പാർട്ടിയിൽ പിൻതുണയില്ല, പി.പി ദിവ്യ ഒറ്റപ്പെട്ടു, രാജി സാദ്ധ്യതയേറി

പരസ്യഅധിക്ഷേപത്തില്‍ മനംനൊന്ത് കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രാജി വയ്ക്കണമെന്ന ആവശ്യം സി.പി.എമ്മിലും പുറത്തും ഉയരുന്നു.

 

പാർട്ടി ജില്ലാ കമ്മിറ്റി അംഗത്വവും ദിവ്യയ്ക്ക് നഷ്ടമായേക്കും. സി.പി.എം കണ്ണൂര്‍, പത്തനംതിട്ട ജില്ലാ നേതൃത്വങ്ങള്‍ കൈയൊഴിഞ്ഞതോടെയാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തുനിന്ന് പി.പി ദിവ്യ പുറത്താകാൻ സാധ്യതയേറിയത്

കണ്ണൂര്‍: പരസ്യഅധിക്ഷേപത്തില്‍ മനംനൊന്ത് കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രാജി വയ്ക്കണമെന്ന ആവശ്യം സി.പി.എമ്മിലും പുറത്തും ഉയരുന്നു. എ.ഡി.എം. നവീൻ ബാബുവിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എ.ഐ.വൈഎഫ് കണ്ണൂർ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. 

തെറ്റു ചെയ്തവരായാലും നിയമത്തിന് മുൻപിൽ കൊണ്ടുവരണം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ.ഡി എമ്മിനുള്ള യാത്രയപ്പ് ചടങ്ങിൽ നടത്തിയ പ്രസംഗം ശുദ്ധ തെമ്മാടിത്താമാണ്. ജനപ്രതിനിധികൾ പക്വത കാണിക്കണമെന്നും എ.ഐ.വൈഎഫ് ജില്ലാ സെക്രട്ടറി കെ.വിസാഗർ പറഞ്ഞു. ഇതിനിടെ പാർട്ടിക്കുള്ളിലും മുന്നണിയിലും പി.പി. ദിവ്യയെ പിൻതുണയ്ക്കാൻ ആരുമില്ലാത്തത് രാജി വയ്ക്കാനുള്ള സാദ്ധ്യത കൂട്ടിയിട്ടുണ്ട്. 

പാർട്ടി ജില്ലാ കമ്മിറ്റി അംഗത്വവും ദിവ്യയ്ക്ക് നഷ്ടമായേക്കും. സി.പി.എം കണ്ണൂര്‍, പത്തനംതിട്ട ജില്ലാ നേതൃത്വങ്ങള്‍ കൈയൊഴിഞ്ഞതോടെയാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തുനിന്ന് പി.പി ദിവ്യ പുറത്താകാൻ സാധ്യതയേറിയത്. ഉടൻ തന്നെ രാജിക്കത്ത് കലക്ടർക്ക് കൈമാറണമെന്ന ആവശ്യം സി.പി.എമ്മിൽ നിന്നുയരുന്നുണ്ട്. 

അഡ്വ. ടി.കെ രത്നകുമാരി പകരം പ്രസിഡൻ്റാവാനാണ് സാധ്യത. അടിയുറച്ച പാര്‍ട്ടി കുടുംബമാണ് മരിച്ച നവീന്‍ ബാബുവിന്റേതെന്നതാണ്‌ ദിവ്യയെ വെട്ടിലാക്കിയത്. ഇടതനുകൂല ഗസറ്റഡ് ഓഫിസര്‍മാരുടെ സംഘടനയില്‍ അംഗങ്ങളാണ് നവീനും ഭാര്യ മഞ്ജുവും. അച്ഛന്‍ കൃഷ്ണന്‍നായരും അമ്മ രത്‌നമ്മയും പാര്‍ട്ടിക്കാരാണ്. 

