കഴിഞ്ഞ ലോകകപ്പ് ഫൈനല്‍ സഞ്ജു കളിക്കേണ്ടതായിരുന്നു, നേരിട്ടത് അവഗണന, സാധാരണക്കാരോട് ചേര്‍ന്നു നില്‍ക്കുന്ന മനുഷ്യനാണ് സഞ്ജുവെന്ന് ടീം ഇന്ത്യയുടെ മുന്‍ ലെയ്‌സണ്‍ ഓഫീസര്‍

ഇന്ത്യ മറ്റൊരു ടി20 ലോകകപ്പ് കിരീടം നേടുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ ആണ് ഏവരുടേയും ചര്‍ച്ചാ വിഷയം. പ്ലേയിങ് ഇലവനില്‍ സ്ഥാനമില്ലാതെ പുറത്തിരിക്കേണ്ടവന്ന സഞ്ജു ഒടുവില്‍ ലോകകപ്പിലെ ഹീറോ ആയാണ് മടങ്ങുന്നത്.

 

സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട കളിക്കാരിലൊരാളാണ് സഞ്ജു. കഴിഞ്ഞ ടി20 ലോകകപ്പ് ടീമിലുണ്ടായിട്ടും ഒരു കളിപോലും കളിക്കാന്‍ സാധിച്ചില്ല.

കൊച്ചി: ഇന്ത്യ മറ്റൊരു ടി20 ലോകകപ്പ് കിരീടം നേടുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ ആണ് ഏവരുടേയും ചര്‍ച്ചാ വിഷയം. പ്ലേയിങ് ഇലവനില്‍ സ്ഥാനമില്ലാതെ പുറത്തിരിക്കേണ്ടവന്ന സഞ്ജു ഒടുവില്‍ ലോകകപ്പിലെ ഹീറോ ആയാണ് മടങ്ങുന്നത്.

സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട കളിക്കാരിലൊരാളാണ് സഞ്ജു. കഴിഞ്ഞ ടി20 ലോകകപ്പ് ടീമിലുണ്ടായിട്ടും ഒരു കളിപോലും കളിക്കാന്‍ സാധിച്ചില്ല. ഫൈനല്‍ മത്സരത്തില്‍ സഞ്ജു കളിക്കുമെന്ന് ഉറപ്പിച്ചെങ്കിലും അവസാന നിമിഷം പുറത്തിരിക്കേണ്ടിവന്നു.

ലോകകപ്പിനായി വെസ്റ്റിന്‍ഡീസിലെത്തിയ ഇന്ത്യന്‍ ടീമിന്റെ ലെയ്‌സണ്‍ ഓഫീസറായിരുന്ന സിബി ഗോപാലകൃഷ്ണന്‍ സഞ്ജുവിനൊപ്പമുള്ള അന്നത്തെ അനുഭവം തുറന്നുപറഞ്ഞു. സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന, പുസ്തകങ്ങള്‍ വായിക്കുന്ന, തമാശപറയുന്ന അസാധാരണ മനുഷ്യനാണ് സഞ്ജുവെന്നാണ് സുഹൃത്തുകൂടിയായ സിബി ഓര്‍ത്തെടുക്കുന്നത്.

സിബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്,

കഴിഞ്ഞ T 20 ലോക കപ്പിന്റെ അവസാന ദിനം.. 

ക്രിക്കറ്റ് ആരാധകര്‍ മുഴുവന്‍ ഇന്ത്യ ജയിച്ച ആവേശത്തില്‍ ആയിരുന്നുവെങ്കിലും അടുത്ത ദിവസം പ്രവചിച്ചിരുന്ന ചുഴലിക്കാറ്റിന് മുന്‍പായി എത്രയും പെട്ടെന്ന് നാട്ടില്‍ എത്താനുള്ള ആവേശത്തില്‍ ആയിരുന്നു ഇന്ത്യന്‍ ടീം അംഗങ്ങള്‍. ഒരുമിച്ചുണ്ടായിരുന്ന നാളുകള്‍ക്കുള്ളില്‍ തന്നെ സഞ്ജു വിനോടൊപ്പം പുറത്തു പോയി ആഹാരം കഴിക്കുക എന്നൊരു ശീലം പതിവായി രുന്നു. ബാര്‍ബഡോസില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തീരത്തെ ഹില്‍ട്ടണ്‍ ഹോട്ടലിന്റെ ഏഴാം നിലയില്‍ അഭിമുഖമായിട്ടുള്ള മുറികളില്‍ ആയിരുന്നു ഞങ്ങള്‍ താമസം. ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ സഞ്ജു കതകു പാളികള്‍ പകുതി തുറന്നിട്ട ശേഷം എന്നോട് പറഞ്ഞു ' ചേട്ടാ ഇന്നത്ത കളി  ഞാന്‍ കളിക്കേണ്ടതായിരുന്നു '.

