മോതിരം വിരലിൽ കുടുങ്ങിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നു; കഴിഞ്ഞ വർഷം തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ സഹായം തേടിയെത്തിയത് നിരവധിപ്പേർ
ഫാൻസി കടകളിൽ നിന്ന് വാങ്ങുന്ന സ്റ്റീൽ മോതിരങ്ങൾ വിരലിൽ കുടുങ്ങി രക്ഷയ്ക്കായി അഗ്നിരക്ഷാ സേനയുടെ സഹായം തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നത് ആശങ്കയ്ക്കിടയാക്കുകയാണ്.
തളിപ്പറമ്പ്: ഫാൻസി കടകളിൽ നിന്ന് വാങ്ങുന്ന സ്റ്റീൽ മോതിരങ്ങൾ വിരലിൽ കുടുങ്ങി രക്ഷയ്ക്കായി അഗ്നിരക്ഷാ സേനയുടെ സഹായം തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നത് ആശങ്കയ്ക്കിടയാക്കുകയാണ്. മോതിരം കുടുങ്ങി വിരൽ വികൃതമായ രീതിയിലാണ് ആളുകൾ അഗ്നിശമന സേനയുടെ സഹായം തേടിയെത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ മാത്രം നിരവധി പേരാണ് ഇത്തരത്തിൽ എത്തിയത്.
സ്വർണവും വെള്ളിയും ഉപയോഗിച്ച് നിർമ്മിച്ച മോതിരങ്ങളും അഴിക്കാൻ പറ്റാത്ത നിലയിൽ എത്താറുണ്ട്. കൂടാതെ വാഹനാപകടങ്ങളിലും മറ്റും വിരലുകളിലും മറ്റും കുടുങ്ങിപ്പോകുന്ന വളകളും മോതിരങ്ങളും മുറിച്ചുമാറ്റാൻ ആശുപത്രി അധികൃതർ അഗ്നിശമന സേനയെ സമീപിക്കാനാണ് നിർദ്ദേശിക്കുന്നത്. കുട്ടികളാണ് കൂടുതലും എത്തുന്നത്. വലിച്ചൂരാൻ ശ്രമിച്ച് നീര് വന്ന് കൂടുതൽ വിഷമകരമായ അവസ്ഥയിലാണ് പലരും എത്താറുള്ളത്.
മോതിരം വിരലുകളിൽ മുറുകുന്ന സമയത്ത് വലിച്ചൂരാൻ ശ്രമിക്കാതെ ഉടൻ ഫയർ സ്റ്റേഷനിൽ എത്തണം. നീര് വന്നില്ലെങ്കിൽ നൂല് വച്ചും അല്ലാതെ ഷിയേർസ് പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചും മോതിരം സുരക്ഷിതമായി മുറിച്ചെടുക്കാനാകും. 50 ഓളം പേരാണ് ഇതിനകം തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ മാത്രം എത്തിച്ചേർന്നത്.
കഴിഞ്ഞദിവസം 98 വയസ്സുള്ളയാളിൽ നിന്ന് മൂന്ന് മോതിരങ്ങളാണ് ഒന്നിച്ച് മുറിച്ചു മാറ്റേണ്ടി വന്നത്. ഇറുകിയ ഫാൻസി മോതിരങ്ങൾ ധരിക്കുന്നത് പരമാവധി ഒഴിവാക്കണം. ദിവസേന അഴിച്ചു വയ്ക്കാൻ ശ്രദ്ധിക്കണമെന്നും അടിയന്തര ഘട്ടത്തിൽ അഗ്നിശമന സേനയുടെ സഹായം തേടാമെന്നും തളിപ്പറമ്പ് ഫയർ സ്റ്റേഷൻ ഓഫീസർ പ്രേമൻ കക്കാടി പറഞ്ഞു.