മൂണ്‍ലൈറ്റിങ്ങിലൂടെ ശമ്പളം 70 ലക്ഷം രൂപ, ലോണില്ലാതെ 1.3 കോടി രൂപയുടെ വീട് വാങ്ങി ഇന്ത്യന്‍ ടെക്കി, പക്ഷെ, ജീവിതം ആസ്വദിക്കാനായില്ല

ഐടി മേഖലയിലെ 'മൂണ്‍ലൈറ്റിംഗ്' അഥവാ ഒരേസമയം ഒന്നിലധികം ജോലികള്‍ ചെയ്യുന്ന രീതി എന്നും ചര്‍ച്ചാവിഷയമാണ്.

 

കരിയറിലുടനീളം മൂണ്‍ലൈറ്റിംഗ് നടത്തി അമ്പരപ്പിക്കുന്ന നേട്ടം കൈവരിച്ച ഒരു യുവ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബെംഗളൂരു: ഐടി മേഖലയിലെ 'മൂണ്‍ലൈറ്റിംഗ്' അഥവാ ഒരേസമയം ഒന്നിലധികം ജോലികള്‍ ചെയ്യുന്ന രീതി എന്നും ചര്‍ച്ചാവിഷയമാണ്. എന്നാല്‍, തന്റെ കരിയറിലുടനീളം മൂണ്‍ലൈറ്റിംഗ് നടത്തി അമ്പരപ്പിക്കുന്ന നേട്ടം കൈവരിച്ച ഒരു യുവ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രതിവര്‍ഷം 70 ലക്ഷം രൂപയിലധികം സമ്പാദിക്കുന്ന ഇദ്ദേഹം, ഒരു രൂപ പോലും ബാങ്ക് വായ്പ എടുക്കാതെ 1.3 കോടി രൂപയുടെ വീട് സ്വന്തമാക്കിയ വിവരം റെഡ്ഡിറ്റിലൂടെ പങ്കുവെച്ചു.

ഒരു ടയര്‍-3 കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ എഞ്ചിനീയര്‍ തന്റെ കരിയറിന്റെ തുടക്കം മുതല്‍ തന്നെ ഒന്നിലധികം ജോലികള്‍ ചെയ്തിരുന്നു. കോളേജ് കാലത്ത് വെറും 1,000 രൂപയ്ക്ക് ആന്‍ഡ്രോയിഡ് ഡെവലപ്പായി ജോലി തുടങ്ങിയ ഇദ്ദേഹം പടിപടിയായാണ് ഈ നേട്ടത്തിലെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിലും അമേരിക്ക ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയിലുമായി ഒരേസമയം ജോലി ചെയ്യുകയായിരുന്നു.

രണ്ട് ജോലികളില്‍ നിന്നുമായി ഏകദേശം 70 ലക്ഷം രൂപയാണ് വാര്‍ഷിക വരുമാനം. ഇതിലൂടെ 1.3 കോടി രൂപയുടെ വീട് പൂര്‍ണ്ണമായും സ്വന്തം സമ്പാദ്യത്തില്‍ നിന്നും വാങ്ങി. കയ്യില്‍ പണമുണ്ടെങ്കിലും അത് ആസ്വദിക്കാന്‍ സമയമില്ല എന്നതാണ് പ്രധാന വെല്ലുവിളി. ദിവസവും 10 മുതല്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നു. സോഷ്യല്‍ ലൈഫ് സീറോ ആണ് എന്ന് അദ്ദേഹം തുറന്നു പറയുന്നു. വിലകൂടിയ ഗെയിമിംഗ് ലാപ്‌ടോപ്പും ഹോം ജിമ്മും വാങ്ങിയിട്ടുണ്ടെങ്കിലും അവ ഉപയോഗിക്കാന്‍ പോലും സമയം കിട്ടാറില്ല.

സമീപകാലത്ത് യുഎസ് കമ്പനി ശമ്പളം 74.5 ലക്ഷമായി വര്‍ദ്ധിപ്പിച്ചതോടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിലെ ജോലി ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇതിന് പിന്നില്‍ ഒരു സാമ്പത്തിക ബുദ്ധിയുണ്ട്. വരുമാനം 75 ലക്ഷത്തിന് താഴെ നിര്‍ത്തുകയാണെങ്കില്‍ ആദായനികുതി നിയമ പ്രകാരം കുറഞ്ഞ നികുതി (ഏകദേശം 8 ലക്ഷം രൂപ) മാത്രം അടച്ചാല്‍ മതിയാകും. വരുമാനം 75 ലക്ഷം കടന്നാല്‍ നികുതി ഇനത്തില്‍ വലിയൊരു തുക നഷ്ടമാകുമെന്നതിനാലാണ് ഒരു ജോലി ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

ആരോഗ്യത്തിലും കുടുംബ ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ തീരുമാനം. കരിയറിന്റെ തുടക്കത്തില്‍ പണത്തിന് പിന്നാലെ ഓടിയ താന്‍ ഇപ്പോള്‍ സമാധാനപരമായ ജീവിതം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.