ഹോര്‍മുസിലും ഇനി ട്രംപിന്റെ കളി, ഓരോ കപ്പലും കോടിക്കണക്കിന് രൂപ ഫീസ് ആയി അമേരിക്കയ്ക്ക് നല്‍കേണ്ടിവരും

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്‌ട്രേറ്റ് ഓഫ് ഹോര്‍മുസില്‍ ഇറാനിനെതിരെ ബ്ലോക്കേഡ് പുനഃസ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു.

 

ഹോര്‍മുസ് കടലിടുക്കില്‍ ഒരു കണ്ടെയ്‌നര്‍ കപ്പലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. യു.എസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇറാന്‍ തന്ത്രപ്രധാനമായ ജലമാര്‍ഗ്ഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. 

വാഷിംഗ്ടണ്‍:: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്‌ട്രേറ്റ് ഓഫ് ഹോര്‍മുസില്‍ ഇറാനിനെതിരെ ബ്ലോക്കേഡ് പുനഃസ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു. കടലിടുക്കിലൂടെ കടക്കുന്ന മറ്റ് രാജ്യങ്ങളുടെ കപ്പലുകളില്‍ നിന്ന് ചരക്കിന്റെ മൂല്യത്തിന്റെ 20 ശതമാനം ടോള്‍ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷ ഒരുക്കുന്നതിനുള്ള ചെലവുകള്‍ തിരിച്ചുപിടിക്കാനാണ് ഈ നടപടിയാണെന്നാണ് ട്രംപിന്റെ വാദം.

ഹോര്‍മുസ് കടലിടുക്കില്‍ ഒരു കണ്ടെയ്‌നര്‍ കപ്പലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. യു.എസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇറാന്‍ തന്ത്രപ്രധാനമായ ജലമാര്‍ഗ്ഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. 

ഇറാനിയന്‍ കപ്പലുകളെയും അവരുടെ ഉപഭോക്താക്കളെയും മാത്രം തടയുന്നതാണ് ഈ ബ്ലോക്കേഡെന്നും മറ്റ് എല്ലാ രാജ്യങ്ങള്‍ക്കും സ്‌ട്രെയിറ്റിന്റെ ന്യായമായ ഉപയോഗം ലഭ്യമാകുമെന്നും ട്രംപ് പറയുന്നു.

ചരക്കിന്റെ മൂല്യത്തിന്റെ 20% ടോള്‍ എന്നു പറഞ്ഞാല്‍ ഒരു പൂര്‍ണമായി ലോഡ് ചെയ്ത വലിയ ക്രൂഡ് ഓയില്‍ കാരിയറിന് ഏകദേശം 3.2 കോടി ഡോളര്‍ വരെ ഈടാക്കാം. മുമ്പ് ഇറാന്‍ ഈടാക്കിയിരുന്ന ഫീസിന്റെ (ഏകദേശം 20 ലക്ഷം ഡോളര്‍) പല മടങ്ങാണ് ഇത്.

നമ്മള്‍ ഇതുവരെ സൗജന്യമായി സംരക്ഷിച്ചു. ഇനി സുരക്ഷ ഒരുക്കി പണം വാങ്ങും. നമ്മുടെ ആളുകളെ അപകടത്തിലാക്കി ചെയ്യുന്ന ജോലിക്ക് പ്രതിഫലം വേണമെന്നാണ് ട്രംപിന്റെ നിലപാട്.

ടെഹ്റാന്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്. ഇറാന്‍ എപ്പോഴും ഹോര്‍മുസിന്റെ ഗാര്‍ഡിയന്‍ ആയിരുന്നു, ഇനിയും അങ്ങനെ തന്നെ. 20% ഇടാക്കുന്നത് അന്യായമാണെന്നും ഇറാന്‍ വ്യക്തമാക്കി.

ലോകത്തിലെ ഓയില്‍-ഗ്യാസ് വിതരണത്തിന്റെ ഏകദേശം ഒരു അഞ്ചിലൊന്ന് ഹോര്‍മുസ് വഴിയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ അമേരിക്കയുടെ നീക്കം ക്രൂഡ് ഓയിലിന്റെ വില കുതിച്ചുകയറാന്‍ ഇടയാക്കും.

ഹോര്‍മുസ് അന്താരാഷ്ട്ര ജലമാര്‍ഗ്ഗമാണെന്നും ടോള്‍ ഈടാക്കരുതെന്നുമായിരുന്നു നേരത്തെ യുഎസ് നിലപാട്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇറാന്റെ ടോള്‍ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപ് ഇപ്പോള്‍ സുരക്ഷാ ചെലവുകള്‍ തിരിച്ചുപിടിക്കണമെന്ന നിലപാടിലേക്ക് മാറിയിരിക്കുന്നു.

ഈ സംഭവങ്ങള്‍ ലോക ഊര്‍ജ വിപണിയെയും ഷിപ്പിംഗ് മേഖലയെയും സാരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സംഘര്‍ഷം വീണ്ടും രൂക്ഷമാകാനുള്ള സാധ്യതയും ഇതോടെ ഉയര്‍ന്നിരിക്കുന്നു.