പാണ്ഡ്യയെ ലോകകപ്പ് ടീമിലെടുത്തത് ജയ് ഷായുടെ സമ്മര്‍ദ്ദം മൂലമോ? അഗാര്‍ക്കറിനും രോഹിത്തിനും താത്പര്യമില്ല

ഫോമിലല്ലാതിരുന്നിട്ടും ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് ബിസിസിഐ സെക്രട്ടറി ജെയ് ഷായുടെ സമ്മര്‍ദ്ദം മൂലമാണെന്ന് സൂചന.
 

ന്യൂഡല്‍ഹി: ഫോമിലല്ലാതിരുന്നിട്ടും ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് ബിസിസിഐ സെക്രട്ടറി ജെയ് ഷായുടെ സമ്മര്‍ദ്ദം മൂലമാണെന്ന് സൂചന. ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ് എന്നിവരെപ്പോലുള്ള കളിക്കാര്‍ പുറത്താക്കപ്പെട്ടപ്പോഴും പാണ്ഡ്യയെ ടീമിലെടുത്തത് എന്തിനാണെന്ന ചോദ്യമുയര്‍ന്നിരുന്നു. ജയ് ഷാ നല്‍കിയ അഭിമുഖത്തിലാണ് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയത് തങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് സൂചിപ്പിക്കുന്നത്.

ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പാണ്ഡ്യയെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍, താരത്തെ പിന്നീട് ഉള്‍പ്പെടുത്തിയത് സംശയത്തിന് ഇടയാക്കി. ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹാര്‍ദിക്കിനെ തിരഞ്ഞെടുത്തത് മറ്റൊരു പകരക്കാരനില്ലാത്തതുകൊണ്ടാണെന്നാണ് അഗാര്‍ക്കര്‍ വെളിപ്പെടുത്തിയത്.

ഐപിഎല്‍ ഫോമിന്റെ അടിസ്ഥാനത്തില്‍ കളിക്കാരെ തിരഞ്ഞെടുക്കാനാകില്ലെന്നാണ് കഴിഞ്ഞദിവസം ജയ് ഷാ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. ടി20 ലോകകപ്പിന്റെ നിലവാരമുള്ള ഒരു ടൂര്‍ണമെന്റിനായി സെലക്ടര്‍മാര്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ വിദേശ അനുഭവവും കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകത ഷാ ഉറപ്പിച്ചു പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ ടീമിന് ഹാര്‍ദിക്കിനെ പോലെ ഒരു പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ഇല്ല. ശിവം ദുബെയാണ് ഹാര്‍ദിക്കിന് പകരമുള്ള ഏക ബദല്‍. എന്നാല്‍, ബൗളിങ്ങില്‍ പാണ്ഡ്യയ്‌ക്കൊപ്പമെത്താന്‍ ദുബെയ്ക്ക് സാധിക്കില്ല. അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ തുടങ്ങിയ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യന്‍ ടീമിലുള്ളതിനാല്‍ ലോകകപ്പില്‍ രോഹിത്തിന് തന്റെ പ്ലെയിങ് ഇലവനെ തെരഞ്ഞെടുക്കുക എളുപ്പമാകില്ല.

hardik pandya jay shah