എംവി ഗോവിന്ദന്റെ എംഎല്‍എ ഓഫീസ് സാധാരണക്കാരെ അകറ്റിയപ്പോള്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ച് വ്യത്യസ്തനായി ടികെ ഗോവിന്ദന്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം അമ്പരപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ തളിപ്പറമ്പില്‍ വ്യത്യസ്തനാവുകയാണ് പുതിയ എംഎല്‍എ ടികെ ഗോവിന്ദന്‍.
എംവി ഗോവിന്ദന്റെ എംഎല്‍എ ഓഫീസ് സാധാരണക്കാരില്‍നിന്നും അകന്നുനിന്നപ്പോള്‍ ടികെ എല്ലാവിഭാഗം ജനങ്ങള്‍ക്കും എപ്പോഴും കയറിച്ചെല്ലാന്‍ കഴിയുന്ന ഇടമൊരുക്കി.
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം അമ്പരപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ തളിപ്പറമ്പില്‍ വ്യത്യസ്തനാവുകയാണ് പുതിയ എംഎല്‍എ ടികെ ഗോവിന്ദന്‍. നേരത്തെ എംവി ഗോവിന്ദന്റെ എംഎല്‍എ ഓഫീസ് സാധാരണക്കാരില്‍നിന്നും അകന്നുനിന്നപ്പോള്‍ ടികെ ഗോവിന്ദന്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും എപ്പോഴും കയറിച്ചെല്ലാന്‍ കഴിയുന്ന ഇടമൊരുക്കി.
എംവി ഗോവിന്ദന്റെ ഓഫീസിനെതിരെ നേരത്തെ വ്യാപകമായ പരാതിയുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുപോലും വിലക്കേര്‍പ്പെടുത്തിയെന്നും ഓഫീസ് സ്റ്റാഫുകള്‍ മോശമായാണ് പെരുമാറുന്നതെന്നും പരാതിയുണ്ടായി. എംഎല്‍എ സിപിഎം സംസ്ഥാന സെക്രട്ടറി ആയതോടെ എംഎല്‍എ ഓഫീസില്‍ എത്തുക അപൂര്‍വമായിരുന്നു. ഇത് മുതലെടുത്ത് ജീവനക്കാരുടെ ഭരണമായിരുന്നു നടന്നിരുന്നത്.
മുന്‍ എംഎല്‍എയുടെ ഓഫീസിനെതിരെ പരാതിയുണ്ടായിരുന്നു എന്നതുകൊണ്ടുതന്നെ ടികെ ഗോവിന്ദന്‍ ഇക്കാര്യത്തില്‍ ജാഗ്രതയോടെ ഇടപെട്ടു. ഏവര്‍ക്കും പ്രശ്‌നങ്ങളുമായി സമീപിക്കാനുള്ള സാഹചര്യവും ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറുന്ന ജീവനക്കാരും ടികെ ഗോവിന്ദന്റെ ഓഫീസിന്റെ പ്രത്യേകതയാണ്. അതിനിടെ, എംഎല്‍എ ഓഫീസില്‍ ഇന്റേണ്‍ ആയി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞപ്പോഴുള്ള അനുഭവം പങ്കുവെച്ചുള്ള പറശ്ശിനിക്കടവ് സ്വദേശിയുടെ കുറിപ്പും ശ്രദ്ധേയമായി.
ശ്രീരാഗ് അശോകന്റെ ഫേസ്ബുക്ക് പോസ്റ്റ്,
തളിപ്പറമ്പ് എം.എല്‍.എ ഓഫീസിലെ എന്റെ ഇന്റേണ്‍ഷിപ്പ് ദിനങ്ങള്‍ : തിരിച്ചറിവുകളുടെയും പഠനത്തിന്റെയും കാലം ???
നിയമ പഠനത്തിന്റെ അവസാന വര്‍ഷത്തേക്ക് കടന്നപ്പോള്‍ ഈ പ്രാവിശ്യം എം. എല്‍. എ ഓഫീസില്‍ ഒരു ഇന്റേണ്‍ ആയി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഏറ്റവും സവിശേഷവും അഭിമാനകരവുമായ അനുഭവങ്ങളിലൊന്നാണ്. അക്കാദമിക് തലത്തിലുള്ള പുസ്തക അറിവുകള്‍ക്കപ്പുറം, പ്രായോഗികമായ പൊതുപ്രവര്‍ത്തനവും ഭരണസംവിധാനങ്ങളും എങ്ങനെയാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന് നേരിട്ട് കണ്ടറിയാനുള്ള ഒരു വലിയ അവസരമായിരുന്നു ഇത്.
