ടെക്കി 4.25 കോടി രൂപയുടെ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഹലാല്‍ റെസ്റ്റൊറന്റ് തുടങ്ങി, ഇപ്പോള്‍ ഓരോ മാസവും നേടുന്നത് ആരെയും മോഹിപ്പിക്കുന്ന വമ്പന്‍ തുക

സിലിക്കോണ്‍ വാലിയിലെ ഉയര്‍ന്ന ശമ്പളമുള്ള ടെക് ജോലി ഉപേക്ഷിച്ച് സ്വപ്നം പിന്തുടര്‍ന്ന ഒരു യുവാവിന്റെ വിജയകഥയാണ് ഇപ്പോള്‍ ലോകമെമ്പാടും ചര്‍ച്ചയാവുന്നത്.

 

സലാഹുദീന്‍ അബ്ദുല്‍ കാഫി എന്ന ടെക് പ്രൊഫഷണല്‍ 4.25 കോടി രൂപ വാര്‍ഷിക ശമ്പളമുള്ള ജോലി വിട്ട് ടെക്‌സസിലെ ഇര്‍വിങില്‍ ഹലാല്‍ ബാര്‍ബിക്യൂ റസ്റ്റോറന്റ് ആരംഭിച്ചു.

ടെക്‌സാസ്: സിലിക്കോണ്‍ വാലിയിലെ ഉയര്‍ന്ന ശമ്പളമുള്ള ടെക് ജോലി ഉപേക്ഷിച്ച് സ്വപ്നം പിന്തുടര്‍ന്ന ഒരു യുവാവിന്റെ വിജയകഥയാണ് ഇപ്പോള്‍ ലോകമെമ്പാടും ചര്‍ച്ചയാവുന്നത്. 35 വയസ്സുള്ള സലാഹുദീന്‍ അബ്ദുല്‍ കാഫി എന്ന ടെക് പ്രൊഫഷണല്‍ 4.25 കോടി രൂപ (ഏകദേശം 4.5 ലക്ഷം ഡോളര്‍) വാര്‍ഷിക ശമ്പളമുള്ള ജോലി വിട്ട് ടെക്‌സസിലെ ഇര്‍വിങില്‍ ഹലാല്‍ ബാര്‍ബിക്യൂ റസ്റ്റോറന്റ് ആരംഭിച്ചു. ആദ്യ വര്‍ഷം തന്നെ ഏകദേശം 21.7 കോടി രൂപ വരുമാനം നേടിയതോടെ സംരംഭം ഇപ്പോള്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

14 വര്‍ഷം ടെക് വ്യവസായത്തില്‍ പ്രവര്‍ത്തിച്ച അബ്ദുല്‍ കാഫി മൈക്രോസോഫ്റ്റ്, ഗൂഗിള്‍, യൂട്യൂബ്, ഷോപ്പിഫൈ, ക്രൂയിസ് തുടങ്ങിയ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. യൂട്യൂബ് വീഡിയോ എഡിറ്റ് ചെയ്യാനുള്ള സിസേഴ്സ് ഐക്കണ്‍ പോലുള്ള ഫീച്ചറുകള്‍ വികസിപ്പിക്കുന്നതില്‍ പങ്കാളിയായിരുന്നു അദ്ദേഹം. എന്നാല്‍ ടെക് ലോകത്തിന്റെ പണം മാത്രം ലക്ഷ്യമിട്ടുള്ള സംസ്‌കാരം അദ്ദേഹത്തെ നിരാശപ്പെടുത്തി.

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പകരം പണം മാത്രം ഉണ്ടാക്കുന്ന ജോലിയായി മാറിയത് തന്നെ നിരാശപ്പെടുത്തിയെന്ന് യുവാവ് പറയുന്നു. 33-ാം വയസ്സില്‍ സാന്‍ ഫ്രാന്‍സിസ്‌കോ വിട്ട് ടെക്‌സാസിലെ ഒരു റിലീജിയസ് നോണ്‍പ്രോഫിറ്റ് സംഘടനയില്‍ ജോലിക്ക് ചേര്‍ന്നു. ശമ്പളം 50 ശതമാനത്തിലധികം കുറഞ്ഞു. അവധി സമയങ്ങളില്‍ സുഹൃത്തുക്കള്‍ക്കായി ബാര്‍ബിക്യൂ പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. ഹലാല്‍ ബ്രിസ്‌കറ്റ് തയ്യാറാക്കിയപ്പോള്‍ സുഹൃത്തുക്കള്‍ ഇതുവരെ കണ്ടിട്ടില്ലാത്തത് എന്ന് പ്രശംസിച്ചു. ഇത് പ്രചോദനമായി.

2024 ഡിസംബറില്‍ ഇര്‍വിങ്ങിലെ നോര്‍ത്ത് മാക്ആര്‍തര്‍ ബൂലെവാര്‍ഡില്‍ Kafi BBQ എന്ന റെസ്‌റ്റൊറന്റ് തുറന്നു. ആദ്യം മൂന്ന് ദിവസത്തേക്കുള്ള സ്റ്റോക്ക് തയ്യാറാക്കിയിരുന്നെങ്കിലും ആദ്യ ദിനം തന്നെ എല്ലാം വിറ്റുതീര്‍ന്നു. അന്ന് രാത്രി വീണ്ടും പാചകം തുടങ്ങേണ്ടി വന്നു. 

റസ്റ്റോറന്റ് ലാഭത്തിലാണെങ്കിലും പ്രാരംഭ നിക്ഷേപം തിരിച്ചു പിടിക്കാന്‍ ഇനിയും സമയമെടുക്കും. അബ്ദുല്‍ കാഫി ഇതുവരെ സ്വന്തം ശമ്പളമായി ഒരു ഡോളര്‍ പോലും എടുത്തിട്ടില്ല. സേവിങ്‌സ് ഉപയോഗിച്ചാണ് ജീവിതം നയിക്കുന്നത്. ആഴ്ചയില്‍ 70-80 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇത് കൂടുതല്‍ സംതൃപ്തി നല്‍കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ഹലാല്‍ ഡയറ്റ് പിന്തുടരുന്നവരും, പുതിയ ഫ്ളേവറുകള്‍ തിരയുന്നവരും ഉള്‍പ്പെടെ വൈവിധ്യമുള്ള ഉപഭോക്താക്കളാണ് ഇവിടെ എത്തുന്നത്. ലൈനുകള്‍ നീണ്ടുനില്‍ക്കുന്നതും ഭക്ഷണം വേഗം വിറ്റുതീരുന്നതും സാധാരണ കാഴ്ചയായി.