അധ്യാപികമാരുടെ മയക്കുമരുന്ന് വില്‍പന വാര്‍ത്തയാകുമ്പോള്‍, പഠന സമയത്ത് ഭക്ഷണത്തിനായി ബാറില്‍ ഒഴിച്ചുകൊടുപ്പുകാരനായ കഥ പറഞ്ഞ് അധ്യാപകന്‍ രതീഷ്
മികച്ച ജോലിയും ശമ്പളവും ലഭിക്കുമ്പോള്‍ തന്നെ മയക്കുമരുന്ന് വില്‍പനയ്ക്കിറങ്ങി ലക്ഷങ്ങളുണ്ടാക്കുന്ന അധ്യാപികമാരുടെ വാര്‍ത്ത ചര്‍ച്ചയാകുമ്പോള്‍ ഭക്ഷണത്തിനായി പല ജോലികള്‍ ചെയ്ത പഠനകാത്തെ ഓര്‍ത്തെടുത്ത് എഴുത്തുകാരനും അധ്യാപകനുമായ കെഎസ് രതീഷ്.
പേരാമ്പ്ര ബിആര്‍സിയിലെ കാവ്യ, കീര്‍ത്തന, നീഷ്മ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് പിടിയിലായത്. ലഹരി ഉപയോഗം പിന്നീട് വില്‍പനയിലേക്ക് മാറുകയായിരുന്നു.
കൊച്ചി: മികച്ച ജോലിയും ശമ്പളവും ലഭിക്കുമ്പോള്‍ തന്നെ മയക്കുമരുന്ന് വില്‍പനയ്ക്കിറങ്ങി ലക്ഷങ്ങളുണ്ടാക്കുന്ന അധ്യാപികമാരുടെ വാര്‍ത്ത ചര്‍ച്ചയാകുമ്പോള്‍ ഭക്ഷണത്തിനായി പല ജോലികള്‍ ചെയ്ത പഠനകാത്തെ ഓര്‍ത്തെടുത്ത് എഴുത്തുകാരനും അധ്യാപകനുമായ കെഎസ് രതീഷ്.
പേരാമ്പ്ര ബിആര്‍സിയിലെ കാവ്യ, കീര്‍ത്തന, നീഷ്മ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് പിടിയിലായത്. ലഹരി ഉപയോഗം പിന്നീട് വില്‍പനയിലേക്ക് മാറുകയായിരുന്നു. ഇവരുടെ പേരു പറഞ്ഞ് കളിയാക്കല്‍ തുടരുമ്പോഴാണ് രതീഷ് ജീവിക്കാനായി പല ജോലികള്‍ ചെയ്ത തന്റെ പഠനകാലത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
കെഎസ് രതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
കെ.എസ് രതീഷ് എം ഡി അല്ലാത്ത എം.എ ബി എഡ്....
മൂന്ന് സ്പെഷ്യല്‍ അദ്ധ്യാപകര്‍ രാസലഹരിയുടെ ഇടപാടില്‍ അറസ്റ്റിലായിരിക്കുന്നു.എന്റെ പങ്കാളി മുതല്‍ ക്ലാസ് മുറിയിലെ കുട്ടികള്‍ വരെ നിങ്ങളുടെ കൂട്ടത്തില്‍ 'ഇതാ ചിലര്‍' എന്ന കളിയാക്കലുകള്‍ തുടരുന്നു. ചാനലുകളില്‍ മസാല പുരട്ടിയ കഥകള്‍ കണക്കെ വിവരണങ്ങളും.സ്‌കൂളിലെ വിമുക്തി ക്ലബ്ബ് ചാര്‍ജ്ജുള്ള മാഷെന്ന നിലയില്‍ തൂഫാന്‍ ഉള്‍പ്പെടെ ലഹരി വിമോചന ചിന്തകള്‍ ഈ വര്‍ഷം സ്‌കൂളില്‍ പകരേണ്ടത് ഞാനാണ്. എനിക്കതിന് മതിയായ യോഗ്യതയുണ്ടോ....?
