ആശമാരുടെ വേതനം കൂട്ടേണ്ടത് കേന്ദ്ര സര്‍ക്കാരല്ലേ? ബിജെപിയെ ഭയമോ? കേരളത്തില്‍ നല്‍കുന്നത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഓണറേറിയം

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആശാ വര്‍ക്കര്‍മാര്‍ ദിവസങ്ങളായി തിരുവനന്തപുരത്ത് സമരത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.

 

പൂര്‍ണമായും കേന്ദ്ര പദ്ധതിയായ ആശ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാരാണ് വിഹിതം വര്‍ദ്ധിപ്പിക്കേണ്ടതെന്നും കേരളം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വേതനമാണ് നല്‍കുന്നതെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആശാ വര്‍ക്കര്‍മാര്‍ ദിവസങ്ങളായി തിരുവനന്തപുരത്ത് സമരത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍, പൂര്‍ണമായും കേന്ദ്ര പദ്ധതിയായ ആശ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാരാണ് വിഹിതം വര്‍ദ്ധിപ്പിക്കേണ്ടതെന്നും കേരളം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വേതനമാണ് നല്‍കുന്നതെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

മാധ്യമപ്രവര്‍ത്തകനായ സെബിന്‍ എ ജേക്കബ് വിഷയത്തില്‍ ഫേസ്ബുക്കില്‍ വിശദമായ കുറിപ്പെഴുതി. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും എന്ന രീതിയിലാണ് വേതനം നല്‍കുന്നതെങ്കില്‍ ആകെ 5,000 രൂപയോളം മാത്രമാണ് ആശമാര്‍ക്ക് ലഭിക്കുക. എന്നാല്‍, കേരളത്തിലെ ഭൂരിഭാഗം ആശ വര്‍ക്കമാര്‍ക്കും 10,000 രൂപയിലധികം ലഭിക്കുന്നുണ്ടെന്ന് സെബിന്‍ ചൂണ്ടിക്കാട്ടുന്നു.

സെബിന്‍ എ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

എല്ലാ വര്‍ഷവും ഏപ്രില്‍ 1, ഒക്ടോബര്‍ 1 തീയതികളില്‍ ആണ് ഇന്ത്യ ഗവണ്‍മെന്റ് variable dearness allowance പുതുക്കുന്നത്. ഒരു തൊഴിലാളിയുടെ മിനിമം വേജ് അഥവാ കുറഞ്ഞ കൂലി കണക്കാക്കുന്നത് Basic Rates + VDA വച്ചാണ്.

ഒരു പ്രത്യേക സ്‌കില്‍ ലെവലില്‍ ഒരു പ്രദേശത്ത് ആ ഇന്‍ഡുസ്ട്രിയിലെ VDA അനുസരിച്ച് മിനിമം വേജില്‍ വ്യത്യാസമുണ്ടാകും. ഭൗമശാസ്ത്രം അനുസരിച്ച്, സംസ്ഥാനം തിരിച്ച്, നൈപുണി അടിസ്ഥാനമാക്കി, വ്യവസായം അനുസരിച്ച്, പണി അനുസരിച്ച് ഒക്കെ കുറഞ്ഞ കൂലിയില്‍ മാറ്റമുണ്ടാകും. ഒരു നൈപുണിയും വേണ്ടാത്ത ജോലികള്‍ക്കു ദിവസം 178 രൂപ മുതല്‍ highly skilled labour-നു് ദിവസം 1035 രൂപ വരെ എന്നാണ് 2024 ഒക്ടോബര്‍ മുതലുള്ള ഇന്ത്യയിലെ മിനിമം വേജിന്റെ കണക്ക് എന്നു ഗൂഗിള്‍ പറയുന്നു. കൃത്യമായി അറിയണമെങ്കില്‍ [Minimum Wages | Chief Labour Commissioner](https://clc.gov.in/clc/min-wages) എന്ന സൈറ്റില്‍ പിഡിഎഫ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ എല്ലായിടത്തും VDA കൂടുതലാവും. അതില്‍ തന്നെ കുറഞ്ഞ കൂലി സ്വാഭാവികമായും കൂടുതലുള്ള സംസ്ഥാനമാണു കേരളം. ഒരു തൊഴിലാളിയെ സംബന്ധിച്ച് 365 ദിവസവും പണിയുണ്ടാവില്ല. ശരാശരി 52 ഞായറാഴ്ചകള്‍, 12 മുതല്‍ 16 വരെ അവധി ദിവസങ്ങള്‍ എന്നിവ മാറ്റിയാല്‍ തന്നെയും മിച്ചമുള്ള മുന്നൂറിനടുത്ത ദിവസങ്ങളില്‍ പനി പിടിച്ചുപോലും കിടക്കാതെ ഒരു ബന്ധുവീട്ടില്‍ പോലും പോകാതെ മുഴുവന്‍ പണി ചെയ്താലും ഈ പണം കൊണ്ട് ഒരു കുടുംബം പോറ്റാന്‍ കേരളത്തില്‍ പറ്റില്ല. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ കണക്കിലെ കുറഞ്ഞ കൂലിയിലല്ല, കേരളത്തില്‍ ലേബര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ഈ ലേബര്‍ ഫോഴ്‌സിനു പുറത്താണ് സര്‍ക്കാരിന്റെ വിവിധ സ്‌കീമുകളിലെ സന്നദ്ധ സേവനം വരുന്നത്. അവയെ സന്നദ്ധ സേവനം എന്നു പറയുന്നതു തന്നെ അവയെ തൊഴിലായോ അതു ചെയ്യുന്നവരെ തൊഴിലാളികളായോ യൂണിയന്‍ സര്‍ക്കാര്‍ കണക്കുകൂട്ടുന്നില്ല എന്നതുകൊണ്ടാണ്. അത്തരം അനവധി വിഭാഗങ്ങളില്‍ ഒന്നു മാത്രമാണ് ആശാ വര്‍ക്കര്‍മാര്‍.


സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി തയ്യാറാക്കുന്ന പാചകക്കാര്‍, ശുചീകരണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ദൂരദര്‍ശനില്‍ വാര്‍ത്ത തയ്യാറാക്കുന്നവര്‍, കേരളത്തിലെ ഹോസ്പിറ്റലുകളിലെ പേവാര്‍ഡുകളും മറ്റും നോക്കുന്ന KHRWS-യിലെ കോണ്‍ട്രാക്റ്റ് സ്റ്റാഫ് (ഇത് കേരള സര്‍ക്കാരിന്റെ കീഴിലെ സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഓര്‍ഗനൈസേഷനാണ്), എന്നിങ്ങനെ നിരവധി സന്നദ്ധ സേവകര്‍ വേറെയുമുണ്ട്. ഇവര്‍ക്ക് നിയമപ്രകാരം തൊഴിലാളികളായി കണക്കിലാക്കാനുള്ള മിനിമം ദിവസം വര്‍ക്ക് അലോട്ട് ചെയ്യില്ല. അതിനാല്‍ ESI പോലെയുള്ള ആനുകൂല്യങ്ങളും ലഭിക്കില്ല.

ഉദാഹരണത്തിന് മാസത്തില്‍ ഏഴു ദിവസം, അല്ലെങ്കില്‍ രണ്ടുമാസം കൂടുമ്പോള്‍ 14 ദിവസം ഒക്കെയാണ് ദൂരദര്‍ശനില്‍ വാര്‍ത്ത തയ്യാറാക്കുന്ന കരാര്‍ തൊഴിലാളികള്‍ക്കു ലഭിക്കുന്ന പണി. കേരളത്തില്‍ ആറുപേരോ മറ്റോവേ ഉള്ളൂ എന്നതുകൊണ്ട് ഇവരുടെ കദനകഥ ആരും എഴുതില്ല. പച്ചയ്ക്കു പറഞ്ഞാല്‍ സന്നദ്ധപ്രവര്‍ത്തനം എന്ന പേരില്‍ നടത്തുന്ന തൊഴില്‍ ചൂഷണമാണ് ഇവയെല്ലാം.
അപ്പോഴെന്താണ് വേണ്ടത്? ഇങ്ങനെ സര്‍ക്കാര്‍ തന്നെ അവര്‍ക്കു വേണ്ട തൊഴിലുകള്‍ സന്നദ്ധസേവനമാക്കി വെട്ടിച്ചുരുക്കി ആളെ ചൂഷണം ചെയ്യുന്ന പരിപാടി അവസാനിപ്പിക്കണം. അതിനായി കേന്ദ്രം നിയമം മാറ്റണം.


ആശാ വര്‍ക്കര്‍മാര്‍ക്ക് ഇന്ത്യയില്‍ മറ്റേതൊരു സംസ്ഥാനത്തും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനമാണ് കേരളം. 500 രൂപ മുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനങ്ങളുണ്ട്. കേരളത്തില്‍ ഒരാശയ്ക്ക് മാസത്തില്‍ പത്തുദിവസമാണ് നിയമപ്രകാരം പണിയെടുക്കാവുന്നത്. അതില്‍ നല്ല പങ്ക് ഫീല്‍ഡ് വര്‍ക്ക് ആയതിനാല്‍ അവരുടെ സമയത്തിനും സൗകര്യത്തിനും ചെയ്യാം. അവര്‍ക്ക് കേന്ദ്ര സ്‌കീം പ്രകാരമുള്ള പണികള്‍ക്കു പുറമേ കേരളത്തിന്റെ ആരോഗ്യമന്ത്രാലയം ഏല്പിച്ചു കൊടുക്കുന്ന പണികളുമുണ്ട്. അവ ചെയ്യുന്നതിനു പ്രത്യേക ഇന്‍സെന്റീവുമുണ്ട്.

