തളിപ്പറമ്പ് നഗരസഭയില്‍ കെടുകാര്യസ്ഥത, പരാതി നല്‍കിയാല്‍ മാസങ്ങള്‍ കഴിഞ്ഞാലും പരിഹാരമില്ല, എന്തിനിങ്ങനെയൊരു ഭരണവും ജീവനക്കാരും?

യുഡിഎഫ് ഭരിക്കുന്ന തളിപ്പറമ്പ് നഗരസഭയില്‍ കെടുകാര്യസ്ഥതയാണെന്ന വിമര്‍ശനം വ്യാപകമാകുന്നു. പരാതി നല്‍കിയാല്‍ മാസങ്ങള്‍ കഴിഞ്ഞാലും പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമില്ലാത്ത അവസ്ഥയാണ്.

 

തളിപ്പറമ്പ് നഗരസഭ ഭിന്നശേഷി സൗഹൃദത്തില്‍ പതിറ്റാണ്ടുകള്‍ പിന്നിലാണ്. പൊതുസ്ഥലങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനോ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനോ നഗരസഭയ്ക്ക് സാധിക്കുന്നില്ല.

കണ്ണൂര്‍: യുഡിഎഫ് ഭരിക്കുന്ന തളിപ്പറമ്പ് നഗരസഭയില്‍ കെടുകാര്യസ്ഥതയാണെന്ന വിമര്‍ശനം വ്യാപകമാകുന്നു. പരാതി നല്‍കിയാല്‍ മാസങ്ങള്‍ കഴിഞ്ഞാലും പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമില്ലാത്ത അവസ്ഥയാണ്. പരാതിക്കാരന് കൃത്യമായി വിവരങ്ങള്‍ നല്‍കാനോ സമയബന്ധിതമായി പരിഹരിക്കാനോ ജീവനക്കാര്‍ക്ക് കഴിയുന്നില്ല.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് പരാതിയും അപേക്ഷയുമെല്ലാം നല്‍കാന്‍ കെ സ്മാര്‍ട്ട് അവതരിപ്പിച്ചതോടെ പരാതി പരാഹാരം വേഗത്തിലായെന്നും ലക്ഷക്കണക്കിന് പരാതികള്‍ അതിവേഗം പരിഹരിച്ചെന്നും തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, പലയിടത്തും ഫയലുകളില്‍ മാസങ്ങളോളം അടയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

തളിപ്പറമ്പ് നഗരസഭ ഭിന്നശേഷി സൗഹൃദത്തില്‍ പതിറ്റാണ്ടുകള്‍ പിന്നിലാണ്. പൊതുസ്ഥലങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനോ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനോ നഗരസഭയ്ക്ക് സാധിക്കുന്നില്ല. കേരളം യൂറോപ്യന്‍ നിലവാരത്തിലാണെന്നും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാണെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു അവകാശപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാനത്തെ പൊതുസ്ഥലങ്ങള്‍ ഇപ്പോഴും ഭിന്നശേഷിക്കാര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത രീതിയിലാണെന്നതാണ് യാഥാര്‍ത്ഥ്യം.

തളിപ്പറമ്പ് നഗരസഭാ പരിധിയിലെ സിനിമാ തീയേറ്ററുകളില്‍ വീല്‍ചെയര്‍ റാമ്പ് നിര്‍മിക്കാനുള്ള അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഗൗരവമായി ഇടപെടുകയോ പരാതി പരിഹരിക്കുകയോ ചെയ്തിട്ടില്ല.

കെ സ്മാര്‍ട്ട് വഴി പരാതി നല്‍കിയശേഷം തീയേറ്റര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുക മാത്രമാണ് നഗരസഭ ചെയ്തത്. നിശ്ചിത മാനദണ്ഡപ്രകാരം റാമ്പ് നിര്‍മിച്ചെന്നും അതുവഴി വീല്‍ചെയറില്‍ സിനിമാ തീയറ്ററിനുള്ളിലെത്തി സിനിമകാണാനുള്ള സൗകര്യമൊരുക്കിയെന്ന് ഉറപ്പുവരുത്തേണ്ടതും നഗരസഭാ ഉദ്യോഗസ്ഥരാണ്.

നഗരസഭയുടെ നോട്ടീസ് ലഭിച്ചെന്ന് തീയേറ്റര്‍ അധികൃതര്‍ പറയുന്നു. പിന്നീട്, ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു തീയേറ്ററില്‍ റാമ്പ് നിര്‍മിച്ചെന്ന് പറയുന്നുണ്ടെങ്കിലും തീയേറ്ററിനുള്ളില്‍ കയറാനുള്ള സൗകര്യമില്ല. ഇതിനായി മറ്റൊരു നോട്ടീസ് കൂടി നല്‍കണമെന്നാണ് ഇവര്‍ പറയുന്നത്. അതായത്, തീയേറ്ററിന്റെ വരാന്തയില്‍ കയറാന്‍ മാത്രമാണ് റാമ്പ് നിര്‍മിച്ചത്.

മറ്റൊരു തീയേറ്ററില്‍ റാമ്പ് നിര്‍മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. നോക്കാം, എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടി മാത്രമാണ് നല്‍കുന്നത്. നഗരസഭാ ജീവനക്കാര്‍ വരികയോ നിര്‍ദ്ദേശം നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

സിനിമാ തീയേറ്ററുകളില്‍ റാമ്പുകള്‍ സ്ഥാപിച്ച് തീയേറ്റിന് അകത്തിരുന്ന് സിനിമകാണാന്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യമൊരുക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ട്.  ഇത് പാലിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ താത്പര്യമില്ല.

പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് 2016ലെ കേന്ദ്ര ഭിന്നശേഷി അവകാശ നിയമത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി അടുത്തിടെ വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന് സിനിമാ തീയേറ്ററുകളില്‍ ഉള്‍പ്പെടെ ഉടനടി ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ഉത്തരവുണ്ടായി. ഈ ഉത്തരവ് പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്.

ഭിന്നശേഷി സൗഹൃദമാക്കാന്‍ പരാതി ലഭിച്ചുകഴിഞ്ഞാല്‍ അത് സമയബന്ധിതമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പരാതിക്കാരന് നല്‍കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ്. എന്നാല്‍, പരാതി ലഭിച്ചതില്‍ നടപടിയെടുത്തെന്ന് ബോധ്യപ്പെടുത്താന്‍ മാത്രമായി നോട്ടീസ് നല്‍കി കൈകഴുകുകയാണ് ഇവര്‍.

ഫയലുകള്‍ക്കുമേല്‍ അടയിരിക്കാതെ തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം ജനങ്ങളെ സേവിക്കുകയാണെന്നും ശമ്പളം നികുതിദായകരുടെ ഫണ്ടില്‍ നിന്നാണ് നല്‍കുന്നതെന്നുമുള്ള ബോധം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകേണ്ടതാണ്.

പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ പങ്ക് തിരിച്ചറിയുകയും സാധാരണ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, എല്ലാവരുടെയും ജീവിതനിലവാരം ഉയരുന്ന കൂടുതല്‍ തുല്യതയുള്ള ഒരു സമൂഹത്തെ നമുക്ക് സൃഷ്ടിക്കാന്‍ കഴിയും. ആത്യന്തികമായി, ഈ കൂട്ടായ പരിശ്രമമാണ് വരും തലമുറകള്‍ക്ക് ശോഭനവും സമൃദ്ധവുമായ ഭാവിക്ക് വഴിയൊരുക്കുക എന്നും ഉദ്യോഗസ്ഥര്‍ തിരിച്ചറിയണം.