ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മിഡിൽ ബെർത്ത് എപ്പോൾ നിവർത്താം? തർക്കങ്ങൾ ഒഴിവാക്കാൻ റെയിൽവേ നിയമം അറിയാം

​​​​​​​

മിഡിൽ ബെർത്ത് ഉപയോഗത്തിന് സമയപരിധിയുണ്ടെന്ന് മനസിലാക്കണം

 

രാത്രിയിലെ ഉറക്കത്തിനും പകൽ സമയത്തെ യാത്രയ്ക്കും റെയിൽവേ നിഷ്കർഷിക്കുന്ന കൃത്യമായ മാനദണ്ഡങ്ങൾ ഇതാ...



ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ ബെർത്ത് ഉപയോഗത്തെയും മറ്റ് യാത്രാസൗകര്യങ്ങളെയും ചൊല്ലിയുള്ള തർക്കങ്ങൾ പതിവു കാഴ്ച്ചയാണ്. പ്രത്യേകിച്ച് മിഡിൽ ബെർത്ത്  നിവർത്തുന്നതിനെ ചൊല്ലിയാണ് യാത്രാവേളകളിൽ പലപ്പോഴും സഹയാത്രികർ തമ്മിൽ വാക്കേറ്റമുണ്ടാകുന്നത്. ഇത്തരം അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാൻ ട്രെയിൻ യാത്രക്കാർ പ്രധാന റെയിൽവേ നിയമങ്ങൾ അറിഞ്ഞിരുന്നാൽ മതി.

മിഡിൽ ബെർത്ത് ഉപയോഗത്തിന് സമയപരിധിയുണ്ടെന്ന് മനസിലാക്കണം. മിഡിൽ ബെർത്ത് നിവർത്തി കിടക്കാൻ അനുവദിച്ചിരിക്കുന്ന സമയം രാത്രി 10.00 മണി മുതൽ രാവിലെ 6.00 മണി വരെ മാത്രമാണ്. രാവിലെ 6.00 മണി കഴിയുന്നതോടെ മിഡിൽ ബെർത്ത് മടക്കി വയ്ക്കേണ്ടതാണ്. പകൽ സമയത്ത് താഴത്തെ ബെർത്തിൽ ഇരുന്ന് യാത്ര ചെയ്യാൻ മിഡിൽ, അപ്പർ ബെർത്ത് യാത്രികർ ഉൾപ്പെടെയുള്ള മറ്റു യാത്രക്കാർക്കും അവകാശപ്പെട്ടതാണ്.

കൂടാതെ രാത്രി 10.00 മണിക്ക് ശേഷം സഹയാത്രികരുടെ ഉറക്കത്തിനോ വിശ്രമത്തിനോ തടസ്സമുണ്ടാക്കുന്ന രീതിയിൽ ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല. മാത്രവുമല്ല, രാത്രി 10-ന് ശേഷം സ്പീക്കറിൽ പാട്ടുകളോ വീഡിയോകളോ പ്ലേ ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. ഈ സമയത്ത് അത്യാവശ്യത്തിന് ഫോൺ ഉപയോഗിക്കുമ്പോൾ ഹെഡ്‌സെറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നതായിരിക്കും ഉചിതം.

യാത്രയ്ക്കിടെ നിയമലംഘനങ്ങളോ മറ്റ് യാത്രാതടസ്സങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ യാത്രക്കാർക്ക് റെയിൽവേ ട്രാവലിങ് ടിക്കറ്റ് എക്സാമിനറെ  വിവരമറിയിക്കാവുന്നതാണ്. കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ 139 എന്ന റെയിൽവേ ഹെൽപ്‌ലൈൻ നമ്പറിലും പരാതി രജിസ്റ്റർ ചെയ്യാം. നിയമങ്ങൾ പാലിക്കൂ, ശുഭയാത്ര ഉറപ്പാക്കൂ...