ടീം മീറ്റിംഗ് നടക്കുമ്പോ സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ സാന്നിദ്ധ്യം  ഉണ്ടാകാറില്ല. മീറ്റിംഗ് കഴിഞ്ഞു പുറത്തേക്ക് വരുന്ന കളിക്കാരുടെ മുഖഭാവത്തില്‍ നിന്ന് തന്നെ ആരൊക്കെ അവസാന പതിനൊന്നു പേരില്‍ ഉണ്ടാവും എന്ന് ഊഹിക്കാന്‍ സാധിക്കുമായിരുന്നു. ഓരോ പ്രാവശ്യം ടീം മീറ്റിംഗ് കഴിഞ്ഞു ടീമംഗങ്ങള്‍ പുറത്തേക്കു വരുമ്പോഴും ഞാന്‍ ആദ്യം നോക്കുന്നത് സഞ്ജുവിന്റെ മുഖത്തേയ്ക്ക് ആയിരിക്കും..പൊതുവെ ഒരു വിഷാദ ഭാവമുള്ള സഞ്ജുവിന്റെ മുഖം കുറച്ചു കൂടുതല്‍ കനപ്പെട്ടിട്ടിരിക്കും. തല കുനിച്ചു ബസില്‍ കയറി ആരോടും സംസാരിക്കാതിരിക്കുന്ന സഞ്ജുവിന്റെ മുഖത്തേയ്ക്ക് നോക്കാന്‍ തന്നെ എനിക്ക് വിഷമമാകും. പൊതുവെ ധാരാളം കഥകള്‍ പറയുന്ന,പഴയ സംഭവങ്ങള്‍ ,തമാശകള്‍ ഒക്കെ മാല പോലെ ചികഞ്ഞെടുത്ത് കോര്‍ത്തിണക്കി പറയുമായിരുന്ന സഞ്ജുവിന്റെ മുഖത്ത് നോക്കുന്നത് പോലും ആ സമയം പ്രയാസമുള്ള കാര്യമായിരുന്നു. ഇന്ന് സഞ്ജു കളിക്കുമോയെന്ന് മെസ്സേജ് മുഖേനയുള്ള നിരവധി ആള്‍ക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നുവെങ്കിലും ആ ടീമില്‍ സഞ്ജു കഴിഞ്ഞാല്‍, സഞ്ജു കളിക്കുമോ എന്നതില്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷ  എനിക്കായിരുന്നു.

പൊതുവെ കളിക്കാരോട്, അതും ടൂര്‍ണമെന്റ് സമയത്ത് ചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കുക എന്നതാണ്  പ്രൊഫെഷണല്‍ മര്യാദ. ഒരു കളിക്കാരന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കിട്ടാനുള്ള ഭൗതിക സാഹചര്യങ്ങള്‍ക് ഒരുക്കുക എന്നുള്ളതാണ് ഒരു ലെയ്‌സന്‍ ഓഫീസറുടെ ചുമതല .അത് കൊണ്ട് നമ്മുടെ നിസാരമായ ഒരു ചോദ്യം പോലും അവരില്‍ അസ്വസ്ഥത ജനിപ്പിപ്പിക്കുന്നതാകരുത് എന്നതില്‍ ഞാന്‍ നിഷ്‌ക്കര്‍ഷത പുലര്‍ത്തിയിരുന്നു.  പൊതുവെ ഏത് സ്ഥലത്തു ചെന്നാലും റെന്റ് കാര്‍ എടുത്തു സ്വയം ഓടിച്ചു പോകുന്ന സഞ്ജുവിന് ആ നാട്ടിലെ ഏറ്റവും നല്ല റെസ്റ്റാന്റുകള്‍ എല്ലാം തന്നെ നല്ല പരിചയം ആയിരിക്കും. അപ്രകാരം നാളെ ഒരു അടിപൊളി സ്ഥലത്തു ബ്രേക്ഫാസ്റ്റിനായി പോകാം എന്ന് പറഞ്ഞു പിരിയുന്നു. അടുത്ത ദിവസം കണ്ടപ്പോള്‍ മടിയോടെ ഞാന്‍ ചോദിച്ചു 'ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ'..എന്ന്. ആ സമയം സഞ്ജുവില്‍ നിന്നുണ്ടായ പ്രസ്താവന എന്നെ ആശ്ചര്യപ്പെടുത്തി. 'ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഒന്നും ചോദിക്കാത്തതു കൊണ്ടാണ് ഞാന്‍ ചേട്ടനെ ഇങ്ങനെ കൊണ്ട് നടക്കുന്നത് എന്ന് 'പൊട്ടിച്ചിരിയോടെയുള്ള മറുപടി. 'ഇന്നലെ എന്നോട് പറഞ്ഞ കാര്യം ചുമ്മാതെ പറഞ്ഞതാണോ എന്ന് മാത്രമാണ് എനിക്ക് ചോദിക്കാന്‍ ഉള്ളത് ' എന്നതാണ് എനിക്ക് ചോദിക്കാനുള്ളതെന്ന് ഞാനറിയിച്ചു. . 'വെറുതെയല്ല  കാര്യമായിട്ട് ആയിരുന്നു. ഇനി ചോദ്യം ഇല്ലല്ലോ' എന്ന് സഞ്ജുവും. ഇനിയൊന്നും ചോദിക്കരുത് എന്നാണ് അതിന്റെ അര്‍ഥം എന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെ ആ സംഭാഷണം അവിടെ അവസാനിച്ചു.