1979ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രത്‌നമ്മ സി.പി.എം സ്ഥാനാര്‍ഥിയായിരുന്നു. ജോലിയുടെ തുടക്കകാലത്ത് എന്‍.ജി.ഒ യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു നവീന്‍. പിന്നീട് കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ അംഗമായി. ബന്ധുക്കളില്‍ പലരും സി.പി.എം അനുകൂല സര്‍വിസ് സംഘടനകളില്‍ അംഗമാണ്. 

ഭാര്യയുടേതും പാര്‍ട്ടി കുടുംബമാണ്. അടുത്ത ബന്ധു ഓമല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. പൊതുവേദിയില്‍ പരസ്യമായി അപമാനിക്കപ്പെട്ടതിന്റെ മനോവിഷമത്തിലാണ് നവീന്‍ ജീവനൊടുക്കിയതെന്നും ദിവ്യയുടെ പ്രതികരണം അതിരുകടന്നതെന്നുമാണ് സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്തിന്റെ ആരോപണം. 

പി.പി.ദിവ്യയ്‌ക്കെതിരേ നേതൃത്വത്തിനു പരാതി നല്‍കുമെന്നും നടപടിയില്ലെങ്കില്‍ സ്വകാര്യഅന്യായം ഫയല്‍ ചെയ്യുമെന്നും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹന്‍ പറഞ്ഞു. വിളിക്കാത്ത ചടങ്ങില്‍ ദിവ്യ പങ്കെടുത്തതില്‍ ദുരുദ്ദേശ്യമുണ്ടെന്നും പത്തനംതിട്ടയിലെ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. 

സദുദ്ദേശ്യത്തോടെയായിരുന്നെങ്കിലും യാത്രയയപ്പ് യോഗത്തില്‍ അത്തരം പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റും പറയുന്നു. എ.ഡി.എമ്മിനെ അപമാനിക്കാന്‍ പ്രാദേശിക ചാനല്‍പ്രവര്‍ത്തകനെയും കൂട്ടിയായിരുന്നു ക്ഷണിക്കപ്പെടാത്ത യാത്രയയപ്പ് യോഗത്തില്‍ പി.പി ദിവ്യ എത്തിയതെന്നും ആരോപണമുണ്ട്. 

പി.പി ദിവ്യയെ സംരക്ഷിച്ചാല്‍ ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം ആയുധമാക്കുമെന്നും കനത്ത തിരിച്ചടിയാകുമെന്നും സി.പി.എമ്മിന് ബോധ്യമുണ്ട്. ദിവ്യക്കെതിരേ നടപടി വേണമെന്ന നിലപാടിലാണ് ഘടകക്ഷിയായ സി.പി.ഐയും. 

നവീന്‍ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരേ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ ജനപ്രതിനിധികള്‍ പക്വത കാണിക്കണമെന്നുമുള്ള റവന്യൂമന്ത്രി കെ.രാജന്റെ പ്രസ്താവന സി.പി.ഐയുടെ കൂടി നിലപാടാണ്.

മാസങ്ങള്‍ക്കകം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ദിവ്യയുടെ പക്വതയില്ലാത്ത ഇടപെടൽ പ്രതിഫലിക്കുമെന്ന ഭയവും സി.പി.എമ്മിനുണ്ട്. ദിവ്യക്കെതിരേ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. 

ദിവ്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് താഴെയാണ് രൂക്ഷവിമര്‍ശനങ്ങള്‍. ഉദ്യോഗസ്ഥനെതിരേ തെളിവുണ്ടെങ്കില്‍ നിയമാനുസൃത വഴി തേടുകയായിരുന്നു വേണ്ടതെന്നാണ് മിക്ക വിമര്‍ശനങ്ങളും. പി.പി. ദിവ്യയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കുമെന്നുമറിയുന്നു.

<a href=https://youtube.com/embed/_1qUfK6awGA?autoplay=1&mute=1><img src=https://img.youtube.com/vi/_1qUfK6awGA/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden"" style="border: 0px; overflow: hidden;" width="640">