പാലമൃതനുമൊപ്പം നിഴൽപോലെയുള്ള ഓലക്കുടയ്ക്കും വലിയ പ്രാധാന്യമുണ്ട്.

കേരളത്തിലെ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് ആചാരപൂർവ്വം ക്ഷേത്ര സന്നിധിയിൽ സമർപ്പിക്കപ്പെടുന്ന ഒന്നാണ് ഓലക്കുട. കണിയാൻ അഥവാ കണിശൻ സമുദായത്തിൽ പെട്ടവരാണ് ഓലക്കുടയുടെ നിർമ്മാണം നടത്തിവരുന്നതായി കണ്ടുവരുന്നത്. കീഴാറ്റൂർ, കൂവോട്, പ്ലാത്തോട്ടം പ്രദേശങ്ങളിലെ കണിയാൻ സമുദായത്തിൽപെട്ട പുരുഷന്മാരാണ് തൃഛംബരം ക്ഷേത്രോത്സവത്തിന് ഓലക്കുട നിർമ്മിച്ച് നൽകുന്നത്. തൃഛംബരത്തെ കീഴ്ശാന്തിക്കും, പാലമൃതനും വേണ്ടിയാണ് ഈ ഓലക്കുട സമർപ്പിക്കുന്നത്. എല്ലാ വർഷവും കുംഭം 1 ന് കീഴ്ശാന്തിക്കുള്ള ഓലക്കുട ക്ഷേത്ര സന്നിധിയിലെത്തി സമർപ്പിക്കാറുണ്ട്.

ജ്യേഷ്ഠാനുജന്മാർ ആനന്ദ നൃത്തം ആടുന്ന വേളയിൽ ഓലക്കുടയേന്തുന്നത് കീഴ്ശാന്തിയാണ്. എല്ലാ ദിവസവും കുഞ്ഞരയാൽ തറയിൽ നിന്ന് പാലമൃതൻ പാലുമായി എഴുന്നള്ളുമ്പോഴും  ഓലക്കുട നിർബന്ധമാണ്. കീഴ്ശാന്തിക്ക് നൽകുന്ന ഓലക്കുടയെക്കാൾ താരതമ്യേന വലുതാണ് പാലമൃതന് നൽകുന്ന ഓലക്കുട. ഇതിൻ്റെ കാലിന് നീളവും കൂടുതലായിരിക്കും. ഓടയാണ് ഇതിനായി ഉപയോഗിച്ചുവരുന്നത്.

നാട്ടു പാരമ്പര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന തൃഛംബരം ഉത്സവം നാനാജാതി വിഭാഗങ്ങളുടെ കൂട്ടായ്മ കൂടിയാണ്. ഉത്സവ വേളയിൽ ഭ​ഗവാന്റെ ബാലലീലകൾ ദർശിക്കുവാനും കൂടെ ഓടാനും ആയിരങ്ങളാണ് എത്തിച്ചേരുന്നത്. കുംഭം 22 ന് കൊടിയേറി മീനം 6 ന് കുടിപ്പിരിയൽ ചടങ്ങോടെയാണ് ഉത്സവം അവസാനിക്കുക.