വറുതേ വിരട്ടേണ്ട, നിങ്ങളെ പേടിയില്ല, ഹാജരാകാന്‍ മനസില്ല, ഇഡിയോട് തോമസ് ഐസക്, തെരഞ്ഞെടുപ്പ് കാലത്ത് പതിവ് നാടകം

കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇഡി വീണ്ടും നോട്ടീസ് അയച്ചതോടെ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്.

 

എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന കോടതിയുടെ ചോദ്യത്തിന് ഇഡിക്ക് ഇതുവരെ മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയം കളിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വില കളയരുത്. നിങ്ങള്‍ എന്തൊക്കെ പ്രതിബന്ധം സൃഷ്ടിച്ചാലും നവകേരളം സൃഷ്ടിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇഡി വീണ്ടും നോട്ടീസ് അയച്ചതോടെ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. തെരഞ്ഞെടുപ്പ് കാലത്തെ ഇഡിയുടെ പതിവ് കലാപരിപാടിയാണ് ഇതെന്നും വെറുതെ വിരട്ടേണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന കോടതിയുടെ ചോദ്യത്തിന് ഇഡിക്ക് ഇതുവരെ മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയം കളിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വില കളയരുത്. നിങ്ങള്‍ എന്തൊക്കെ പ്രതിബന്ധം സൃഷ്ടിച്ചാലും നവകേരളം സൃഷ്ടിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

തെരഞ്ഞെടുപ്പ് ആയി. ഇഡി പതിവ് കിഫ്ബി കലാപരിപാടി ആരംഭിച്ചിട്ടുണ്ട്. 2020-ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മസാലബോണ്ട് സംബന്ധിച്ച ആദ്യ നോട്ടീസ് വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇഡി വേട്ട ഉച്ചസ്ഥായിയിലായി. പിന്നെ, ഇഡി വാള് വീശിയിറങ്ങിയത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്താണ്. കേരളത്തില്‍ ഇപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് കാലമായി. മസാലബോണ്ട് കേസുമായി ഇഡി വീണ്ടും പുറപ്പെട്ടിരിക്കുകയാണ്.

ഇതുവരെയും അന്വേഷണത്തിന് ഇഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നോട്ടീസുകള്‍. എന്റെ മാത്രമല്ല, കുടുംബാംഗങ്ങളുടെയടക്കം ബാങ്ക് രേഖകളുമായി ഹാജരാകാനായിരുന്നു ആദ്യ നോട്ടീസ്. ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. എന്തിനാണ് ഈ രേഖകള്‍ എന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ഞാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അപ്പോള്‍ രേഖകളുടെ എണ്ണം കുറച്ചു. എങ്കിലും ഹാജരായേപറ്റൂ. ഞാന്‍ വീണ്ടും കോടതിയില്‍ പോയി. അപ്പോള്‍ കോടതിയും ചോദിച്ചു- എന്തിനാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്? അതിനു കാരണം വ്യക്തമാക്കണം. ഈ ചോദ്യത്തിന് ഇന്നേവരെ ഉത്തരം നല്‍കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ല. 

കാരണം വളരെ ലളിതമാണ്. ഒരു ഫെമാ ലംഘനവും മസാലബോണ്ട് ഇടപാടില്‍ ഉണ്ടായിട്ടില്ല. കാടുംപടലും തല്ലിയുള്ള ഒരു അന്വേഷണമാണ് ലക്ഷ്യം. പതിനായിരക്കണക്കിന് കോടി രൂപയുടെ പ്രൊജക്ടുകളല്ലേ കിഫ്ബി നടപ്പാക്കുന്നത്. തപ്പിയാല്‍ എന്തെങ്കിലും തടയുമെന്നായിരിക്കണം ഇഡിയുടെ രാഷ്ട്രീയ യജമാനന്മാരുടെ ചിന്ത. തങ്ങളെപ്പോലെയാണ് മറ്റെല്ലാവരുമെന്നാണ് ഡല്‍ഹിയിലെ ബിജെപിക്കാര്‍ കരുതുന്നത്. എത്ര തപ്പിയിട്ടും ഒന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇത്തവണ അടവൊന്ന് മാറ്റിയിരിക്കുകയാണ്.

