യുകെയില്‍ ജോലി ചെയ്യുന്ന മലയാളി പെണ്‍കുട്ടിക്ക് വേണം സ്റ്റെം സെല്‍, ആര്‍ക്കും പങ്കെടുക്കാം, ഒരു ജീവന്‍ രക്ഷിക്കാനുള്ള അവസരം, പങ്കെടുക്കേണ്ടത് ഇങ്ങനെ

സ്വാബ് കിറ്റ് ഉപയോഗിച്ച് വളരെ ലളിതമായി ആര്‍ക്കും ഈ രജിസ്‌ട്രേഷന്റെ ഭാഗമാകാം. അനുയോജ്യമായ മാച്ച് കണ്ടെത്തിയാല്‍, ഒരാള്‍ക്ക് പുതിയൊരു ജീവിതം നല്‍കാനുള്ള വലിയ അവസരം ഇതിലൂടെ കൈവരുമെന്ന് ജീവകാരുണ്യ സംഘടനകള്‍ ഓര്‍മ്മിപ്പിക്കുന്നു.

 

റഫിയ ഷെറിന്‍ ചെറിയ പ്രായത്തില്‍ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഗ്രീന്‍ പാലിയേറ്റീവ് അടക്കം ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

കോഴിക്കോട്: യുകെയിലെ ലങ്കാഷെയറിലെ പ്രസ്റ്റണില്‍ താമസിക്കുന്ന മലപ്പുറം സ്വദേശിയായ റഫിയ ഷെറിന്‍ (30) സ്റ്റെം സെല്‍ ദാദാവിനെ തേടുന്നു. അപ്ലാസ്റ്റിക് അനീമിയ ബാധിച്ച റഫിയ ഷെറിനുവേണ്ടി സ്വന്തം നാടായ മലപ്പുറത്ത് ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

2019ല്‍ മാസ്റ്റര്‍ ബിരുദ പഠനത്തിനായാണ് റഫിയ യുകെയിലെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈജിപ്തിലും സെര്‍ബിയയിലുമായി നടത്തിയ അവധിക്കാല യാത്രയ്ക്കിടയില്‍ ഭക്ഷ്യവിഷബാധ ഏല്‍ക്കുകയായിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് അപ്ലാസ്റ്റിക് അനീമിയ ബാധിച്ചതായി കണ്ടെത്തിയത്. ഭക്ഷ്യവിഷബാധ ഇല്ലായിരുന്നെങ്കില്‍ രോഗം കണ്ടെത്താന്‍ വൈകുമായിരുന്നു.

പുതിയ രക്തകോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അസ്ഥിമജ്ജയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയാണ് അപ്ലാസ്റ്റിക് അനീമിയ. നിലവില്‍ ആഴ്ചയില്‍ രണ്ട് തവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ.

റഫിയയുടെ ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ കുടുംബത്തിനൊപ്പം നാടും കൈകോര്‍ക്കുകയാണ്. റഫിയയെയും സമാനമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റ് രോഗികളെയും സഹായിക്കുന്നതിനായി മലപ്പുറം മഞ്ചേരിയിലാണ് സ്റ്റെം സെല്‍ റജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ മാസം 15ന് മഞ്ചേരി യതീംഖാന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാമ്പ് നടക്കുന്നത്. DKMS വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്ന സ്വാബ് കിറ്റ് ഉപയോഗിച്ച് വളരെ ലളിതമായി ആര്‍ക്കും ഈ രജിസ്‌ട്രേഷന്റെ ഭാഗമാകാം. അനുയോജ്യമായ മാച്ച് കണ്ടെത്തിയാല്‍, ഒരാള്‍ക്ക് പുതിയൊരു ജീവിതം നല്‍കാനുള്ള വലിയ അവസരം ഇതിലൂടെ കൈവരുമെന്ന് ജീവകാരുണ്യ സംഘടനകള്‍ ഓര്‍മ്മിപ്പിക്കുന്നു.

റഫിയ ഷെറിന്‍ ചെറിയ പ്രായത്തില്‍ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഗ്രീന്‍ പാലിയേറ്റീവ് അടക്കം ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷന്‍ നല്‍കിയും റഫിയ ഷെറിന്‍ സാമൂഹ്യസേവനങ്ങളിലെ നിറസാന്നിധ്യമായിരുന്നു.

ഇതുസംബന്ധിച്ച് ഡോ. മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിട്ടുണ്ട്. അത്രയും അപൂര്‍വ്വമായി മാത്രം നമുക്ക് ചെയ്യേണ്ടി വരുന്ന, ചെയ്യാന്‍ സാധിക്കുന്ന ജീവന്റെ വിലയുള്ള ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണ് സ്റ്റെം സെല്‍ നല്‍കുകയെന്നതെന്ന് അദ്ദേഹം പറയുന്നു.

മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഞാനൊരു രെജിസ്റ്റേര്‍ഡ് സ്റ്റെം സെല്‍ ഡോണറാണ്. ഡോണര്‍ കാര്‍ഡ് ഒക്കെയുണ്ട്. 2015 -ല്‍ രെജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇനിയും ആവശ്യം വന്നിട്ടില്ല. വന്നാല്‍ തീര്‍ച്ചയായും ഞാനെന്റെ സ്റ്റെംസെല്‍ ദാനം ചെയ്യും. കാരണം അത്രയും അപൂര്‍വ്വമായി മാത്രം നമുക്ക് ചെയ്യേണ്ടി വരുന്ന, ചെയ്യാന്‍ സാധിക്കുന്ന  ജീവന്റെ വിലയുള്ള ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണത്.

ഇതിപ്പോള്‍ ഇവിടെ പറയാന്‍ കാരണം റാഫിയ ഷെറിന്‍ എന്ന മലപ്പുറംകാരിയായ ഒരു പെണ്‍കുട്ടിയ്ക്ക് അപ്ലാസ്റ്റിക് അനീമിയ എന്ന അപൂര്‍വ്വ രോഗനിര്‍ണ്ണയം നടത്തിയിരിക്കുകയാണ്. രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള അസ്ഥിമജ്ജയുടെ ശേഷി നഷ്ടപ്പെടുന്ന ഈ അവസ്ഥയില്‍, അനുയോജ്യമായ ഒരു സ്റ്റെം സെല്‍ ദാതാവിനെ  കാത്തിരിക്കുകയാണ് ഒരു പെണ്‍കുട്ടി. മരണത്തിനും ജീവിതത്തിനുമിടയിലെ ഈ കാത്തിരിപ്പ് കേവലം ഒരു കുടുംബത്തിന്റെ മാത്രം വേദനയല്ല, മറിച്ച് നമ്മുടെ സമൂഹത്തിന്റെ ആരോഗ്യബോധവല്‍ക്കരണത്തിന്റെ അടിയന്തര ആവശ്യകതയെയാണ് ചൂണ്ടിക്കാണിക്കുന്നത്.

നമ്മുടെ ശരീരത്തിലെ അസ്ഥികള്‍ക്കുള്ളിലെ മൃദുവായ കലയായ അസ്ഥിമജ്ജയിലാണ് ചുവന്ന രക്താണുക്കള്‍, വെള്ള രക്താണുക്കള്‍, പ്ലേറ്റ്ലെറ്റുകള്‍ എന്നിവ ഉത്പാദിപ്പിക്കപ്പെടുന്നത്. അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വ്യക്തികളില്‍, സ്വന്തം പ്രതിരോധവ്യവസ്ഥ തന്നെ അസ്ഥിമജ്ജയിലെ സ്റ്റെം സെല്ലുകളെ ആക്രമിക്കുകയോ തകരാറിലാക്കുകയോ ചെയ്യുന്നു. ഇതിന്റെ ഫലമായി രക്തകോശങ്ങളുടെ ഉത്പാദനം നിലയ്ക്കുന്നു. ഇത് ഗുരുതരമായ വിളര്‍ച്ച, അടിക്കടിയുള്ള അണുബാധകള്‍, അനിയന്ത്രിതമായ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്നു. രക്തം മാറ്റിവെക്കല്‍ താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും, ഈ രോഗത്തിന് ശാശ്വതമായ ഒരേയൊരു പരിഹാരം അസ്ഥിമജ്ജ അഥവാ സ്റ്റെം സെല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ (Stem Cell Transplantation) മാത്രമാണ്.

സ്റ്റെം സെല്‍ മാറ്റിവെക്കലിലെ ഏറ്റവും വലിയ വെല്ലുവിളി അനുയോജ്യനായ ദാതാവിനെ കണ്ടെത്തുകയാണ്. രക്തഗ്രൂപ്പ് ചേരുന്നത് പോലെ ലളിതമല്ല ഇത്. ഇതിനായി 'ഹ്യൂമന്‍ ല്യൂക്കോസൈറ്റ് ആന്റിജന്‍' (HLA) മാച്ചിംഗ് ആവശ്യമാണ്. മാതാപിതാക്കളില്‍ നിന്നോ സഹോദരങ്ങളില്‍ നിന്നോ അനുയോജ്യമായ സ്റ്റെം സെല്‍ ലഭിക്കാനുള്ള സാധ്യത 25% മാത്രമാണ്. കുടുംബത്തിന് പുറത്തുനിന്നുള്ള അപരിചിതരില്‍ നിന്ന് അനുയോജ്യമായ ഒരു ദാതാവിനെ കണ്ടെത്താനുള്ള സാധ്യത പതിനായിരങ്ങളില്‍ അഥവാ ലക്ഷങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ, കൂടുതല്‍ ആളുകള്‍ സ്റ്റെം സെല്‍ രജിസ്ട്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാത്രമാണ് ഈ പെണ്‍കുട്ടിയെ പോലുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ജീവന്റെ കണി കാണാന്‍ സാധിക്കുന്നത്.