കേവലം ഔദ്യോഗികമായ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനും തരംതിരിക്കുന്നതിനുമപ്പുറം, ഓരോ ഫയലിന് പിന്നിലും ഒരു സാധാരണക്കാരന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ഇവിടെവെച്ചാണ്. വരുന്ന ഓരോ ഫയലുകലിലെയും ഓരോ വരികളും നോക്കി അതിന്റെ പ്രാധാന്യം മനസിലാക്കി തന്നെ അവ കൈകാര്യം ചെയുന്നു.
രാവിലെ ഓഫീസ് തുറക്കുന്നത് മുതല്‍ വൈകുന്നേരം വരെ നീളുന്ന തിരക്കുകള്‍ക്കിടയിലും, മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ത ആവശ്യങ്ങളുമായി എത്തുന്ന മനുഷ്യരെ സ്വീകരിക്കുന്ന രീതിയും അവരോടു കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കവാനെടുക്കുന്ന സമയവും വിചാരിക്കുന്നതിലും അപ്പുറം ആയിരുന്നു ഒരാളും എടുക്കാത്തത്ര സമയം എടുത്തുകൊണ്ടു അവര്‍ക്ക് കാര്യം മനസിലായെന്ന പൂര്‍ണ്ണ ബോധ്യം വന്നാല്‍ മാത്രം അവസാനിക്കുന്ന സംസാരം.
ഒരു വിഷയവുമായി ബന്ധപ്പെട്ടു വന്ന ഒരു അമ്മയുടെ പരാതി കേള്‍ക്കുകയും അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ അവരെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിക്കൊണ്ടു തന്നെ മുന്നോട്ട് പോകുന്ന കാഴ്ച കൗതുകം ഉണ്ടാക്കി. ജനങ്ങളുടെ പരാതികളും സങ്കടങ്ങളും ക്ഷമയോടെ കേള്‍ക്കാനും, അവയ്ക്ക് നിയമപരമായ വഴികളിലൂടെ എത്രയും വേഗം പരിഹാരം കാണാനും ഓഫീസ് സിസ്റ്റം എത്രത്തോളം കൃത്യമായും ജാഗ്രതയോടെയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ നേരിട്ട് കണ്ടറിഞ്ഞു.
മണ്ഡലത്തിലെ വലിയ വികസന പദ്ധതികളുടെ ആസൂത്രണം, ഫണ്ട് വിനിയോഗം, പ്രാദേശികമായ ആവശ്യങ്ങളുടെ ഫോളോ-അപ്പുകള്‍ എന്നിവയെല്ലാം ഒരു ടീം വര്‍ക്കിലൂടെ എങ്ങനെ വിജയകരമായി കൊണ്ടുപോകാമെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്ക് ലഭിച്ച വലിയൊരു പ്രായോഗിക ജ്ഞാനമാണ്. ഓഫീസിലെ സ്റ്റാഫിന്റെയും മറ്റ് സഹപ്രവര്‍ത്തകരുടെയും സ്‌നേഹത്തോടെയുള്ള പിന്തുണയും, ഏത് പ്രതിസന്ധി ഘട്ടത്തിലും പുഞ്ചിരിയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവരുടെ കഴിവും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
ഈയൊരു മികച്ച അവസരം നല്‍കിയതിനും എന്നെ ഒരു ടീം അംഗത്തെപ്പോലെ കൂടെ നിര്‍ത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനും എം.എല്‍. എ യുടെ PA ആയ ജയദേവന്‍ സാറിനും APA ആയ ജയേട്ടനും ഓഫീസിലെ എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
ഒരു ജനപ്രതിനിധിയുടെ ഓഫീസ് എങ്ങനെയാണ് ജനങ്ങള്‍ക്ക് എപ്പോഴും പ്രാപ്യമായ ഒരു ആശ്വാസകേന്ദ്രമാകേണ്ടത് എന്നതിന്റെ ഏറ്റവും മികച്ച മാതൃകയാണ് ഞാന്‍ ഇവിടെ കണ്ടത്. ജനങ്ങളിലേക്ക് ഇത്രത്തോളം ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്ന ഈ ഓഫീസ് അന്തരീക്ഷവും വികസന വേഗതയും നേരിട്ടറിഞ്ഞപ്പോള്‍ എനിക്ക് ഒന്നുറപ്പിച്ചു പറയാന്‍ സാധിക്കും; വികസനകാഴ്ചപ്പാടും മാനുഷീക പരിഗണനയും മുന്നോട്ട് വെക്കുന്ന ഒരാളെ, ടി. കെ. ഗോവിന്ദന്‍ മാഷെ തങ്ങളുടെ ജനപ്രതിനിധിയായി തിരഞ്ഞെടുത്തതില്‍ തളിപ്പറമ്പിലെ ജനങ്ങള്‍ക്ക് ഒട്ടും തെറ്റ് പറ്റിയിട്ടില്ല.