ഗംഭീര്‍ പരിശീലകനായി എത്തിയാല്‍ ഉടന്‍ ഈ രണ്ട് സീനിയര്‍ കളിക്കാരെ ടീമില്‍ നിന്നും ഒഴിവാക്കിയേക്കും
ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗൗതം ഗംഭീറിനെ ബിസിസിഐ നിയമിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ചില സീനിയര്‍ കളിക്കാര്‍ക്ക് ടി20 ടീമില്‍ ഇടം നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് പിന്നാലെ രോഹിത് ശര്‍മയെയും വിരാട് കോഹ്ലിയെയും പോലുള്ള മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കി പുതിയ ടീമിനെ വാര്‍ത്തെടുക്കുകയാകും ഗംഭീറിന്റെ ആദ്യനീക്കം.
2024 സെപ്റ്റംബര്‍ മുതല്‍ 2025 ജനുവരി വരെ ഒമ്പത് ടെസ്റ്റുകള്‍ നടക്കാനിരിക്കുന്നതിനാല്‍ രോഹിതും വിരാടും ഏകദിനത്തിലും ടെസ്റ്റിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയുടെ മുഖ്യ പേസര്‍ ജസ്പ്രീത് ബുംറയേയും ടി20 ടീമില്‍ നിന്ന് ഒഴിവാക്കി ടെസ്റ്റില്‍ മാത്രം കളിപ്പിക്കും.
ടി20 ടീമില്‍ യുവതാരങ്ങള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. ഈ കളിക്കാരില്‍ പലരും ഐപിഎല്‍ 2024-ല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയവരാണ്. അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, മായങ്ക് യാദവ്, ഹര്‍ഷിത് റാണ, നിതീഷ് റെഡ്ഡി, വിജയ്കുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവരെല്ലാം ബിസിസിഐയുടെ പരിഗണനയിലുണ്ട്. ഇവരില്‍ ചിലര്‍ സിംബാബ്വെക്കെതിരായ ടി20 മത്സരത്തില്‍ കളിച്ചേക്കും.
ശ്രേയസ് അയ്യര്‍ ആണ് മറ്റൊരു ശ്രദ്ധേയമായ പേര്. ഈ വര്‍ഷം തന്റെ ടീമിനെ ഐപിഎല്‍ വിജയത്തിലേക്ക് നയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനും ടീമില്‍ തിരിച്ചെത്തും. ശ്രീലങ്കയില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി ശ്രേയസ് എത്താനുള്ള എല്ലാ സാധ്യതകളും ഉണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ശരാശരി 50 ന് അടുത്ത് സ്‌കോര്‍ ചെയ്ത താരമാണ് ശ്രേയസ്.
മറ്റ് ഐപിഎല്‍ താരങ്ങളായ റിങ്കു സിംഗ്, ശുഭ്മാന്‍ ഗില്‍, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവരും സിംബാബ്വെയിലേക്ക് പോകാനാണ് സാധ്യത. വിശ്രമം അനുവദിച്ചില്ലെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രേയസ് അയ്യരുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് കെകെആറിന്റെ മെന്ററായ ഗൗതം ഗംഭീറുമായി ബന്ധപ്പെട്ടിരിക്കാം. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബിസിസിഐയുടെ കേന്ദ്ര കരാറില്‍ നിന്ന് ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും ഒഴിവാക്കിയിരുന്നു. ടീമിന്റെ പൂര്‍ണ നിയന്ത്രണവും വൈറ്റ് ബോള്‍, റെഡ് ബോള്‍ ക്രിക്കറ്റിനായി പ്രത്യേക സ്‌ക്വാഡുകളമാണ് ഗംഭീര്‍ ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ഈ ആവശ്യങ്ങള്‍ ബിസിസിഐ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.