സ്റ്റെം സെല്‍ ദാനത്തെക്കുറിച്ച് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളാണ് പലരെയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. അസ്ഥിമജ്ജ തുളച്ചെടുക്കുന്ന വലിയ ശസ്ത്രക്രിയയാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇന്ന്, രക്തദാനം പോലെ വളരെ ലളിതവും സുരക്ഷിതവുമായ 'പെരിഫറല്‍ ബ്ലഡ് സ്റ്റെം സെല്‍' (PBSC) രീതിയിലൂടെയാണ് 90% ദാനങ്ങളും നടക്കുന്നത്. ദാതാവിന്റെ കയ്യിലെ ഞരമ്പില്‍ നിന്ന് രക്തമെടുത്ത്, അതില്‍ നിന്നുള്ള സ്റ്റെം സെല്ലുകള്‍ പ്രത്യേക യന്ത്രം (Apheresis machine) വഴി വേര്‍തിരിച്ച ശേഷം ബാക്കി രക്തം ശരീരത്തിലേക്ക് തന്നെ തിരികെ നല്‍കുന്നു. ഇതിലൂടെ ദാതാവിന് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളോ ദീര്‍ഘകാല പാര്‍ശ്വഫലങ്ങളോ ഉണ്ടാകുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തില്‍ പുതിയ സ്റ്റെം സെല്ലുകള്‍ സ്വയം പുനരുല്‍പ്പാദിക്കപ്പെടുകയും ചെയ്യും.

അപ്പോള്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? സ്റ്റെം സെല്‍ രജിസ്ട്രിയില്‍ അംഗമാകണം. അത് വളരെ ലളിതമായ പ്രക്രിയയാണ്. വായുടെ ഉള്ളില്‍ നിന്ന്, അതായത് കവിളിന്റെ വശങ്ങളില്‍ നിന്ന് ഉമിനീര് സ്വബ് ഉപയോഗിച്ച് എടുത്ത് നല്‍കുന്നതിലൂടെ നമ്മളുടെ HLA ടൈപ്പിംഗ് നടത്താന്‍ സാധിക്കും. അത്രയും സിമ്പിള്‍. ആവശ്യമുള്ള ഘട്ടത്തില്‍ രോഗിയുമായി അനുയോജ്യത കണ്ടെത്തിയാല്‍ മാത്രം ദാനത്തിലേക്ക് കടന്നാല്‍ മതിയാകും.

ഓര്‍ക്കണം, കാത്തിരിപ്പിന്റെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. അപ്ലാസ്റ്റിക് അനീമിയയോട് പൊരുതുന്ന ഈ പെണ്‍കുട്ടിക്കും അവളെപ്പോലെയുള്ള മറ്റു രോഗികള്‍ക്കും ജീവിതത്തിലേക്ക് മടങ്ങിവരാന്‍ നമ്മുടെ ഓരോരുത്തരുടെയും ഒരു ചെറിയ തീരുമാനം മതിയാകും. സ്റ്റെം സെല്‍ ദാതാക്കളായി രജിസ്റ്റര്‍ ചെയ്യുക എന്ന സാമൂഹിക പ്രതിബദ്ധത ഏറ്റെടുക്കുന്നതിലൂടെ ഒരു ജീവന്‍ രക്ഷിക്കാനുള്ള അപൂര്‍വ്വ ഭാഗ്യമാണ് നമുക്ക് ലഭിക്കുന്നത്.

റാഫിയക്ക് വേണ്ടി ഒരു സ്റ്റെം സെല്‍ ഡോണര്‍ രെജിസ്‌ട്രേഷന്‍ ക്യാമ്പ് ഈ വരുന്ന ആഗസ്റ്റ് 15 ന് മഞ്ചേരിയില്‍ നടക്കുന്നുണ്ട്. ഡീറ്റെയില്‍സ് കമന്റിലിടാം. ഈ വിവരം എല്ലാവരിലേക്കും എത്തിക്കുക. റാഫിയക്ക് മാത്രമല്ല ഒരുപക്ഷേ ഇതുപോലെ മൂലകോശം കാത്തിരിക്കുന്ന ആര്‍ക്കെങ്കിലും ഉപയോഗപ്പെട്ടേക്കും നിങ്ങളിപ്പോള്‍ രെജിസ്റ്റര്‍ ചെയ്താല്‍.. ??