കരിപ്പൂരിലെത്തുന്ന സ്വര്‍ണം പിടിക്കാതെ കസ്റ്റംസ് പോലീസിന് സൂചന നല്‍കും, പോലീസ് പുറത്തുനിന്നും പിടിക്കുന്ന സ്വര്‍ണത്തില്‍ പകുതി ആവിയാകും, എസ്പി സുജിത് ദാസ് എണ്ണംപറഞ്ഞ കള്ളക്കടത്തുകാരനെന്ന് ആരോപണം

എംഎല്‍എ പിവി അന്‍വര്‍ കഴിഞ്ഞദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ഞെട്ടിക്കുന്നതാണ്. മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിനെതിരെയാണ് ഏറ്റവും ഗുരുതരമായ ആരോപണം.
 

കോഴിക്കോട്: എംഎല്‍എ പിവി അന്‍വര്‍ കഴിഞ്ഞദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ഞെട്ടിക്കുന്നതാണ്. മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിനെതിരെയാണ് ഏറ്റവും ഗുരുതരമായ ആരോപണം. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം കസ്റ്റംസ് പിടിക്കാതെ ഒഴിവാക്കി പോലീസിന് വിവരം നല്‍കുമെന്നും എയര്‍പോര്‍ട്ടിന് പുറത്തുനിന്നും പോലീസ് പിടിക്കുന്ന സ്വര്‍ണത്തില്‍ പാതിയും മുക്കുമെന്നുമാണ് അന്‍വറിന്റെ ആരോപണം.

പോലീസ് പിടികൂടുന്ന സ്വര്‍ണത്തില്‍ നിന്നും തട്ടിയെടുക്കുന്ന പങ്കില്‍ ഒരുഭാഗം കസ്റ്റംസിന് ശേഷിക്കുന്നവ പോലീസിനുമാണ്. എസ്പി സുജിത് ദാസാണ് പോലീസിനുവേണ്ടി കരുക്കള്‍ നീക്കുന്നതെന്നും അദ്ദേഹം കള്ളക്കടത്ത് സംഘത്തില്‍പെട്ടയാളാണെന്നുമാണ് അന്‍വര്‍ ചൂണ്ടിക്കാട്ടുന്നത്. ദീര്‍ഘകാലം മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് നിലവില്‍ പത്തനംതിട്ട എസ്പിയാണ്. ഇയാള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞു.

പത്തനംതിട്ടയില്‍ നിന്നും വീണ്ടും മലപ്പുറത്തേക്ക് ട്രാന്‍സഫറിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു സുജിത് ദാസ്. കീഴുദ്യോഗസ്ഥരായ ചില പോലീസുകാരെ ഉപയോഗിച്ച് ഇപ്പോഴും മലപ്പുറത്തെ സ്വര്‍ണക്കടത്ത് സുജിത് ദാസ് നിയന്ത്രിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. സുജിത് ദാസ് മലപ്പുറം വിട്ടശേഷം എയര്‍പോര്‍ട്ടിന് പുറത്തുനിന്നും സ്വര്‍ണം പിടിക്കുന്നത് കുത്തനെ കുറഞ്ഞത് ദുരൂഹതയുണ്ടാക്കുന്നതാണ്.

സുജിദ് ദാസ് മലപ്പുറം എസ്പി ആയ മൂന്ന് വര്‍ഷക്കാലത്തെ ഓരോ ദിവസങ്ങളും സിബിഐ അന്വേഷിച്ചാല്‍ ഇന്ത്യയെ തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലരുടെ പ്രതികരണം. പിടിച്ചെടുക്കുന്ന ഒരു കിലോ 916 കാരറ്റ് സ്വര്‍ണ്ണം ഉരുക്കുമ്പോള്‍ 700 ഗ്രാം സ്വര്‍ണ്ണം കണക്കില്‍ കാണിച്ച് ബാക്കി മുങ്ങി പോകുന്നുവെന്ന ആരോപണവും സജീവമാണ്.

സ്വര്‍ണക്കടത്ത് ഏറ്റവും സജീവമായ ജില്ലയാണ് മലപ്പുറം. അതിവേഗം ചിലര്‍ ധനികരാകുന്നത് പോലീസ് അന്വേഷിക്കാറില്ല. രാഷ്ട്രീയ രംഗത്തും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം കോടികള്‍ നല്‍കിയാണ് പല ഇടപാടുകളും നടക്കുന്നത്. ഉന്നതര്‍ ഇടപെട്ടിട്ടുള്ള വലിയ ശൃഖംലയാണ് സ്വര്‍ണക്കടത്ത് മേഖല. ഇവരെ കുടുക്കാന്‍ സിബിഐ തന്നെ വരണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ കസ്റ്റംസ് സുജിത് ദാസിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് എസ് പി സുജിത് ദാസിനെതിരെ അന്വേഷണം നടത്തുക. സുജിത്ദാസ് എസ്.പിയായിരിക്കെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നൂറിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പിടികൂടിയ സ്വര്‍ണത്തിന്റെ അളവിലടക്കം വലിയ പൊരുത്തക്കേടുകള്‍ കസ്റ്റംസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇക്കാര്യങ്ങളില്‍ ആഴത്തിലുള്ള പരിശോധന നടത്താനാണ് തീരുമാനം. വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടാതെ പുറത്തെത്തുന്ന സ്വര്‍ണം പോലീസിന് എങ്ങനെ പിടികൂടാന്‍ കഴിയുന്നെന്ന കാര്യവും പരിശോധിക്കും.

സുജിത് ദാസിന്റെ കാലത്ത് പിടികൂടിയ സ്വര്‍ണത്തിന്റെ തൂക്കവും അളവും പരിശോധിക്കും. ഈ സമയത്തു വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വഷണം നടത്തും. സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധമാണ് കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നതെന്നായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണം.