യുദ്ധം തുടര്‍ന്നാല്‍ ഇന്ത്യ വമ്പന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്, ഷെയര്‍ മാര്‍ക്കറ്റുകള്‍ കൂപ്പുകുത്തുന്നു, എണ്ണവില 200 ഡോളറായേക്കാം

ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് നടത്തുന്ന യുദ്ധം നീണ്ടുനിന്നാല്‍ ലോകമെങ്ങും സാമ്പത്തിക തകര്‍ച്ചയിലേക്ക് വീണുപോയേക്കാമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്.

 

ഓഹരിവിലകള്‍ എല്ലായിടത്തും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ കൈയ്യിലുള്ള എണ്ണ തീരുംമുന്‍പ് യുദ്ധം തീരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് നടത്തുന്ന യുദ്ധം നീണ്ടുനിന്നാല്‍ ലോകമെങ്ങും സാമ്പത്തിക തകര്‍ച്ചയിലേക്ക് വീണുപോയേക്കാമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. ഓഹരിവിലകള്‍ എല്ലായിടത്തും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ കൈയ്യിലുള്ള എണ്ണ തീരുംമുന്‍പ് യുദ്ധം തീരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ലോകം ഒരുപക്ഷേ 1970-കള്‍ക്കു സമാനമായ ഒരു സാമ്പത്തിക തകര്‍ച്ചയിലേക്ക് വഴുതിവീണുകൊണ്ടിരിക്കുകയാണ്. യുദ്ധം അനിശ്ചിതമായി തുടര്‍ന്നാല്‍ ഇത് അനിവാര്യമാണ്. എല്ലാവരുടെയും ശ്രദ്ധ വിലക്കയറ്റത്തിലാണ്. യുദ്ധത്തിന്റെ പ്രത്യക്ഷ പ്രത്യാഘാതം എണ്ണ വിലകളിലാണ്. ഇപ്പോള്‍ ബാരലിന് 100 ഡോളര്‍ കടന്നിട്ടേയുള്ളൂ. 2026-ല്‍ ഏതാണ്ട് 60 ഡോളറാണ് എണ്ണയുടെ പ്രവചനമായിരുന്നത്. അത് 200 ഡോളറാക്കുമെന്നാണ് ഇറാന്റെ ഭീഷണി. യുദ്ധം മുറുകിയാല്‍ അത് സംഭവിച്ചേക്കാം. 
പക്ഷേ, ആഗോള ഉല്‍പ്പാദനത്തിന് എന്തു സംഭവിക്കും? ആഗോള ഉല്‍പ്പാദനത്തെയും, കോര്‍പ്പറേറ്റ് ഉല്‍പ്പാദനത്തെയും, ലാഭത്തെയും സംബന്ധിച്ച നിക്ഷേപകരുടെ പ്രതീക്ഷകളാണ് ഓഹരി കമ്പോളത്തിലെ വിലകളില്‍ പ്രതിഫലിക്കുന്നത്. ഫെബ്രുവരി 28-നു ശേഷം അമേരിക്കയില്‍ ഓഹരി വിലകള്‍ 1 മുതല്‍ 1.5 ശതമാനം വരെ ഇടിഞ്ഞു. യൂറോപ് എടുത്താല്‍ 2 മുതല്‍ 4 ശതമാനം വരെയാണ് ഓഹരി വിലകളിലെ ഇടിവ്. ഏഷ്യന്‍ രാജ്യങ്ങളുടെ തകര്‍ച്ച 3 മുതല്‍ 12 ശതമാനം വരെയാണ്. ഇന്ത്യയും ചൈനയും അടക്കമുള്ള എമര്‍ജിങ്ങ് ഇക്കണോമിയില്‍ 3 ശതമാനം മുതല്‍ 6 ശതമാനം വരെയാണ് തകര്‍ച്ച. ഇന്ത്യയില്‍ നിഫ്റ്റി 6 ശതമാനവും സെന്‍സെക്‌സ് 8 ശതമാനവും ഇടിഞ്ഞു.

ആഗോള ഓഹരി വിലകള്‍ താഴേയ്ക്കാണ്. പക്ഷെ തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയിട്ടില്ല. അമേരിക്കയുടെ കയ്യില്‍ 1970 കളെ അപേക്ഷിച്ചു ഭീമമായ എണ്ണശേഖരമുണ്ട്. അത് തീരും മുന്‍പ് യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍. 
എങ്ങിനെയൊക്കെയാണ്  യുദ്ധം ആഗോള ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നത്? 

ട്രംപിന്റെ തീരുവകള്‍ സൃഷ്ട്ടിച്ച അനിശ്ചിതത്വങ്ങളുടെ നടുവിലാണ് ആഗോള സമ്പദ്ഘടന. ആഗോള സാമ്പത്തിക വളര്‍ച്ച 2026-ല്‍ 3.2 ശതമാനം ആയിരിക്കും എന്നാണു കണക്കുകൂട്ടല്‍. യുദ്ധം പേര്‍ഷ്യന്‍, ഗള്‍ഫ് രാജ്യങ്ങളുടെ ഉല്‍പ്പാദനത്തിന് വലിയ തിരിച്ചടിയാവും ആഗോള ഉല്‍പ്പാദഹനത്തിന്റെ ഏതാണ്ട് 3.5 ശതമാനം വരും ഈ രാജ്യങ്ങളുടെ ഉല്‍പ്പാദനം. ഇത്രയല്ലേ ഉള്ളൂവെന്ന് വിചാരിക്കാം. 