മന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ വച്ച കണക്കുപ്രകാരം കഴിഞ്ഞ മാസം കേരളത്തിലെ 89% ആശമാര്‍ക്കും 10K to 13.5K വേതനം ലഭിച്ചിരുന്നു. മാസവേതന ഇനത്തില്‍ ?13,500/- രൂപ ഒരാശയ്ക്കു ലഭിച്ചാല്‍ അതില്‍ ?9,600/- രൂപയും സംസ്ഥാനം നല്‍കുന്നതാണ് എന്നാണു മന്ത്രി പറഞ്ഞത്. പൂര്‍ണ്ണമായും കേന്ദ്ര സ്‌കീം ആയ ഒരു പദ്ധതിയില്‍ ആണിത്. 60% കേന്ദ്രവും 40% സംസ്ഥാനവും എന്ന രീതിയിലാണ് ഇത് നല്‍കിയിരുന്നത് എങ്കില്‍ ?8100/-  കേന്ദ്രവും ?5,400/- കേരളവും നല്‍കേണ്ടിയിരുന്നിടത്താണ്, കേന്ദ്രം കേവലം ?3,900/- മാത്രം നല്‍കുന്നത്.

(ഇതില്‍ 1000 രൂപ മാത്രമാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മുന്നണി ഭരിക്കുന്ന കാലത്ത് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടിക്കൊടുത്തത്. മറ്റുള്ളതത്രയും ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ വര്‍ധിപ്പിച്ചതാണ്.)
ആശമാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന തുക തീരെ കുറവാണോ എന്നു ചോദിച്ചാല്‍ അതേ എന്നു തന്നെ ഉത്തരം. അത് അവരെ ഫുള്‍ടൈമര്‍ ആയി കൂട്ടിയാല്‍ ആണ്. എന്നാല്‍ അവര്‍ പാര്‍ട് ടൈം വര്‍ക്കേഴ്‌സ് ആണ് എന്നൊരു ഘടകം കൂടിയുണ്ട്. മറ്റു പണികള്‍ ചെയ്യുന്നതിന് അവര്‍ക്കു തടസ്സമില്ല. ആശാ വര്‍ക്കര്‍ ആയിരുന്നുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ പഞ്ചായത്ത് മെമ്പര്‍/വാര്‍ഡ് കൗണ്‍സിലര്‍ എന്ന നിലയില്‍ സിറ്റിങ് ഫീസ് വാങ്ങുന്നതിനോ അവര്‍ക്കു തടസ്സമില്ല. നിലവില്‍ കേരളത്തിലെ 50% സ്ത്രീ സംവരണ സീറ്റുകളില്‍ ഒരു sure bet candidacy ആണ് ആശാ വര്‍ക്കര്‍മാരുടേത്.

അപ്പോള്‍ ചെയ്യേണ്ടത് എന്തെന്നാല്‍ ഇവരുടേത് സന്നദ്ധസേവനമല്ല എന്നും രാജ്യത്തിന് ആവശ്യമായ തൊഴിലാണെന്നും അംഗീകരിക്കുക. അതിനു ന്യായമായ പ്രതിഫലം നിശ്ചയിക്കുക. പാര്‍ട് ടൈം എന്നതു മാറ്റി മുഴു സമയം തൊഴിലാളികളായി തന്നെ കണക്കാക്കുക. പ്രവൃത്തി ദിവസം പത്തുദിവസം എന്നതു മാറ്റി, ഇതര സര്‍ക്കാര്‍ ജീവനക്കാരുടേതിനു തുല്യമാക്കുക. മറ്റു സര്‍ക്കാര്‍ ജോലിക്കാരെ പോലെ തന്നെ ഇവരെയും ജോലിയില്‍ ഇരിക്കുന്ന കാലയളവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാതെ ഇരിക്കുക.

ഹയറിങ്ങിന് ഇപ്പോഴുള്ള രീതി മാറ്റി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ PSC വഴിയോ നിയമനം നടത്തുക. നിലവിലുള്ള ആശമാര്‍ക്ക് inservice exam നടത്തി അതില്‍ ഒരു cut-off നിശ്ചയിച്ച് ഒരു മിനിമം നിലവാരം ഉറപ്പാക്കുക. അതിനൊപ്പം നിലവിലുള്ള അവരുടെ വര്‍ക്ക് വിലയിരുത്തി പ്രത്യേകം മാര്‍ക്ക് ഇടുകയും ഇതിന്റെ രണ്ടിന്റെയും കൂടെ അടിസ്ഥാനത്തില്‍ മാത്രം സ്ഥിരനിയമനം നല്‍കുകയും ചെയ്യുക. സാമുദായിക സംവരണം കൃത്യമായി പാലിക്കുക.

