സ്വര്‍ണവില കൂടുമ്പോള്‍ വമ്പന്‍ ലാഭം നേടുന്നത് വില്‍പ്പനക്കാര്‍, വില്‍ക്കുന്നത് നേരത്തെ വാങ്ങിവെച്ച സ്വര്‍ണം, ജനങ്ങള്‍ക്ക് ആഭരണഭ്രമമെന്ന് തോമസ് ഐസക്

സ്വര്‍ണവില ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറവെ ഇതില്‍നിന്നുള്ള ലാഭം പ്രധാനമായും ലഭിക്കുന്നത് സ്വര്‍ണവില്‍പ്പനക്കാര്‍ക്കാണെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്.

 

നേരത്തെ വാങ്ങിവെച്ച സ്വര്‍ണമാണ് ഇവര്‍ വില്‍ക്കുന്നത്. വില കൂടുമ്പോള്‍ വില്‍പ്പന കുറയുന്നു എന്ന വാദത്തില്‍ കഴമ്പില്ല. വില കൂടുമ്പോള്‍ വില്‍ക്കാത്തതിനാല്‍ സാധാരണക്കാര്‍ക്ക് ലാഭം കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: സ്വര്‍ണവില ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറവെ ഇതില്‍നിന്നുള്ള ലാഭം പ്രധാനമായും ലഭിക്കുന്നത് സ്വര്‍ണവില്‍പ്പനക്കാര്‍ക്കാണെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. നേരത്തെ വാങ്ങിവെച്ച സ്വര്‍ണമാണ് ഇവര്‍ വില്‍ക്കുന്നത്. വില കൂടുമ്പോള്‍ വില്‍പ്പന കുറയുന്നു എന്ന വാദത്തില്‍ കഴമ്പില്ല. വില കൂടുമ്പോള്‍ വില്‍ക്കാത്തതിനാല്‍ സാധാരണക്കാര്‍ക്ക് ലാഭം കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സ്വര്‍ണ്ണത്തിന്റെ വില പവന് ഒരുലക്ഷം രൂപ കടന്നു. സ്വര്‍ണ്ണത്തിന്റെ വിലയില്‍ ഏതാണ്ട് 70 ശതമാനം വില വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പത്ത് വര്‍ഷംകൊണ്ട് വില വര്‍ദ്ധന അഞ്ചിരട്ടിയാണ്. എന്നാല്‍ ആഗോള സമ്പദ്ഘടനയില്‍ ഇതിന്റെ ഫലമായി എന്തെങ്കിലും ഗൗരവമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് കരുതേണ്ട. 

സ്വര്‍ണ്ണം സ്വത്ത് സൂക്ഷിക്കാനുള്ള ആസ്തികളില്‍ ഒന്നുമാത്രമാണ്. ലോകസമ്പത്തില്‍ 50-60 ശതമാനം ഭൂസ്വത്തും റിയല്‍ എസ്റ്റേറ്റുമാണ്. 35-40 ശതമാനം ഷെയറുകള്‍, ബോണ്ടുകള്‍, ബാങ്ക് ഡെപ്പോസിറ്റ്, ഇന്‍ഷ്വറന്‍സ് തുടങ്ങിയ ധനകാര്യ ആസ്തികളിലാണ്. സ്വര്‍ണ്ണമാകട്ടെ മൊത്തം ആസ്തികളില്‍ 2-6 ശതമാനമേ വരൂ. അതുകൊണ്ട് സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നതുകൊണ്ട് ആഗോള സമ്പദ്ഘടനയില്‍ ഭൂമികുലുക്കമൊന്നും ഉണ്ടാവുകയില്ല. എങ്കിലും പറയുകയാണെങ്കില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ അമേരിക്കയുടെമേല്‍ സമ്മര്‍ദ്ദംമേറും. അതുപോലെ ഡോളറിന്റെ പ്രിയം കുറയും.