ഞാന്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിനു ഹാജരാകണ്ട. കാരണം അന്വേഷണം അവര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഇതുവരെ നടന്ന അന്വേഷണത്തില്‍ ഫെമ നിയമലംഘനം തെളിഞ്ഞിരിക്കുകയാണത്രേ! അതുകൊണ്ട് The Special Director of Enforcement Directorate (Adjudication), Head Quarters, New Delhi മുന്നില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. അതിനുള്ള ഷോക്കോസ് നോട്ടീസാണ് അയച്ചിരിക്കുന്നത്. നേരിട്ട് ഹാജരാകണമെന്നില്ല. നിയമജ്ഞനോ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റോ വഴി വിശദീകരണം നല്‍കിയാല്‍ മതി. 

നോട്ടീസ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ടി.എം. തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവര്‍ക്കാണു നല്‍കിയിരിക്കുന്നത്. നാല് ദിവസം മുമ്പാണ് നോട്ടീസ് ലഭിച്ചത്. ഞങ്ങള്‍ ഇതാരോടും പറഞ്ഞിട്ടില്ല. പക്ഷേ, ഇഡി കൃത്യമായിട്ട് മാധ്യമങ്ങള്‍ക്ക് പതിവുപോലെ ചോര്‍ത്തിക്കൊടുത്തിരിക്കുകയാണ്. ഇപ്പോള്‍ ബ്രേക്കിംഗ് ന്യൂസുകളുടെ ബഹളമാണ്. പക്ഷേ, പാണ്ടന്‍ നായയുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.

എന്താണ് കിഫ്ബി ചെയ്തിരിക്കുന്ന പ്രമാദമായ കുറ്റം? മസാലബോണ്ട് വഴി സമാഹരിച്ച തുകയിലൊരു ഭാഗം ഭൂമി വാങ്ങാന്‍ (purchase) ഉപയോഗിച്ചിരിക്കുകയാണ്. ഇത് മസാലബോണ്ട് നിബന്ധന പ്രകാരം പാടില്ലാത്തതാണ്. പക്ഷേ, കിഫ്ബി ഭൂമി വാങ്ങുകയല്ല ചെയ്തത്. അക്വയര്‍ ചെയ്യുകയാണ് ചെയ്തത്. അത് അനുവദനീയവുമാണ്. ഭൂമി വാങ്ങലും ഭൂമി അക്വയര്‍ ചെയ്യലും രണ്ടും രണ്ടാണ്. മാത്രമല്ല, മസാലബോണ്ടിന്റെ ഈ നിബന്ധന കിഫ്ബി ഫണ്ട് വിനിയോഗ സമയമായപ്പോഴേക്കും റിസര്‍വ്വ് ബാങ്ക് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് കൃത്യമായ വിശദീകരണം നല്‍കും.

ഇഡിയോട് ഒന്നേ പറയാനുള്ളൂ: വെറുതേ വിരട്ടണ്ട. നിങ്ങളെ പേടിയില്ല. രാഷ്ട്രീയം കളിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വില കളയരുത്. നിങ്ങള്‍ എന്തൊക്കെ പ്രതിബന്ധം സൃഷ്ടിച്ചാലും നവകേരളം സൃഷ്ടിക്കുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനത്തില്‍ നിന്ന് ഒരിഞ്ചുപോലും പുറകോട്ടു പോകാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.

എന്റെ സുഹൃത്ത് രമേശ് ചെന്നിത്തല ടിവിയില്‍ പ്രതികരിക്കുന്നത് കണ്ടു- മസാലബോണ്ട് നിയമവിരുദ്ധമാണെന്ന് പണ്ടേ അദ്ദേഹം പറഞ്ഞിട്ടുണ്ടത്രേ! സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ ഇഡി കേസെടുത്ത ദിവസം തന്നെയാണ് ഇഡിയെ പിന്താങ്ങാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പുറപ്പെട്ടിട്ടുള്ളത്. ഇതെങ്കിലുമൊന്ന് ഓര്‍ക്കണ്ടേ?