ആശമാരെ മാത്രമല്ല, സമാനമായ രീതിയില്‍ ചൂഷണംചെയ്യാനായി മാത്രം തുടങ്ങിവച്ച എല്ലാ so called സന്നദ്ധ സേവനവും അവസാനിപ്പിക്കുക. പകരം അവയൊക്കെ തൊഴിലായി അംഗീകരിച്ച് തൊഴിലാളിക്ക് അര്‍ഹമായ വിഹിതം കൊടുക്കുക.

ഇതൊക്കെ ചെയ്യാന്‍ സംസ്ഥാനത്തിനു കാശില്ല. എങ്ങനെ കാശു കണ്ടെത്തും? കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ടിക്കറ്റ് എടുക്കാന്‍ വെറും ?5 ആണ് ഫീസ്. ചില ക്ലിനിക്കുകളില്‍ അതും സൗജന്യമാണ്. (ഞാന്‍ സാധാരണയായി പോകുന്ന കവടിയാറിലെ ക്ലിനിക്കില്‍ ഒപി ടിക്കറ്റിനു ഫീസ് ഇല്ല. പേരൂര്‍ക്കടയില്‍ ജില്ലാ ആശുപത്രിയില്‍ പോയപ്പോഴൊക്കെ 5 രൂപയായിരുന്നു ഫീസ്. ഈ അടുത്തെങ്ങാന്‍ മാറിയോ എന്നറിയില്ല.) ആ പരിപാടി നിര്‍ത്തലാക്കുക.

ബസില്‍ പോലും മിനിമം ടിക്കറ്റ് നിരക്ക് 13 രൂപയോ മറ്റോ ആണ്. തിരുവനന്തപുരത്താണെങ്കില്‍ സിറ്റിക്കുള്ളില്‍ മാത്രം സര്‍വീസ് നടത്തുന്ന ബാറ്ററി വണ്ടികളില്‍ എവിടെ നിന്നു കയറി എവിടെ ഇറങ്ങിയാലും 10 രൂപയേ ഉള്ളൂ. അല്ലാത്തവയുടെ മിനിമം ചാര്‍ജ്ജ് കൃത്യം അറിയില്ല. ബസില്‍ കയറുമ്പോള്‍ ചോദിക്കുന്ന കാശു കൊടുക്കും. KSRTCയില്‍ ഇപ്പോള്‍ UPI പേമെന്റ് കൂടി വന്നതോടെ ദീര്‍ഘദൂര യാത്രകളില്‍ സൗകര്യമായി.
ആശുപത്രികളില്‍ OP ticket രോഗികളുടെ വരുമാന പരിധി അനുസരിച്ച് (റേഷന്‍ കാര്‍ഡ് പലതരമുണ്ടല്ലോ) 10, ?25, ?50 എന്നിങ്ങനെയാക്കുക. ഈ പണം ആശുപത്രി വികസനത്തിനും ആശമാര്‍ക്ക് ന്യായമായ വേതനം കൊടുക്കാനും KHRWS സ്റ്റാഫിന് ആവശ്യത്തിനു തൊഴില്‍ ദിനങ്ങള്‍ നല്‍കാനും ആനുകൂല്യങ്ങള്‍ നല്‍കാനും മറ്റും ഉപയോഗിക്കുക.

ഇതേ പോലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാസം 250-300 രൂപയെങ്കിലും ഫീസ് വാങ്ങുക. അതു താങ്ങാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ സപ്പോര്‍ട്ട് ചെയ്യാന്‍ കോര്‍പ്പസ് ഫണ്ട് ഏര്‍പ്പാടാക്കുക. ആരും ഫീസ് കൊടുക്കാനില്ലാത്തതുകൊണ്ട് പഠിത്തം ഉപേക്ഷിച്ചു പോകാന്‍ ഇടയാവരുത്. എന്നാല്‍ ഈ പണം ഉപയോഗിച്ച് പാചകക്കാര്‍ക്കും ആയമാര്‍ക്കും ഒക്കെ ന്യായമായ ശമ്പളം കൊടുക്കുക.

ആശമാരുടെ കാര്യത്തില്‍ ശരിക്കും കൂട്ടേണ്ടത് കേന്ദ്രവിഹിതമാണ്. ആശമാര്‍ക്കു ലഭിക്കുന്ന മിനിമം വേതനം 7,000/- ല്‍ നിന്ന് 21,000/- ആക്കണം എന്നാണ് SUCI ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്രത്തോടു സമരം ചെയ്യുക. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്യുക. കേന്ദ്ര മന്ത്രിമാരെ വഴിയില്‍ തടയുക. ഷാജര്‍ഖാന്റെ പിടുക്കു വിറയ്ക്കും!