ഇതാ മോദിയുടെ ഗുജറാത്ത് മോഡല്‍, 5 ഒഴിവുകള്‍ക്കുവേണ്ടി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഉന്തും തള്ളും, വീഡിയോ വൈറല്‍
അമ്മദാബാദ്: ഗുജറാത്ത് വികസന മാതൃകയെന്ന പേരില്‍ ബിജെപിയും നരേന്ദ്രമോദിയുമെല്ലാം കൊട്ടിഘോഷിച്ചതെല്ലാം പലതും വ്യാജമാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, തൊഴിലന്വേഷകരുടെ മത്സരം എത്രമാത്രം രൂക്ഷമാണ് ഇവിടെ എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ ദേശീയതലത്തില്‍ വൈറലാവുകയാണ്. 5 ഒഴിവുകളുള്ള ഒരു കമ്പനിയിലേക്ക് അഭിമുഖത്തിനെത്തിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഉന്തും തള്ളും നടത്തി വീഴുന്നത് വീഡിയോയില്‍ കാണാം.
അഭിമുഖം നടക്കുന്ന ഒരു ഹോട്ടലിന്റെ പ്രവേശന കവാടത്തിലേക്കുള്ള റാമ്പ് ഉദ്യോഗാര്‍ത്ഥികളുടെ തള്ളിക്കയറ്റത്തില്‍ തകര്‍ന്നുവീണു. ഗുജറാത്തിലെ തൊഴിലില്ലായ്മ എത്ര കടുത്തതാണെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ചൂണ്ടിക്കാട്ടുന്നു. നരേന്ദ്രമോദിയുടെ വ്യാജ പ്രചരണങ്ങളിലൊന്നുകൂടി പൊളിയുകയാണെന്നും അവര്‍ പ്രതികരിച്ചു.
വൈറലായ 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഇന്റര്‍വ്യൂവിനായി മുറിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കവെ ഒരുപറ്റം ഉദ്യോഗാര്‍ത്ഥികള്‍ റാമ്പിനൊപ്പം താഴെ വീഴുകയായിരുന്നു. ആര്‍ക്കും കാര്യമായ പരിക്കേറ്റില്ല.
സംഭവത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ബിജെപിക്കെതിരെ ആഞ്ഞടിച്ചു. ഗുജറാത്തില്‍ ബിജെപി കളിച്ച 'വഞ്ചന മോഡലാണ്' വീഡിയോ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരായ വിമര്‍ശനത്തില്‍ അദ്ദേഹം പേപ്പര്‍ ചോര്‍ച്ചയും അഗ്‌നിവീര്‍ പദ്ധതിയും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 10 വര്‍ഷമായി മോദി സര്‍ക്കാര്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുകയും അവരുടെ ഭാവി നശിപ്പിക്കുകയും ചെയ്തതിന്റെ ശക്തമായ തെളിവാണ് ഈ വീഡിയോയെന്നും ഖാര്‍ഗെ എക്സ് പോസ്റ്റില്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കത്തതും വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ രാജ്യത്ത് ജോലികിട്ടാതെ അലയുന്നതും ഖാര്‍ഗെ തന്റെ പോസ്റ്റില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും വീഡിയോ പങ്കുവെച്ച് ബിജെപിയെ കടന്നാക്രമിച്ചു. രാജ്യത്തുടനീളം പ്രചരിപ്പിക്കുന്ന മോദി മോഡല്‍ എന്ന് വിളിക്കപ്പെടുന്നതിനെ തുറന്നുകാട്ടാന്‍ ഈ വീഡിയോ മതി. സ്വകാര്യ ഹോട്ടലില്‍ ജോലിതേടിയുള്ള ഈ യുവാക്കളുടെ തിരക്ക് ഗുജറാത്തില്‍ സമ്പന്നര്‍ക്ക് മാത്രമാണ് നേട്ടമെന്നതിന്റെ വ്യക്തമായ തെളിവാണ്. 30 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി അധികാരത്തിലാണ്, എന്നിട്ടും സംസ്ഥാനത്ത് തൊഴിലില്ലായ്മ ഭയാനകമായ തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.