അന്ന് മുതല്‍ ഇപ്പോള്‍ വരെ ഞാന്‍ കാത്തിരിക്കുന്ന ഒരു നിമിഷമുണ്ട്. സഞ്ജുവിന്റെ ചുമലിലേറി ഇന്ത്യലോക കപ്പ് നേടുന്ന ഒരു ദിവസം..അത് സഞ്ജു ഒരു മികച്ച ക്രിക്കറ്റര്‍ ആയത് കൊണ്ട് മാത്രം അല്ല . ഞാന്‍ കണ്ടു പരിചയപ്പെട്ട സെലിബ്രിറ്റികളില്‍ ഏറ്റവും മികച്ച ഒരു മനുഷ്യനെന്ന് നിസംശയം പറയാവുന്ന ഒരാളെന്ന നിലയിലാണ് ഞാന്‍ ആ ആഗ്രഹത്തെ താലോലിക്കുന്നത്.ഇന്ത്യന്‍ ടീമിലെ ഏറെക്കുറെ മിക്ക പേരുടെ റൂമിലും ഞാന്‍ കടന്നു ചെന്നിട്ടുണ്ട്. സഞ്ജുവിന്റെ റൂമില്‍ മാത്രം കണ്ട ഒരു പ്രത്യേകതയുണ്ട് ..പുസ്തകങ്ങള്‍...

പുസ്തകങ്ങള്‍ വായിക്കുന്നതിനായി ടൂര്‍ണമെന്റ് വേളകളില്‍ പോലും സമയം കണ്ടെത്തുന്ന ഒരു കളിക്കാരനാണ് സഞ്ജുവാണെന്ന് നിസംശയം പറയാം . ചരിത്രം ഭൂമിശാസ്ത്രം , മതം , ദൈവം, ശാസ്ത്ര ചിന്തകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അതീവ കൗതുകം  സഞ്ജു പുലര്‍ത്തുന്നു. . തന്റെ പരിസരത്തെ അസാധാരണമായി നിരീക്ഷിക്കുന്ന സഞ്ജുവിനെ വ്യത്യസ്തന്‍ ആക്കുന്ന ഘടകം അതില്‍ മാത്രമൊതുങ്ങുന്നില്ല. മനുഷ്യനെ മനുഷ്യരായി കണ്ട് വലിപ്പ ചെറുപ്പം ഇല്ലാതെ തന്റെ ഒപ്പമുള്ള മറ്റുള്ളവരെ കാണാനുള്ള സമഭാവന പുലര്‍ത്തുന്ന ഒരു അസാധാരണ മനുഷ്യന്‍ കൂടിയാണെന്നതാണ്. സഞ്ജു സൗഹൃദങ്ങള്‍ക്ക് വലിയ മൂല്യമാണ് നല്‍കുന്നത്.തന്റെ പതിമൂന്നാം വയസ്സിലെ ബാല്യകാല സുഹൃത്താണ് ഇന്നും എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് സഞ്ജു പറയുന്നു. എല്ലാ ദിനങ്ങളിലും  പ്രാര്‍ത്ഥിച്ചിട്ടു മാത്രം ഭക്ഷണം കഴിക്കുന്ന , തന്റെമാതാപിതാക്കളുടെ ത്യാഗമാണ് ഇന്നത്തെ എന്നിലെ എല്ലാസൗഭാഗ്യങ്ങളും  എന്ന് ഉറച്ചു വിശ്വസിക്കുന്ന, ഏറ്റവും സ്വകാര്യമായ അവസരങ്ങളില്‍ ഞങ്ങള്‍ വിഴിഞ്ഞത്തു നിന്നുള്ള ഒരു സാധാരണ കുടുംബമാണെന്ന്  പറയുന്ന ഒരു സഞ്ജുവുണ്ട്. 

