'മുട്ടില്‍ മരംമുറി, റിപ്പോര്‍ട്ടര്‍ മുതലാളിമാര്‍ ശിക്ഷിക്കപ്പെടില്ലെന്ന് വിധിവരും മുന്‍പേ സ്മൃതി അറിഞ്ഞോ?'

റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയായ സ്മൃതി പരുത്തിക്കാടിന്റെ പരാമര്‍ശം വിവാദമാക്കി സോഷ്യല്‍ മീഡിയ. ചാനല്‍ ഉടമകള്‍ മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളല്ലേയെന്ന് സിപിഎം നേതാവ് എന്‍ വി വൈശാഖന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞതിന് മറുപടി നല്‍കവേയാണ് സ്മൃതി പരാമര്‍ശം നടത്തിയത്.
 

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയായ സ്മൃതി പരുത്തിക്കാടിന്റെ പരാമര്‍ശം വിവാദമാക്കി സോഷ്യല്‍ മീഡിയ. ചാനല്‍ ഉടമകള്‍ മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളല്ലേയെന്ന് സിപിഎം നേതാവ് എന്‍ വി വൈശാഖന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞതിന് മറുപടി നല്‍കവേയാണ് സ്മൃതി പരാമര്‍ശം നടത്തിയത്. കേസില്‍ വിധി വരാനിരിക്കുകയാണെന്നും അതിനുശേഷം നമുക്കൊന്നിരിക്കണം എന്നും സമൃതി വൈശാഖനോട് ആത്മവിശ്വാസത്തോടെ പറഞ്ഞത് ഇടതുപ്രൊഫൈലുകള്‍ ഏറ്റെടുത്തു.

മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമകളെന്ന് പറയുന്നു. ഇത്തരമൊരു സംഘം നടത്തുന്ന ചാനലില്‍ ഇരുന്ന് മറ്റുള്ളവരെ പരിഹസിക്കുകയും വിചാരണ ചെയ്യുകയും ചെയ്യുന്നത് കാപട്യമാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.

മുട്ടില്‍മരംമുറിക്കേസില്‍ വിധി വരാനിരിക്കെ ചാനല്‍ ഉടമകള്‍ ശിക്ഷിക്കപ്പെടില്ലെന്ന രീതിയിലാണ് സ്മൃതിയുടെ പരാമര്‍ശമെന്നത് അമ്പരപ്പിക്കുന്നതാണെന്ന് വിമര്‍ശകര്‍ എടുത്തുപറയുന്നു. സ്മൃതിയുടെ പരാമര്‍ശം പല രീതിയിലുള്ള ഊഹാപോഹങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവെച്ചു. കേസില്‍ ഉടമകള്‍ക്ക് അനുകൂലമായ വിധിയാണെങ്കില്‍ ചാനല്‍ ജനങ്ങളോട് മറുപടി പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ക്കെതിരെ നേരത്തെതന്നെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പല തരത്തിലുള്ള ആരോപണങ്ങള്‍ക്കിടയായിട്ടുള്ളവര്‍ വാര്‍ത്താചാനല്‍ നടത്തുന്നതിന്റെ സത്യസന്ധത സ്മൃതിയുടെ പരാമര്‍ശത്തോടെ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ആന്റോ അഗസ്റ്റിനാണ് ചാനലിന്റെ മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററും. ജോസ് കുട്ടി അഗസ്റ്റിന്‍ വൈസ് ചെയര്‍മാനും. ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനാണ് റോജി അഗസ്റ്റിന്‍.

സര്‍ക്കാര്‍ ഉത്തരവിന്റെ മറപറ്റി കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചുകടത്തിയെന്നതാണ് മുട്ടില്‍മരംമുറി കേസ്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദമുണ്ടാക്കിയ സംഭവം കൂടിയാണിത്. കേസില്‍ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തിലേറെ കഴിഞ്ഞശേഷമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മരംമുറി നടന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.