എന്നാല്‍ അതല്ല, ഇന്ത്യയിലെ സ്ഥിതി. സമ്പത്തിന്റെ 60-70 ശതമാനം ഭൂമിയും റിയല്‍ എസ്റ്റേറ്റുമാണ്. അതു കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയയിനം 15-20 ശതമാനം വരുന്ന സ്വര്‍ണ്ണമാണ്. ബാങ്ക് ഡെപ്പോസിറ്റുകള്‍പോലും 10-15 ശതമാനമേ വരൂ. ഓഹരികള്‍ 5-8 ശതമാനം. പെന്‍ഷന്‍ ഫണ്ടുകള്‍ 5-6 ശതമാനം. ഇന്‍ഷ്വറന്‍സ് 5-10 ശതമാനം. കാശായി 3-5 ശതമാനം.

ലോകത്തെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണശേഖരമുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. പക്ഷേ, വീടുകളിലാണെന്നു മാത്രം. 25000 - 34600 ടണ്‍ സ്വര്‍ണ്ണം ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്. അതില്‍ 880 ടണ്ണേ റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ശേഖരം വരൂ. ബാക്കിയെല്ലാം ആഭരണവും മറ്റുമായി നാട്ടുകാരുടെ കൈകളിലാണ്. ഏതാണ്ട് 700 ടണ്ണാണ് ഓരോ വര്‍ഷവും വിദേശത്തുനിന്നും വാങ്ങുന്നത്. സ്വര്‍ണ്ണത്തിനു വലിയ പ്രിയമുള്ള സംസ്‌കാരമാണ് നമ്മുടേത്. 

സ്വര്‍ണ്ണത്തിന് വില കൂടുമ്പോള്‍ ഇറക്കുമതിച്ചെലവ് കൂടും. ഇതിന്റെ ഭാഗമായി വ്യാപാരക്കമ്മി വര്‍ദ്ധിക്കും. 2025 ഒക്ടോബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിച്ചെലവ് 200 ശതമാനമാണ് വര്‍ദ്ധിച്ചത്. ഇതിന്റെ ഫലമായി വ്യാപാരക്കമ്മി ദേശീയ വരുമാനത്തിന്റെ 2.5 ശതമാനമായി ഉയര്‍ന്നു. ഇത്തരത്തില്‍ വ്യാപാരക്കമ്മി ഉയരുന്നത് രൂപയുടെ മൂല്യയിടിവിന് ഒരു കാരണമായി. ഇങ്ങനെ ഉണ്ടാകാമെങ്കിലും സ്വര്‍ണ്ണം സ്വത്തായി ഉള്ളവരുടെയെല്ലാം സമ്പത്തിന്റെ മൂല്യം ഉയരും. സ്വര്‍ണ്ണം പണയംവച്ചുള്ള ഇടപാടുകളും വര്‍ദ്ധിക്കും. കൂടുതല്‍ സ്വത്തുണ്ടെന്ന് തോന്നുമ്പോള്‍ ചിലര്‍ കൂടുതല്‍ ചെലവഴിച്ചെന്നും വരും.

എന്തുകൊണ്ടാണ് ആഗോളമായി സ്വര്‍ണ്ണത്തിന്റെ വില കൂടുന്നത്? ഇതിനു പ്രധാന കാരണം ട്രംപാണ്. ഉക്രെയിന്‍ പ്രതിസന്ധി നേരത്തെ തുടങ്ങിയതാണ്. പക്ഷേ, വെനിസ്വല പ്രതിസന്ധി ട്രംപ് സൃഷ്ടിച്ചതാണ്. രണ്ടും ആഗോള സമ്പദ്ഘടനയില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനു പുറമേയാണ് ട്രംപിന്റെ താരിഫ് സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥ. അനിശ്ചിതാവസ്ഥ ഉയരുമ്പോള്‍ നിക്ഷേപകരെല്ലാം കൂടുതല്‍ സുരക്ഷിതമായ ഏതെങ്കിലും നിക്ഷേപ ഉപാധിയെ ആശ്രയിക്കും. നിക്ഷേപത്തിനുവേണ്ടി സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നു. ഇതാണ് വിലക്കയറ്റത്തിന്റെ അടിസ്ഥാനകാരണം.

