കിട്ടാക്കടമായ 25,000 കോടി രൂപയും സ്വര്‍ണക്കട മുതലാളിമാരില്‍ നിന്ന് 15,000 കോടി രൂപയും പിരിച്ചെടുത്താല്‍ സാമ്പത്തിക പ്രശ്‌നം തീരും, ഇത് എങ്ങിനെ നടപ്പാക്കുമെന്ന് തോമസ് ഐസക്
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ എന്തു മാര്‍ഗമാണ് മുന്നിലുള്ളതെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക് ചോദിക്കുന്നു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ 25000 കോടി രൂപയുടെ നികുതി കുടിശ്ശികയും 15,000 കോടി രൂപ സ്വര്‍ണവില്‍പന ജിഎസ്ടി ആയും കിട്ടുമെന്നായിരുന്നു വിഡി സതീശന്‍ പറഞ്ഞിരുന്നത്. ഇത് പിരിച്ചുകിട്ടിയാല്‍ സാമ്പത്തിക പ്രതിസന്ധി തീരുമെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ എന്തു മാര്‍ഗമാണ് മുന്നിലുള്ളതെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക് ചോദിക്കുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ 25,000 കോടി രൂപയുടെ നികുതി കുടിശ്ശികയും 15,000 കോടി രൂപ സ്വര്‍ണവില്‍പന ജിഎസ്ടി ആയും കിട്ടുമെന്നായിരുന്നു വിഡി സതീശന്‍ പറഞ്ഞിരുന്നത്. ഇത് പിരിച്ചുകിട്ടിയാല്‍ സാമ്പത്തിക പ്രതിസന്ധി തീരുമെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
'നയാ പൈസയില്ല.... സാമ്പത്തിക പ്രതിസന്ധി വിദഗ്ദരുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച'' ഇതാണ് മനോരമയുടെ തലക്കെട്ട്. അതേ വാര്‍ത്തയില്‍ കാണാം ക്ഷേമ പെന്‍ഷന്‍ 25 മുതല്‍ ??1070 കോടി രൂപ അനുവദിച്ചു.
നയാ പൈസ ഇല്ലെങ്കില്‍ 1070 കോടി രൂപ എങ്ങനെ അനുവദിച്ചു? ഈ മാസം മുതല്‍ ആശമാര്‍ക്ക് 3000 രൂപയും അങ്കണവാടിക്കാര്‍ക്ക് 1000 രൂപ വീതവും എങ്ങനെ അനുവദിച്ചു? യുഡിഎഫ് അധികാരത്തിലേറുന്ന ദിവസം ട്രഷറി ബാലന്‍സ് എത്രയായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കുമോ? 6000 കോടി രൂപ ബാലന്‍സ് ഉണ്ടായിരുന്നൂവെന്ന് മുന്‍ ധനമന്ത്രി. എങ്ങനെ ഒരു നയാ പൈസയില്ലായെന്നു പറയാനാകും?
ഒരു ദിവസത്തെ ട്രഷറിയിലെ ക്യാഷ് ബാലന്‍സ് ഉയര്‍ത്തിപ്പിടിച്ച് സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലായെന്നു വാദിക്കാനല്ല എന്റെ ശ്രമം. സാമ്പത്തിക പ്രതിസന്ധി ഉണ്ട്. ഇന്നലെയും ഉണ്ട്, ഇന്നും ഉണ്ട്. അത് എങ്ങനെ മാനേജ് ചെയ്യുന്നൂവെന്നതാണ് വെല്ലുവിളി. അല്ലാതെ നയാ പൈസയില്ലായെന്നു നിലവിളിച്ചു നടക്കുകയല്ല വേണ്ടത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ ധനകാര്യം നന്നായി മാനേജ് ചെയ്തു. യുഡിഎഫ് ഭരണത്തിന്റെ അവസാന വര്‍ഷം 2015-16-ല്‍ 94000 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം ചെലവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മൊത്തം സര്‍ക്കാര്‍ ചെലവ് 1.98 ലക്ഷം കോടി രൂപയാണ്. ഇരട്ടിയിലേറെ.
മേല്‍പ്പറഞ്ഞത് റവന്യു ചെലവും മൂലധനച്ചെലവും അടക്കം മൊത്തം ചെലവാണ്. മൂലധനച്ചെലവ് മാത്രമെടുത്താല്‍ എന്താണ് സ്ഥിതി? യുഡിഎഫിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷ ഭരണക്കാലത്ത് 24500 കോടി രൂപയാണ് മൂലധനച്ചെലവ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ ഭരണക്കാലത്ത് 47600 കോടി രൂപ. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് 70000 കോടി രൂപ. ഇത് ബജറ്റില്‍ നിന്നുള്ള ചെലവ്. ഇതിനോടൊപ്പം ബജറ്റിനു പുറത്ത് കിഫ്ബി വഴി നേരിട്ടും അല്ലാതെയും ചെലവഴിച്ച പണവും കൂടി കണക്കിലെടുത്താല്‍ അതും വരും ഒരുലക്ഷത്തിലേറെ കോടി രൂപ. അങ്ങനെ മൂലധനച്ചെലവ് 2 ലക്ഷം കോടി രൂപയിലേറെ വരും.
