വീണയ്ക്ക് കുരുക്കിട്ടത് സ്വപ്‌ന സുരേഷ്? കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കരിമണല്‍ കമ്പനി സിഎംആര്‍എല്ലില്‍ നിന്നും അര്‍ഹിക്കാത്ത തുക കൈപ്പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ആരോപണം ഉയരുമ്പോള്‍ പിന്നില്‍ കളിക്കുന്നത് സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷെന്ന് സൂചന. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ പലവട്ടം പലകാര്യങ്ങളില്‍ അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയാണ് സ്വപ്ന.
 

തിരുവനന്തപുരം: കരിമണല്‍ കമ്പനി സിഎംആര്‍എല്ലില്‍ നിന്നും അര്‍ഹിക്കാത്ത തുക കൈപ്പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ആരോപണം ഉയരുമ്പോള്‍ പിന്നില്‍ കളിക്കുന്നത് സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷെന്ന് സൂചന. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ പലവട്ടം പലകാര്യങ്ങളില്‍ അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയാണ് സ്വപ്ന.

ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് രണ്ടു മാസം മുന്‍പേ സിഎംആര്‍എല്ലിനെതിരെ കണ്ടെത്തിയ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവരാന്‍ കാരണം സ്വപ്‌നയുടെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ട്. യാതൊരു സേവനവും ചെയ്തുകൊടുക്കാതെ വീണാ വിജയന്റെ അക്കൗണ്ടിലേക്ക് ഒരു കോടി 72 ലക്ഷം രൂപ കൈമാറിയെന്നാണ് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത്. വിഷയത്തില്‍ തന്റെ ഭാഗം ന്യായീകരിക്കാനോ സംഭവിച്ചതിനെക്കുറിച്ച് വ്യക്തമാക്കാനോ വീണ എത്തിയില്ലെന്നതും കൗതുകകരമാണ്.

വീണയ്‌ക്കെതിരായ ആരോപണം പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സ്വപ്‌ന രംഗത്തെത്തിയിരുന്നു. അഴിമതിക്ക് മുന്‍ഗണന നല്‍കുമ്പോള്‍ സത്യസന്ധത തിന്മയായി മാറുമെന്നാണ് സ്വപ്‌ന പറയുന്നത്. കളി തുടങ്ങിയിട്ടേയുള്ളൂവെന്നും കാത്തിരുന്നു കാണാമെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയും മകളും കോടികള്‍ വാങ്ങുമ്പോള്‍ സെലിബ്രിറ്റികളാകും. എന്നാല്‍ സ്വപ്‌ന ഒരു ക്ലാസിഫൈഡ് ക്രിമിനലും. ഇത് ഇവരില്‍ രണ്ടു പേരില്‍ മാത്രം ഒതുങ്ങില്ല, കുടുംബം മുഴുവന്‍ ഇതില്‍ പങ്കാളികളാണെന്നും സ്വപ്‌ന പറയുകയുണ്ടായി.

വീണയ്‌ക്കെതിരെ നാളിതുവരെ സ്വപ്‌ന ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കൊന്നും തെളിവ് നിരത്താന്‍ കഴിഞ്ഞിരുന്നല്ല. ഐടി വകുപ്പുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കള്ളക്കളികളും നടക്കുന്നതായാണ് സ്വപ്‌ന നേരത്തെ ആരോപിച്ചത്. എന്നാല്‍, ഇതേക്കുറിച്ച് തെളിവ് നല്‍കാന്‍ അവര്‍ക്ക് സാധിച്ചില്ല. വീണ സിഎംആര്‍എല്ലില്‍ നിന്നും അവിഹിതമായി പണം വാങ്ങിയെന്ന ആരോപണം നിഷേധിക്കാനാകാത്തവിധം ശക്തമാകുമ്പോള്‍ സ്വപ്‌നയുടെ വരാനിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ജനങ്ങള്‍ തളളിക്കളയില്ലെന്നുറപ്പാണ്.

അതിനിടെ വീണയ്‌ക്കെതിരായ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സിഎംആര്‍എല്ലുമായി കരാറുണ്ടാക്കിയാണ് വീണ പണം വാങ്ങിയതെങ്കിലും ഇതിന്റെ ആദായനികുതി അടച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. വര്‍ഷം 50 ലക്ഷത്തിലധികം രൂപ വീണ കമ്പനിയില്‍ നിന്നും ബാങ്കുവഴി കൈപ്പറ്റിയെങ്കിലും പണം വാങ്ങിയ വര്‍ഷങ്ങളില്‍ ആദായനികുതി റിട്ടേണില്‍ ഇവ ചേര്‍ത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.

യുഡിഎഫ് നേതാക്കള്‍ കരിമണല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങിയെന്ന പ്രത്യാരോപണം ഉയര്‍ത്തി വീണയുടെ ഇടപെടല്‍ നിസ്സാരമാക്കാന്‍ സിപിഎമ്മിന് സാധിക്കില്ല. കാരണം ഭരണസ്വാധീനം ഉപയോഗിച്ച് കമ്പനിക്ക് അനര്‍ഹമായ ആനുകൂല്യം നല്‍കാനാണ് വീണയുടെ അക്കൗണ്ട് വഴി പണം നല്‍കിയതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം. തങ്ങള്‍ വാങ്ങിയത് സംഭാവനയാണെന്നും അതിന് കണക്കുണ്ടെന്നും യുഡിഎഫ് നേതാക്കള്‍ പറയുമ്പോള്‍ വീണ ഇതുവരെ തന്റെ കരാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.