ഡോളറിന്റെ മൂല്യം ഇടിയുന്നതും ഡോളറിനു പകരം പുതിയ കറന്‍സികള്‍ ഉയരാനുള്ള സാധ്യതമൂലവും സ്വര്‍ണ്ണത്തിനു പ്രിയമേറുന്നു. പല റിസര്‍വ്വ് ബാങ്കുകളും അവരുടെ കരുതല്‍ ശേഖരം സ്വര്‍ണ്ണത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇതെല്ലാം സ്വര്‍ണ്ണത്തിന്റെ വിലവര്‍ദ്ധനവിനു കാരണമാകുന്നു. ഈ പ്രവണത ഇനിയും തുടരാനാണു സാധ്യത. 

ഇതിന്റെ നേട്ടം ആര്‍ക്കൊക്കെയാണ്? സ്വര്‍ണ്ണാഭരണങ്ങളും മറ്റും നേരത്തെ വാങ്ങിസൂക്ഷിച്ചവര്‍ക്ക് നേട്ടമാണ്. സ്വര്‍ണ്ണം പണയം വച്ചാല്‍ നല്ല തുക ഇപ്പോള്‍ ലഭിക്കും. പക്ഷേ, ഏറ്റവും വലിയ നേട്ടം സ്വര്‍ണ്ണക്കച്ചവടക്കാര്‍ക്കാണ്. അവര്‍ വാങ്ങുന്ന സ്വര്‍ണ്ണം പണി തീര്‍ത്ത് വില്പന നടത്തുമ്പോഴേക്കും വില കുത്തനെ ഉയര്‍ന്നുകാണും. പക്ഷേ, ആഭരണക്കടക്കാരോട് ചോദിച്ചാല്‍ അവരെല്ലാം പറയുക മറ്റൊരു ചിത്രമായിരിക്കും. സ്വര്‍ണ്ണത്തിന്റെ വില ഇങ്ങനെ കുതിച്ചുയരുന്നതുകൊണ്ട് ആളുകള്‍ ആഭരണം വാങ്ങാന്‍ മടിക്കുന്നു, കച്ചവടം കുറയുന്നു എന്നായിരിക്കും. 

ശരിയാണ്, 2025-ലെ രണ്ടാംപാദത്തില്‍ ആഭരണവില്പനയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പക്ഷേ, കച്ചവടത്തിന്റെ ടേണോവര്‍ തൂക്കത്തില്‍ അല്ലല്ലോ, രൂപയിലല്ലേ കണക്കാക്കേണ്ടത്. തൂക്കത്തില്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി 2025-ല്‍ ഏതാണ്ട് 600 ടണ്ണേ വരൂ. അഞ്ച് വര്‍ഷത്തിനിടയിലുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതി തൂക്കമാണിത്. പക്ഷേ, ഏതാണ്ട് 75 ബില്യണ്‍ ഡോളര്‍ വരും ഇതിന്റെ ഇറക്കുമതി വില. ഇതാകട്ടെ സര്‍വ്വകാല റെക്കോര്‍ഡാണ്. 

അതുകൊണ്ട് ഞാന്‍ പറയുക - സ്വര്‍ണ്ണവിലക്കയറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സ്വര്‍ണ്ണക്കടക്കാരാണ്. അപ്പോള്‍ സ്വര്‍ണ്ണാഭരണങ്ങളും മറ്റും കൈയിലുള്ള സാധാരണക്കാരോ? അവരുടെ സ്വത്ത് വര്‍ദ്ധിക്കുമെന്നതു ശരി. പക്ഷേ, സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നൂവെന്നു പറഞ്ഞ് അവര്‍ സ്വര്‍ണ്ണം വിറ്റ് കാശാക്കില്ലല്ലോ. ആഭരണഭ്രമം അത്രയേറെ കലശലാണ്.