ഇത്രയും മൂലധനച്ചെലവിന് മുടക്കുമ്പോഴും റവന്യു ചെലവുകള്‍ക്ക് ആവശ്യത്തിന് റവന്യു വരുമാനം ഇല്ലാത്തതുകൊണ്ട് പല ചെലവുകളും മാറ്റിവയ്‌ക്കേണ്ടി വന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്തുകൊണ്ട്? ഈയൊരു അവസ്ഥ കേന്ദ്ര സര്‍ക്കാര്‍ മനപൂര്‍വ്വം സൃഷ്ടിച്ചതാണ്. സംസ്ഥാന റവന്യു വരുമാനത്തിന്റെ 25 ശതമാനത്തില്‍ താഴെ മാത്രമേ കേരളത്തിന് ലഭിക്കുന്നുള്ളൂ. രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് അത് 50 ശതമാനത്തിലേറെ ലഭിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും മറ്റും തുക കുടിശികയാക്കുന്നു. സംസ്ഥാനത്തിന്റെ വായ്പാ വിഹിതം വെട്ടിക്കുറയ്ക്കുന്നു.
ഇതിനൊക്കെ എതിരെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഒരു തവണയെങ്കിലും യുഡിഎഫ് പ്രതിഷേധിച്ചിട്ടുണ്ടോ? കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റില്‍ ശബ്ദിച്ചിട്ടുണ്ടോ? ഇനിയെങ്കിലും ഈ നയങ്ങള്‍ തിരുത്തണം. കേന്ദ്ര സര്‍ക്കാരിന്റെ വിവേചനത്തിനെതിരെ പോരാടാന്‍ തയ്യാറാകണം.
ഏതായാലും ധവളപത്രം ഇറക്കുന്നത് നന്നായി 2016-ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴും ധവളപത്രം ഇറക്കിയിരുന്നു. ഇതിനു നിയോഗിച്ചിരിക്കുന്ന കമ്മിറ്റിക്ക് വസ്തുനിഷ്ഠമായി ഈ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ കഴിയട്ടെ. പക്ഷേ, മൂന്ന് ചോദ്യങ്ങള്‍ക്ക് ധവളപത്രം മറുപടി പറഞ്ഞേ പറ്റൂ. മുഖ്യമന്ത്രി വി.ഡി. സതീശന്‍ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ ഉയര്‍ത്തിയ ആരോപണങ്ങളാണ് അവ.
ഒന്ന്, 25000 കോടി രൂപയുടെ നികുതി കുടിശിക ഉണ്ടെന്നാണല്ലോ പറഞ്ഞിരുന്നത്. അവ പിരിക്കാന്‍ കുറ്റകരമായ അനാസ്ഥ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ചെന്നും ആക്ഷേപമുണ്ട്. ഇതില്‍ എത്ര കോടി രൂപ ഈ വര്‍ഷം പിരിച്ചെടുക്കും? പ്രതിസന്ധി തീര്‍ക്കാന്‍ കുടിശിക മാത്രം പിരിച്ചെടുത്താല്‍ മതിയെന്നായിരുന്നല്ലോ സതീശന്റെ വാദം.
രണ്ട്, സ്വര്‍ണ്ണത്തില്‍ നിന്ന് ഇപ്പോള്‍ ജി.എസ്.ടി വരുമാനം ഏതാണ്ട് 600 കോടി രൂപയാണ്. സ്വര്‍ണ്ണ വില്പനയുടെ ടേണോവര്‍ വച്ചു നോക്കിയാല്‍ 15000 കോടി രൂപയെങ്കിലും പിരിച്ചെടുക്കാനാകുമെന്നാണല്ലോ പറഞ്ഞിരുന്നത്. ഈ വര്‍ഷം എത്ര കോടി രൂപ സ്വര്‍ണ്ണത്തില്‍ നിന്നും പിരിച്ചെടുക്കും?
മൂന്ന്, സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമത ഇല്ലാത്തതുകൊണ്ട് 25000 കോടി രൂപ ഐ.ജി.എസ്.ടി കേരളത്തിന് നഷ്ടപ്പെട്ടുവെന്നതാണ് മറ്റൊരു വിമര്‍ശനം. ജി.എസ്.ടിയില്‍ കേന്ദ്രവും സംസ്ഥാനവും സഹകരിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ. ഐ.ജി.എസ്.ടി ഫലപ്രദമായി പിരിച്ചെടുക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നത്? അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഐ.ജി.എസ്.ടി എത്ര കൂടുതല്‍ പിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു?
ഈ ചോദ്യങ്ങള്‍ക്ക് ധവളപത്രം മറുപടി നല്‍കണം. അല്ലെങ്കില്‍ ഈ ആരോപണങ്ങള്‍ ഏറ്റവും ശക്തമായി ഉന്നയിച്ചുകൊണ്ടിരുന്ന വി.ഡി. സതീശന്‍ മറുപടി നല്‍കിയാല്‍ മതിയാകും. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ശരിയാണെങ്കില്‍ ഒരു സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകേണ്ട കാര്യമില്ല. കുടിശിക തീര്‍ത്തു പിരിക്കുക, ജി.എസ്.ടി പൂര്‍ണ്ണമായും പിരിച്ചെടുക്കുക. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീരും.