ശ്രീകടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ മിഴി തുറന്ന് ശ്രീ ത്രിപുരസുന്ദരി

കണ്ണൂർ ജില്ലയിലെ ചരിത്രപരവും ഐതിഹ്യപരവുമായി ഏറെ പ്രാധാന്യമുള്ള അപൂർവം ഭഗവതി ക്ഷേത്രങ്ങളിലൊന്നാണ് ശ്രീകടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം. ഉത്തരകേരളത്തിലെ പ്രശസ്തമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവുമായും കോട്ടയം മലബാറുമായും ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ഈ ക്ഷേത്രത്തിനുണ്ട്. ചുഴലി ഭഗവതി മാതൃസങ്കൽപ്പത്തിലും ഉഗ്രരൂപിണിയായ ദുർഗ്ഗയായും ഇവിടെ ആരാധിക്കപ്പെടുന്നുണ്ട്.

 

കണ്ണൂർ ജില്ലയിലെ ചരിത്രപരവും ഐതിഹ്യപരവുമായി ഏറെ പ്രാധാന്യമുള്ള അപൂർവം ഭഗവതി ക്ഷേത്രങ്ങളിലൊന്നാണ് ശ്രീകടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം. ഉത്തരകേരളത്തിലെ പ്രശസ്തമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവുമായും കോട്ടയം മലബാറുമായും ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ഈ ക്ഷേത്രത്തിനുണ്ട്. ചുഴലി ഭഗവതി മാതൃസങ്കൽപ്പത്തിലും ഉഗ്രരൂപിണിയായ ദുർഗ്ഗയായും ഇവിടെ ആരാധിക്കപ്പെടുന്നുണ്ട്. ശ്രീകടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ ഭക്തിയുടെയും സർഗ്ഗാത്മകതയുടെയും പുതിയൊരു അധ്യായം കൂടി കുറിക്കപ്പെട്ടിരിക്കുകയാണ്. 

പരമ്പരാഗത ചുവർചിത്ര കലയുടെ ഭംഗിയും ഭക്തിയും നിറഞ്ഞുനിൽക്കുന്ന പുതിയൊരു മ്യൂറൽ പെയിന്റിംഗ് കൂടി ക്ഷേത്രത്തിൽ ആലേഖനം ചെയ്തു. ക്ഷേത്രത്തിലെ അഞ്ചാമത്തെ മ്യൂറൽ പെയിന്റിംഗായാണ് 'ശ്രീ ത്രിപുര സുന്ദരി' രൂപം തയ്യാറാക്കിയിരിക്കുന്നത്. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി ചിത്രത്തിന്റെ പവിത്രമായ മിഴിതുറക്കൽ കർമ്മം നിർവഹിച്ചു.

നൂറു സ്ക്വയർ ഫീറ്റ് വലുപ്പത്തിൽ തീർത്ത അനന്തശയനം, ചെറുകുന്ന് അന്നപൂർണേശ്വരി ദേവി, തളിപ്പറമ്പ് ശ്രീ രാജരാജേശ്വരൻ, ശബരിമല ശ്രീ ധർമശാസ്താവ്, ഒടുവിൽ മിഴിതുറന്ന ശ്രീ ത്രിപുര സുന്ദരി എന്നിവയാണ് ഇവിടുത്തെ അഞ്ച് പ്രധാന മ്യൂറൽ പെയിന്റിംഗുകൾ. പരമ്പരാഗത വർണ്ണക്കൂട്ടുകളിൽ തീർത്ത ഈ അഞ്ച് മ്യൂറൽ ചിത്രങ്ങളും ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തരുടെ മനസ്സിനെ ഏറെ ആകർഷിക്കുന്നവയാണ്.

ഈ മനോഹരമായ ചിത്രം ക്ഷേത്രത്തിന് സമർപ്പിച്ചത്  പാപ്പിനിശ്ശേരി വളപ്പിലെ വീട്ടിൽ വിജു പിവി, വിപിൻ പിവി, സനൂപ് പിവി, തുടങ്ങിയവരാണ്. ചടങ്ങിൽ ആർട്ടിസ്റ്റ് രഞ്ചിത്ത് അരിയിൽ, സ്നേഹ രഞ്ജിത്ത്, റിഗേഷ്, ട്രസ്റ്റി ബോർഡ് അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ, ക്ഷേത്രം ജീവനക്കാർ ഭക്തജനങ്ങളും, നാട്ടുകാരും, പാപ്പിനിശ്ശേരി വളപ്പിൽ  വീട്ടിലെ ബന്ധുക്കളും പങ്കാളികളായി.