പ്രധാനമന്ത്രിക്ക് ഓര്‍മയുണ്ടോ ഈ കുഞ്ഞുമുഖം, വയനാട്ടിലെത്തിയത് ദുരന്തം ആസ്വദിക്കാനോ, സഹായിക്കില്ലെന്നത് ക്രൂരമായ നിലപാട്, മറ്റു സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി, കേരളത്തോട് ചിറ്റമ്മനയം

ചൂരല്‍ മലയിലും മുണ്ടൈക്കൈയ്യിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. 400ല്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ആയിരത്തിലധികം വീടുകള്‍ തകരുകയും ചെയ്ത ദുരന്തത്തില്‍ നിന്നും കരയറാനുള്ള ശ്രമത്തിലാണ് കേരളം.

 

കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചും കേരളത്തിനുള്ള ധനസഹായമെല്ലാം ഇല്ലാതാക്കിയും ബിജെപി സംസ്ഥാന സര്‍ക്കാരിനെ ജനവിരുദ്ധരാക്കാനുള്ള ശ്രമത്തിലാണ്. യുഡിഎഫ് ഇതിനെ അനുകൂലിച്ചത് ബിജെപി നീക്കങ്ങള്‍ക്ക് ശക്തിപകര്‍ന്നു.

കൊച്ചി: ചൂരല്‍ മലയിലും മുണ്ടൈക്കൈയ്യിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. 400ല്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ആയിരത്തിലധികം വീടുകള്‍ തകരുകയും ചെയ്ത ദുരന്തത്തില്‍ നിന്നും കരയറാനുള്ള ശ്രമത്തിലാണ് കേരളം. എന്നാല്‍, കേരളത്തിന്റെ അതിജീവനത്തെ തകര്‍ക്കുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് സഹായം നിഷേധിക്കുകയാണ്.

കേരളത്തിന് അര്‍ഹതപ്പെട്ട സഹായം നല്‍കേണ്ട ചുമതല കേന്ദ്രത്തിനാണ്. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും, പ്രത്യേകിച്ചും ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, ദുരന്തമുണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ ശതകോടികളുടെ സഹായം പ്രഖ്യാപിക്കുന്ന കേന്ദ്രം നാലുമാസമായിട്ടും വയനാട്ടുകാരുടെ ദുരന്തം അറിഞ്ഞില്ലെന്ന മട്ടിലാണ്.

കേരളത്തിന് സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ പലതവണ റിപ്പോര്‍ട്ട് നല്‍കിയിട്ടും ബിജെപി അനുകൂല സംസ്ഥാനമല്ലെന്നതിന്റെ പേരില്‍ പ്രധാനമന്ത്രിയും സംഘവും മുഖം തിരിക്കുകയാണ്. ദുരന്തമുണ്ടായതിന് ശേഷം വയനാട്ടിലെത്തി ഫോട്ടോഷൂട്ടും കഴിഞ്ഞ് മടങ്ങിയ പ്രധാനമന്ത്രിയുടെ വാക്കുകളെല്ലാം പാഴ്വാക്കുകളായി. സഹായിക്കുമെന്ന് ഉറപ്പുനല്‍കിയശേഷം മടങ്ങിയ പ്രധാനമന്ത്രി പിന്നീട് ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല.

2,000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായ പ്രദേശത്തുനിന്നും ഒരു ജനതയെ മുഴുവന്‍ പുനരധിവസിപ്പിക്കേണ്ട യത്‌നത്തിലാണ് കേരളം. 1,500 കോടി രൂപയെങ്കിലും കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹായമുണ്ടാകുമെന്ന് കരുതിയ കേരളത്തിന് ഇതിന്റെ പേരില്‍ ഒരു രൂപപോലും നല്‍കിയിട്ടില്ലെന്നതാണ് അതിശയകരം. വിഷയത്തില്‍ ഇനി ഹൈക്കോടതിയുടെ അനുകൂല തീരുമാനത്തിലാണ് കേരളത്തിന്റെ പ്രതീക്ഷയെല്ലാം.
 
കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചും കേരളത്തിനുള്ള ധനസഹായമെല്ലാം ഇല്ലാതാക്കിയും ബിജെപി സംസ്ഥാന സര്‍ക്കാരിനെ ജനവിരുദ്ധരാക്കാനുള്ള ശ്രമത്തിലാണ്. യുഡിഎഫ് ഇതിനെ അനുകൂലിച്ചത് ബിജെപി നീക്കങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാല്‍, വയനാട് ദുരന്തത്തില്‍ ഒടുവില്‍ കേന്ദ്രത്തിനെതിരെ യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ചുള്ള പ്രതിഷേധം ഉയരുകയാണ്. ചൊവ്വാഴ്ച നടക്കുന്ന ഹര്‍ത്താല്‍ ബിജെപിയെ പ്രതിരോധത്തിലാക്കുമെന്നാണ് കണക്കുകൂട്ടല്‍.

വയനാട് ഉരുള്‍പൊട്ടലില്‍ സഹായം നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രധാനമന്ത്രിയെ അതിരൂക്ഷമായാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ് വിമര്‍ശിച്ചത്. ഗുജറാത്ത് കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ എന്നോണം ദുരന്തം കണ്ടാസ്വദിക്കാനാണ് പ്രധാനമന്ത്രി കേരളത്തില്‍ സന്ദര്‍ശനം നടത്തിയതെന്ന് സ്വരാജ് വിമര്‍ശിച്ചു. മനസാക്ഷി തൊട്ട് തീണ്ടാത്ത പ്രധാനമന്ത്രി കേരളത്തെ വഞ്ചിച്ചുവെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മനുഷ്യനെന്ന പദത്തിന് അര്‍ഹനല്ലാത്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും പറഞ്ഞു.

കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്. അതിലൊരു യുദ്ധമായാണ് വയനാടിനെയും കണ്ടത്. കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടിനെതിരെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമരം നടത്തിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് അതിനെ പിന്നില്‍ നിന്ന് കുത്തിയെന്നും സ്വരാജ് വിമര്‍ശിച്ചു.

വയനാട് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി ലാളിക്കുന്ന നൈസമോളുടെ വീഡിയോയും ചിത്രങ്ങളും വൈറലായി മാറിയിരുന്നു. അന്ന് പ്രധാനമന്ത്രിയുടെ കാരുണ്യത്തെക്കുറിച്ച് പുകഴ്ത്തിയ മാധ്യമങ്ങള്‍ ഇന്നിപ്പോള്‍ സഹായം നല്‍കാതെയുള്ള വഞ്ചനയെക്കുറിച്ച് മിണ്ടുന്നില്ല.

നൈസമോളെ പ്രധാനമന്ത്രി താലോലിച്ചപ്പോള്‍ ദുരന്തം രാജ്യം കണ്ടല്ലോ എന്നായിരുന്നു ചിന്തയെന്നും എന്നാല്‍ സഹായം നല്‍കില്ലെന്ന് ഇപ്പോള്‍ പറയാന്‍ എങ്ങിനെ സാധിക്കുന്നെന്നും കുട്ടിയുടെ ഉമ്മ ജസീല ചോദിക്കുന്നു.

മൂന്നു വയസുകാരി നൈസയുടെ ചേച്ചിമാരായ ഹിന, ഫൈസ, ഉപ്പ ഷാനവാസ്, ഷാനവാസിന്റെ ഉപ്പ മുഹമ്മദാലി, ഉമ്മ ജമീല എന്നിവരെ ഉരുളെടുത്തു. ഷാനവാസ് ഇപ്പോഴും കാണാമറയത്താണ്. നെല്ലിമുണ്ടയില്‍ സര്‍ക്കാര്‍ നല്‍കിയ വാടകവീട്ടിലാണിപ്പോള്‍ ഉമ്മയും മകളുമുള്ളത്. ഈ രീതിയിലുള്ള അനേകം കുടുംബങ്ങളേയാണ് കേന്ദ്രം സഹായം നല്‍കാതെ വഞ്ചിക്കുന്നത്.