ബാലികയെ പലതവണ ബലാത്സംഗത്തിനിരയാക്കിയ വയോധികന് ആജീവനാന്ത തടവ്, അത്യപൂര്‍വ വിധിയുമായി തളിപ്പറമ്പ കോടതി

പന്ത്രണ്ടുവയസുകാരിയെ പലതവണ ബലാത്സംഗത്തിനിരയാക്കിയ വയോധികന് ആജീവനാന്ത തടവ് ശിക്ഷയുമായി തളിപ്പറമ്പ് പോക്‌സോ കോടതി.
 

കണ്ണൂര്‍: പന്ത്രണ്ടുവയസുകാരിയെ പലതവണ ബലാത്സംഗത്തിനിരയാക്കിയ വയോധികന് ആജീവനാന്ത തടവ് ശിക്ഷയുമായി തളിപ്പറമ്പ് പോക്‌സോ കോടതി. നടുവില്‍ വേങ്കുന്ന് സ്വദേശിയായ ആക്കാട്ടെയില്‍ അലോഷ്യസ് എന്ന ജോസിനെയാണ് (64) ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്. മാനസിക വൈകല്യവും ഹൃദ്രോഗവുമുള്ള പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പിതാവിന്റെ പ്രായത്തിലുള്ളയാള്‍ ചെയ്ത കുറ്റം മാപ്പ് അര്‍ഹിക്കാത്തതാണെന്ന് കോടതി വിലയിരുത്തി.

ഇരട്ട ജീവപര്യന്തത്തിന് വേറെയും തടവ് വിധിച്ച കോടതി 3,75,000 രൂപ പിഴയടക്കാനും നിര്‍ദ്ദേശിച്ചു. ഒമ്പത് വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ പ്രഖ്യാപിച്ചത്. കുടിയാന്‍മല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ കുട്ടിയെ 2019 വരെയുള്ള കാലത്ത് പലതവണ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.

നാലാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പ്രതി സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. വര്‍ഷങ്ങളോളം കുട്ടിയുടെ വീട്ടിലെത്തിയും ഇയാള്‍ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് കുട്ടി മൊഴി നല്‍കിയിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗത്തിനിരയാക്കിയത്. കേസെടുത്ത് രണ്ട് മാസത്തിന് ശേഷം 2020 ജനുവരിയില്‍ അന്നത്തെ കുടിയാന്‍മല സി ഐ ജെ പ്രദീപ്, അലോഷ്യസിനെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ ഷെറിമോള്‍ ജോസ് ഹാജരായി.