ബി.എഡ് പഠിക്കാന്‍ കൂട്ടിവച്ചിരുന്ന കാശിലെ 80%വും ഒരു ലോഡ്ജുടമയും പോലീസുകാരനും കൂടെ പിടിച്ചു വാങ്ങി. അതിന്റെ കാരണം ചോദിക്കരുത്.എന്റെ മാളം (ഡിസി ബുക്‌സ്)എന്ന പുസ്തകത്തില്‍ പാലം എന്നൊരു കഥയുണ്ട് അത് വായിച്ചാല്‍ എന്റെ കുമ്പസാരം കിട്ടും...
ബാക്കിയുള്ള 16,700 രൂപയും കൊണ്ട് വന്ന എനിക്ക് 14,500 ഫീസായി അടക്കേണ്ടി വന്നു.അങ്ങനെ തിന്നാനും കുടിക്കാനും മുട്ടിയപ്പോള്‍ വൈകുന്നേരങ്ങളില്‍ അടുത്ത മുറിയിലെ മണല് വാരലുകാര്‍ക്കൊപ്പം പണിക്കിറങ്ങി. പോലീസുക്കര്‍ പൊക്കി അടിവസ്ത്രം മാത്രമിട്ട് മൂന്നുനാലുമണിക്കൂര്‍ സ്റ്റേഷനിലിരുന്നു.ചാടിപ്പോകാന്‍ ശ്രമിച്ച എനിക്ക് കവിളില്‍ കിട്ടിയ അടിയും അടിനഭിക്ക് കിട്ടിയ ഒരു കുത്തും ബോധോദയമുണ്ടാക്കി...
അങ്ങനെയാണ് ഞാന്‍ അന്ന് താമസിച്ച വീടിന്റെ അടുത്ത കട്ടകമ്പനിയില്‍ പണി ചോദിച്ചുചെന്നത്.അതും നമുക്ക് സെറ്റാവില്ല എന്ന് കണ്ടപ്പോള്‍ എന്റെ ഹൗസ് ഓണര്‍ ഒരു വഴി കാണിച്ചു. അടുത്ത കവലയില്‍ ഒരു ത്രീ സ്റ്റാര്‍ ബാര്‍ അതില്‍ പാര്‍ട്ട് ടൈം ജോലി...
ബി എഡ് ക്ലാസ്സ് കഴിഞ്ഞാല്‍ മിന്നല്‍ വേഗത്തില്‍ ഇവന്‍ എങ്ങിട്ടാണ് മുങ്ങുന്നതെന്ന് കൂടെ പഠിക്കുന്നവരോ അധ്യാപകരോ ആദ്യം അറിഞ്ഞില്ല. ബാറിന്റെ കൗണ്ടറില്‍ ബില്ലുമായി ഒഴിക്കാന്‍ ഊഴം കാത്തുനിന്നവരും.
ഓ പി ആര്‍ രണ്ടു തൊണ്ണൂറ് എന്നൊക്കെ ബില്‍ കൗണ്ടറില്‍ പറഞ്ഞവരും. റിസ്പഷനില്‍ വന്ന് ഇവിടെ ഫാമിലിക്ക് റൂം കിട്ടുമോ?എന്നൊക്കെ ചോദിച്ചവരും ഇവന്‍ നമ്മളെ കൂടെ പഠിക്കുന്നതല്ലേ എന്ന് തിരിച്ചറിഞ്ഞു...
ബാറില്‍ ജോലിക്ക് പോകുന്നതിന്റെ അധാര്‍മ്മികതക്ക് ക്ലാസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും കിട്ടി.ഇന്നലത്തെ ഹാങ് മാറിയില്ലേ? ഇന്നലെ ഏതാ അടിച്ചത്? എന്നൊക്കെയുള്ള കളിയാക്കലും..എന്നാലും ബാറില്‍ പോക്ക് നിര്‍ത്തിയില്ല.നിര്‍ത്താന്‍ കഴിഞ്ഞില്ല..
ഉള്ളത് പറയാല്ലോ കുടിച്ച് മുടിഞ്ഞ പൂര്‍വികരും നാട്ടുകാരെ വാറ്റിക്കുടിപ്പിച്ച അപ്പനുമുള്ള എനിക്ക് ഒരു തുള്ളി കുടിക്കാന്‍ തോന്നിയിരുന്നില്ല..
എന്തു ചെയ്യാന്‍ വയറു നിറയെ ഭക്ഷണം മുറിയുടെ വാടക കൊടുക്കാനും പഠന ചെലവിനും എനിക്ക് തന്ന് സഹായിക്കാന്‍ വേറാരുമില്ലല്ലോ..
അതുമല്ല ഒഴിച്ച് കൊടുക്കുന്ന കൗണ്ടറിലെ ഇടവേളയില്‍ വിദ്യാഭ്യാസ മനഃശാസ്ത്ര പുസ്തകം ഒളിച്ചുവച്ചു പഠിക്കുന്ന എന്നെ കഴുത്തിന് പിടിച്ച് ഒരു പണിയുമില്ലാത്ത റിസപ്ഷനില്‍ കൊണ്ടിരുത്തി 'നീ ഇവിടിരുന്ന് പഠിച്ചോടാ' എന്ന് പറഞ്ഞ ബാര്‍ മുതലാളി സന്തോഷിന്റെ നല്ല മനസിലാണ് 1000 ല്‍ 780 മാര്‍ക്ക് കിട്ടിയ എന്റെ ബി എഡ് സര്‍ട്ടിഫിക്കറ്റ്...
എല്ലാ വൈകിട്ടും സിഗ്‌നേച്ചര്‍ വിസ്‌കി രണ്ട് പെഗ് ആസ്വദിച്ചു കഴിക്കുന്ന കഴുത്തില്‍ ചങ്ങല പോലെ സ്വര്‍ണ മാലയും കൈകളില്‍ നിറയെ മോതിരവുമുള്ള ഒരു എയ്ഡഡ് സ്‌കൂള്‍ മാഷിനോട് സഹ ബാര്‍മാന്‍ ''ഇവന്‍ നിങ്ങളെപ്പോലെ സാറാവാനുള്ള കോഴ്‌സ് പഠിക്കുന്നതാണ്..''എന്ന് പറഞ്ഞത് മുതല്‍ എനിക്കയാള്‍ ടിപ്‌സ് തരാന്‍ തുടങ്ങി ചാര്‍ട്ടും മാര്‍ക്കറും പേനയും ടീച്ചിങ് പ്രാക്ടീസിനുള്ള മറ്റുപലതും ആ കാശിലാണ്. എനിക്കവരെയൊന്നും തള്ളിപ്പറയാന്‍ കഴിയില്ല.വല്ലപ്പോഴും ബാര്‍ മുതലാളി സ്റ്റാഫിന് കൊടുക്കുന്ന ഒരു പെഗ് അവിടെത്തന്നെ വിറ്റ് കാശാക്കിയിട്ടുമുണ്ട്...
വന്ന വഴിയൊന്നും നീതിയല്ലെന്ന് എനിക്കേറ്റവും ബോധമുണ്ട്.ഉപദേശിക്കാനോ നിര്‍ദ്ദേശിക്കാനോ ഒരു തുള്ളി യോഗ്യനുമല്ല.എന്നാലും പ്രിയപ്പെട്ട അധ്യാപകരെ നമ്മളിപ്പോള്‍ നില്‍ക്കുന്ന വഴി ഈ ലോകം ഏറ്റവും കാര്യമായി നോക്കുന്നുണ്ട്..
ചാറ്റ് ബോട്ടുകള്‍ നമ്മളെക്കാള്‍ ഭംഗിയായി വിജ്ഞാനം വിതരണം ചെയ്യാനൊരുങ്ങുന്ന കാലത്ത് നിലവിലുള്ള ചീത്തപ്പേരുകള്‍ നിന്നോട്ടെ ഇനിയും കൂടുതല്‍ പരിഹാസ്യ ബിരുദങ്ങള്‍ നേടാതിരിക്കുക...????