മുതിര്‍ന്ന നേതാക്കളെ ഉപദേശകരായി പരിഗണിക്കുക, സജീവ രാഷ്ട്രീയം വിട്ട് ഒറ്റപ്പെടുന്നത് പാര്‍ട്ടി വിടാന്‍ പ്രേരണയാകും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരിഗണിക്കേണ്ട വിഷയം
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും നേതാക്കള്‍ കൂടുമാറുന്ന തിരക്കിലാണ്.
പതിവില്‍നിന്നും വിപരീതമായി ഇക്കുറി സിപിഎം, സിപിഐ നേതാക്കളാണ് കൂടുതലായും പാര്‍ട്ടിയുമായി ഉടക്കി മറ്റു പാര്‍ട്ടികളിലേക്ക് അഭയം തേടുന്നതെന്നതാണ് ശ്രദ്ധേയം.
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും നേതാക്കള്‍ കൂടുമാറുന്ന തിരക്കിലാണ്. പതിവില്‍നിന്നും വിപരീതമായി ഇക്കുറി സിപിഎം, സിപിഐ നേതാക്കളാണ് കൂടുതലായും പാര്‍ട്ടിയുമായി ഉടക്കി മറ്റു പാര്‍ട്ടികളിലേക്ക് അഭയം തേടുന്നതെന്നതാണ് ശ്രദ്ധേയം. പതിറ്റാണ്ടുകളോളം രാഷ്ട്രീയ രംഗത്ത് സജീവമായവര്‍ സീറ്റു മോഹിച്ച് ചുവടുമാറുമ്പോള്‍ ചോദ്യങ്ങള്‍ ഉയരുകയാണ്.
പ്രായമായ നേതാക്കള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാത്തതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. പെട്ടെന്ന് സ്ഥാനവും സ്വാധീനവും നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന മാനസികവും വികാരപരവുമായ സമ്മര്‍ദ്ദം സ്വഭാവികമാണ്. അവരുടെ വ്യക്തിത്വം തന്നെ രാഷ്ട്രീയ സ്ഥാനത്തോടും പൊതുജീവിതത്തോടും ബന്ധപ്പെട്ടിരിക്കുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് പുറത്താകുമ്പോള്‍ സ്വാധീനം കുറയുക, പൊതുശ്രദ്ധ നഷ്ടപ്പെടുക, ഒറ്റപ്പെട്ടുവെന്ന തോന്നല്‍ എന്നിവ വിഷാദത്തിനും മാനസിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകാം.
സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജി. സുധാകരന്‍, ഐഷാ പോറ്റി, പികെ ശശി, എസ് രാജേന്ദ്രന്‍, സിസി മുകുന്ദന്‍, ടികെ ഗോവിന്ദന്‍, വി. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവരെല്ലാം അടുത്തിടെ പാര്‍ട്ടി വിട്ടവരാണ്.
മത്സരിക്കാനുള്ള അവസരം നിഷേധിക്കല്‍, നേതൃത്വത്തിന്റെ അവഗണ തുടങ്ങിയവയാണ് പാര്‍ട്ടി വിടാനുള്ള പ്രധാന കാരണങ്ങള്‍. ദശകങ്ങളായി സ്ഥാനവും സ്വാധീനവും ആസ്വദിച്ചവര്‍ക്ക് പെട്ടെന്നുള്ള ഒറ്റപ്പെടല്‍ വിഷാദത്തിനും മാനസിക ബുദ്ധിമുട്ടുകള്‍ക്കും വഴിയൊരുക്കുന്നു. സുധാകരനെപ്പോലുള്ളവരില്‍ എന്റെ സേവനം മാനിക്കപ്പെട്ടില്ല എന്ന തോന്നല്‍ തീവ്രമാകുന്നു. പാര്‍ട്ടികള്‍ യുവത്വത്തിന് മുന്‍ഗണന നല്‍കുമ്പോള്‍ മുതിര്‍ന്നവരുടെ അനുഭവസമ്പത്ത് നഷ്ടമാകുന്നതും ഇതിന് കാരണമാകുന്നുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ മുതിര്‍ന്ന നേതാക്കള്‍ക്കായി പ്രത്യേക സംവിധാനം ആവിഷ്‌കരിക്കണം. നേതാക്കളുടെ സേവനത്തെ മാനിക്കുകയും അവരെ ക്രമേണ സജീവ നേതൃത്വത്തില്‍ നിന്ന് മാറ്റുകയും ചെയ്യുന്ന സമീപനമാണ് വേണ്ടത്. വിരമിക്കുന്ന നേതാക്കള്‍ക്ക് സംസ്ഥാന/ജില്ലാ ഉപദേശക സമിതികളില്‍ സ്ഥിരം പദവി നല്‍കുക. പാര്‍ട്ടി നയരൂപീകരണത്തില്‍ അവരുടെ അനുഭവം ഉപയോഗപ്പെടുത്തുക.
കുറച്ച് കാലം പാര്‍ട്ടി യോഗങ്ങളിലും കമ്മിറ്റികളിലും ക്ഷണിതാക്കളാക്കണം. ഇത് ഒറ്റപ്പെടല്‍ തോന്നല്‍ കുറയ്ക്കും. യുവാക്കളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മുതിര്‍ന്നവരെ അവഗണിക്കാതിരിക്കുക.
കാലുമാറിയ നേതാക്കളുടെ ലിസ്റ്റ് നീണ്ടുകൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയം വെറും അധികാരം മാത്രമല്ല, മനുഷ്യരുടെ ജീവിതവുമാണ് എന്നാണ് ഓര്‍മപ്പിക്കുന്നത്. പാര്‍ട്ടികള്‍ കൂടുതല്‍ മാനുഷികമായി മുതിര്‍ന്ന നേതാക്കളെ പരിഗണിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവൂ. തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം, നേതാക്കളുടെ മാനസികക്ഷേമവും പാര്‍ട്ടിയുടെ ദീര്‍ഘകാല ആരോഗ്യവും ഉറപ്പാക്കുന്ന സമീപനമാണ് ഇന്ന് ആവശ്യം.