വിദ്യാര്‍ത്ഥികളുടെ പരീക്ഷ മുടക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി, പകയുടെ പര്യായമായി സിസ തോമസ്, ലോകത്ത് തന്നെ ആദ്യമായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ പ്രതിഷേധവും വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയും ഇന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുഖത്തെ കറുത്ത പാടായി മാറിയിരിക്കുന്നു.

 

വിദ്യാര്‍ത്ഥികളുടെ പരീക്ഷ മുടക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കി അപ്പീല്‍ നല്‍കുന്ന വിസിയുടെ നടപടി ലോകത്ത് തന്നെ ആദ്യമായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ പ്രതിഷേധവും വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയും ഇന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുഖത്തെ കറുത്ത പാടായി മാറിയിരിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം, അധ്യാപക ക്ഷാമം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓഗസ്റ്റ് 13ന് സിന്‍ഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധമാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം.

വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെതിരായ പ്രതിഷേധത്തിന് പിന്നാലെ 16 എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ സെപ്റ്റംബര്‍ ഒന്നിന് സസ്പെന്‍ഡ് ചെയ്തു. 65 ദിവസമായി അവര്‍ പുറത്താണ്.

ഇതുവരെ ഒരു അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പോലും പൂര്‍ത്തിയാകാത്ത സ്ഥിതിയിലാണ് സര്‍വകലാശാല. 12 പേരെ മാപ്പപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്ന് വ്യവസ്ഥയോടെ അറിയിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ അതിന് തയ്യാറായില്ല. പരീക്ഷ തടയാനുള്ള നീക്കത്തിനെതിരെ ഒക്ടോബര്‍ 30ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി വിധി പറഞ്ഞെങ്കിലും സര്‍വകലാശാലയും വി.സിയും അതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ച് ആ ഉത്തരവ് റദ്ദാക്കി.

വിദ്യാര്‍ത്ഥികളുടെ പരീക്ഷ മുടക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കി അപ്പീല്‍ നല്‍കുന്ന വിസിയുടെ നടപടി ലോകത്ത് തന്നെ ആദ്യമായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഒരു സര്‍വകലാശാലയുടെ ഭരണസമിതി തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കാന്‍ ഇത്രയും ഊര്‍ജ്ജവും പണവും ചെലവാക്കുന്നത് എന്തിന്? സസ്പെന്‍ഷന്‍ തന്നെ ശിക്ഷയാണ്. അന്വേഷണം തീരാത്ത സ്ഥിതിയില്‍ പരീക്ഷ അനുവദിക്കാതിരിക്കുക എന്നത് ശിക്ഷയെ ഇരട്ടിപ്പിക്കലാണ്. ഹാജര്‍ കുറവ് എന്ന വാദം ഉന്നയിക്കുമ്പോള്‍, സസ്പെന്‍ഷന്‍ കാരണം അവര്‍ക്ക് ക്ലാസിലിരിക്കാന്‍ കഴിയാത്ത സ്ഥിതി മറന്നുപോകുന്നു.

വി.സി ഡോ. സിസ തോമസിന്റെ നിലപാട് പകപോക്കലായാണ് വിലയിരുത്തപ്പെടുന്നത്. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പോലും പൂര്‍ണ്ണമായി പുറത്തുവിടാതെ, വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ജീവിതം തകര്‍ക്കാന്‍ കോടതി മാര്‍ഗങ്ങള്‍ തേടുന്നത് ഭരണപരമായ ഉത്തരവാദിത്തത്തിന്റെ മറവിലുള്ള പ്രതികാരമല്ലേയെന്ന ചോദ്യമുയരുന്നു. സര്‍വകലാശാല ഒരു പഠനകേന്ദ്രമാണ്, പകപോക്കാനുള്ള കേന്ദ്രമല്ല. വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത് ഭരണപരമായ വീഴ്ചകള്‍ക്കെതിരെയാണ്. ആ വീഴ്ചകള്‍ പരിഹരിക്കാതെ, സമരക്കാരെ മാത്രം ശിക്ഷിക്കുന്നത് അധികാരത്തിന്റെ അഹങ്കാരമാണ്.

ഒരു വിദ്യാര്‍ത്ഥിയുടെ സെമസ്റ്റര്‍ പരീക്ഷ നഷ്ടപ്പെടുന്നത് വലിയ ആഘാതമാണുണ്ടാക്കുക. അത് തിരിച്ചുപിടിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. പൊതുപണമാണ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ മുടക്കാന്‍ ചെലവഴിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതല്ല, അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതാണ് ഭരണാധികാരിയുടെ കടമ. വിസിയുടെ നിലപാട് ധാര്‍മ്മികമായി ന്യായീകരിക്കാനാവില്ല. വിദ്യാര്‍ത്ഥികളുടെ ഭാവി ഇല്ലാതാക്കുന്ന പക കേരളത്തിന്റെ അക്കാദമിക് ചരിത്രത്തില്‍ കറുത്ത അധ്യായമായി നിലനില്‍ക്കും.