പക്ഷേ, ലോകത്തെ ഏതാണ്ട് 17-18 ശതമാനം കുടിയേറ്റക്കാര്‍ ഈ രാജ്യങ്ങളിലാണ്. ഏതാണ്ട് 140 ബില്യണ്‍ ഡോളറാണ് പശ്ചിമേഷ്യയില്‍ നിന്ന് വര്‍ഷംതോറും അയക്കുന്നത്. ഇത് ആഗോള റെമിറ്റന്‍സിന്റെ 15 മുതല്‍ 18 ശതമാനം വരും. ഇതില്‍ വരുന്ന ഇടിവ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ വളരെ പ്രതികൂലമായി ബാധിക്കും.

യുദ്ധംമൂലം ഏറ്റവും കൂടുതല്‍ തിരിച്ചടി ഉണ്ടായിട്ടുള്ളത് വ്യോമയാന വ്യവസായത്തിനും, ടൂറിസം വ്യവസായത്തിനും ആണ്. ആഗോള വ്യാപാരത്തിന്റെ വളര്‍ച്ച കൂടുതല്‍ മന്ദീഭവിക്കും. ഇത്രയൊക്കെ തീര്‍ച്ചയാണ്. ഇതിന്റെ ഫലമായി ആഗോള സാമ്പത്തിക വളര്‍ച്ച 3.2 ല്‍ നിന്ന് താഴേയ്ക്ക് പോവുമെന്ന് തീര്‍ച്ചയായി. ഇത് തകര്‍ച്ചയിലേക്ക് നയിക്കുമോ ഇല്ലയോ എന്നത് സാമ്പത്തിക നയ സമീപനങ്ങളെ ആശ്രയിച്ചിരിക്കും. 

നമ്മള്‍ മുകളില്‍ വിവരിച്ചത് വിചിത്രമായ ഒരു സ്ഥിതിവിശേഷമാണ്. ഒരു വശത്ത്  വിലക്കയറ്റം രൂക്ഷമാവുന്നു. മറുവശത്ത് സമ്പദ്ഘടന മാന്ദ്യത്തിലേക്ക് വഴുതി വീഴുകയാണ്. സാധാരണഗതിയില്‍ രണ്ടും കൂടി ഒരേസമയം സംഭവിക്കാന്‍ പാടില്ലാത്തതാണ്. സാധാരണ സാമ്പത്തിക മാന്ദ്യകാലം വിലയിടിവിന്റെ കൂടി കാലമാണ്. അതുപോലെ സാമ്പത്തിക അഭിവൃദ്ധിയുടെ കാലം വില വര്‍ധനവിന്റെ കാലമായിരിക്കും. 1970-കളിലെ ഒപെക് എന്ന വിലവര്‍ദ്ധനവിന്റെ കാലത്താണ് ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. മാന്ദ്യവും (Stagnation) വിലക്കയറ്റവും (Inflation) ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു. അതിനൊരു പുതിയ വാക്ക് കണ്ടുപിടിച്ചേ പറ്റൂ. അങ്ങിനെ സ്റ്റാഗ്ഫ്‌ളേഷന്‍ (Stagnation + Inflation = Stagflation) എന്ന പ്രയോഗം നിലവില്‍ വന്നു.

സാമ്പത്തിക മാന്ദ്യത്തിനുള്ള മരുന്ന് രണ്ടാണ്. ഒന്ന്, സര്‍ക്കാര്‍ ചിലവുകള്‍ വര്‍ധിപ്പിക്കുക. രണ്ട്, പലിശനിരക്ക് കുറയ്ക്കുക. മാന്ദ്യം വിലയിടിവിന്റെ കൂടി കാലമാണല്ലോ അതുകൊണ്ട്  അതുകൊണ്ട് മേല്‍പ്പറഞ്ഞ നടപടികള്‍ വിപരീത ഫലങ്ങളൊന്നും ഉണ്ടാക്കില്ല. എന്നാല്‍ ഇങ്ങനെ അല്ലല്ലോ ഇന്നത്തെ അവസ്ഥ. മാന്ദ്യത്തിനു കൊടുക്കുന്ന മരുന്നുകള്‍ വിലക്കയറ്റത്തിന് ഉത്തേജകമാവും. അങ്ങിനെ വരുമ്പോള്‍ സാമ്പത്തിക മേഖലയില്‍ ഇടപെടുക സര്‍ക്കാരുകള്‍ക്ക് ദുഷ്‌ക്കരമാവും. ഇത്തരമൊരു ഏടാകൂടത്തിലേക്കാണ് ആഗോള സമ്പദ്ഘടന നീങ്ങിക്കൊണ്ടിരിക്കുന്നത്. കാത്തിരുന്നു കാണാം