അക്ഷരങ്ങളിലേക്ക് പടരുന്ന ഗോത്രതാളം ; കാലത്തിന് മുന്നിൽ മാഞ്ഞുപോകാതിരിക്കാൻ കൈകോർത്ത് രണ്ട് എഴുത്തുകാർ ; മാവിലരുടെയും മലവേട്ടുവരുടെയും തനത് ഭാഷയ്ക്ക് നിഘണ്ടു ഒരുങ്ങുന്നു
തലമുറകളായി കാതിലും ചുണ്ടിലും മാത്രം കൈമാറ്റം ചെയ്യപ്പെട്ട്, കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോയേക്കാമായിരുന്ന ഒരു ജനതയുടെ തനത് വാമൊഴി വഴികൾ ഇനി അക്ഷരരൂപത്തിലേക്ക്. കണ്ണൂർ, കാസർകോട് ജില്ലകളിലെ ഗോത്രസമൂഹങ്ങളായ മാവിലരുടെയും മലവേട്ടുവരുടെയും ഭാഷാസമ്പത്ത് കോർത്തിണക്കി മലയാളത്തിലേക്ക് പുതിയ രണ്ട് നിഘണ്ടുകൾ ഒരുങ്ങുന്നു.
എഴുത്തുകാരനും തളിപ്പറമ്പ് സർസയ്യിദ് കോളേജ് ഹിന്ദി വിഭാഗം അധ്യാപകനുമായ ഡോ. വി.ടി.വി. മോഹനനും ഗോത്രവർഗ്ഗ മേഖലയിലെ എഴുത്തുകാരനായ ഒ.കെ. പ്രഭാകരൻ വട്ടംതട്ടയും ചേർന്നാണ് വംശനാശഭീഷണി നേരിടുന്ന ഈ ഭാഷകളെ വീണ്ടെടുക്കാനുള്ള ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
കണ്ണൂർ: തലമുറകളായി കാതിലും ചുണ്ടിലും മാത്രം കൈമാറ്റം ചെയ്യപ്പെട്ട്, കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോയേക്കാമായിരുന്ന ഒരു ജനതയുടെ തനത് വാമൊഴി വഴികൾ ഇനി അക്ഷരരൂപത്തിലേക്ക്. കണ്ണൂർ, കാസർകോട് ജില്ലകളിലെ ഗോത്രസമൂഹങ്ങളായ മാവിലരുടെയും മലവേട്ടുവരുടെയും ഭാഷാസമ്പത്ത് കോർത്തിണക്കി മലയാളത്തിലേക്ക് പുതിയ രണ്ട് നിഘണ്ടുകൾ ഒരുങ്ങുന്നു.
എഴുത്തുകാരനും തളിപ്പറമ്പ് സർസയ്യിദ് കോളേജ് ഹിന്ദി വിഭാഗം അധ്യാപകനുമായ ഡോ. വി.ടി.വി. മോഹനനും ഗോത്രവർഗ്ഗ മേഖലയിലെ എഴുത്തുകാരനായ ഒ.കെ. പ്രഭാകരൻ വട്ടംതട്ടയും ചേർന്നാണ് വംശനാശഭീഷണി നേരിടുന്ന ഈ ഭാഷകളെ വീണ്ടെടുക്കാനുള്ള ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ജീവിതത്തിന്റെ ഏത് അവസ്ഥയോടും ഐക്യപ്പെട്ട് ജീവിക്കുന്ന ഈ ഗോത്രജനവിഭാഗങ്ങൾക്കിടയിൽ 'സുഖം' എന്നോ 'ദുഃഖം' എന്നോ വേർതിരിച്ചു കാണിക്കുന്ന പ്രത്യേക വാക്കുകളില്ല എന്നത് ഈ ഭാഷയുടെ വേറിട്ട സവിശേഷതയാണ്.
മാവ്‌ളവ്: മാവിലരുടെ തനത് ഭാഷ (അന്നം ഉൽപ്പാദിപ്പിക്കുന്നവരുടെ ഭാഷ). ചിലയിടങ്ങളിൽ ഇത് മർക്കോളി തുളു എന്നും അറിയപ്പെടുന്നു.
മലവേട്ടുവൻ ഭാഷ: മലവേട്ടുവ സമുദായക്കാരുടെ ഭാഷാ രൂപം.
ഏകദേശം 60,000-ത്തോളം വരുന്ന ഈ ജനവിഭാഗങ്ങളുടെ ഭൂരിഭാഗം വാക്കുകളും മലയാളത്തോട് ഏറെ ചേർന്നുനിൽക്കുന്നവയാണ്.
പിതാവ്: അമ്മെ
അമ്മ: അപ്പെ
ഭർത്താവ്: മേരെ
ഭാര്യ: മേര്ത്തി
സഹോദരി: മെഗ്തി
സഹോദരൻ: മെഗ്യെ
വാമൊഴികളെ വരമൊഴിയാക്കി മാറ്റുന്ന നിഘണ്ടുകൾ കൂടാതെ, ഗോത്രജീവിതത്തെയും സംസ്കാരത്തെയും അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന രണ്ട് പഠന ഗ്രന്ഥങ്ങളും ഇവരുടെ കൂട്ടായ്മയിൽ തയാറാകുന്നുണ്ട്.
നേരത്തെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. വി.ടി.വി. മോഹനന്റെ 'മലയാള ഭാഷാഭേദ നിഘണ്ടു' ഏറെ ശ്രദ്ധ നേടിയിരുന്നു. ഗോത്രജനതയുടെ അവകാശ പോരാട്ടങ്ങളുടെ ചരിത്രം വിവരിക്കുന്ന ഒ.കെ. പ്രഭാകരന്റെ 'ഇയ്യാമ ജോവ്വ്' എന്ന കൃതിയും ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
തീരത്തും മലയോരത്തും വാമൊഴിയായി മാത്രം നിലനിന്ന അപൂർവ്വ ഭാഷാസമ്പത്തിനേകിയ ഈ അക്ഷരപ്പൂട്ടുകൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലുകളായി മാറും.