ഇന്ത്യന്‍ ടീമിലെ മറ്റു കളിക്കാര്‍ അവരുടെ സുഹൃത്തക്കളോടൊപ്പം പുറത്തു പോകുമ്പോള്‍, ബാര്‍ബഡോസിലെ ബീച്ചില്‍ അവിടത്തെ പയ്യന്മാരോടൊപ്പം ബീച്ച് വോളിബോള്‍ കളിക്കുന്ന സഞ്ജുവിനെ ഞാന്‍ കണ്ടിട്ടുണ്ട് . തന്നെ സഹായിച്ച ഒരാളെ പോലും മറക്കാത്ത എന്നാല്‍ ദ്രോഹിച്ചവരോട് വിട്ടു വീഴ്ച ചെയ്യാന്‍ മടിയില്ലാത്ത സജ്ഞു...

ചെറുപ്പത്തില്‍ പ്രാക്ടീസിനു പോകുമ്പോള്‍ ഓട്ടോയില്‍ ലിഫ്റ്റ് കൊടുത്തവരെ, അമ്മയെ കാണാന്‍ വേണ്ടി ഒറ്റ ദിവസത്തേയ്ക്ക് ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്തു വരുമ്പോഴും മറക്കാത്ത സഞ്ജു...  
ഒരു ഗ്രൗണ്ടില്‍ പോയാല്‍ ഏറ്റവും കൂടുതല്‍ സമയം നെറ്റ് ബൗളേഴ്സിന്റെ കൂടെ സമയം ചെലവഴിക്കുന്ന സഞ്ജു.... 
തന്റെ കൂടെയുള്ളവര്‍ക്ക് തനിക്ക് കിട്ടുന്ന എല്ലാ സൗകര്യങ്ങളും കിട്ടുന്നു എന്ന് ഉറപ്പു വരുത്തുന്ന സഞ്ജു ..... 

ഗ്രൗണ്ടില്‍ മാത്രം കളിക്കുന്ന  കളങ്ങള്‍ക്ക് പുറത്തു ഞാനൊരു സാധാരണക്കാരന്‍ ആണെന്ന് പറയുന്ന ,തനിക്ക് ചുറ്റുമുള്ള മനുഷ്യരോടെല്ലാം  ഒരേപോലെ പെരുമാറണം എന്ന് ആഗ്രഹിക്കുന്ന സഞ്ജു. 
നിരന്തരമായ അവഗണകളെയും അവസരനിഷേധങ്ങളെയും അതിജീവിച്ച മനുഷ്യസ്‌നേഹിയായ ഒരു സഞ്ജുവുണ്ട്.. 

ഈ ലോക കപ്പ് ഇന്ത്യക്കു ലഭിച്ചാല്‍, തന്റെ ഭര്‍ത്താവ്വിനേക്കാള്‍ എളിമയോടെ  മറ്റുള്ളവരോട് പെരുമാറണം എന്ന് ആഗ്രഹിക്കുന്ന സഞ്ജുവിന്റെ ജീവിത പങ്കാളിയെക്കാളും, തന്റെ മകന്റെ കഴിവിലുള്ള വിശ്വാസം കൊണ്ട് ജീവിതത്തിന്റെ ഒരു കാലഘട്ടം മുഴുവന്‍ മകന്റെ വളര്‍ച്ചയ്ക്കു വേണ്ടി മാറ്റി വെച്ച മാതാപിതാക്കളും സഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളും കഴിഞ്ഞാല്‍ ഈ ലോകത്ത് ഏറ്റവും സന്തോഷവാനായ വ്യക്തി ഞാന്‍ ആയിരിക്കട്ടെ... 

ഇത് പോലെ ഒരു ലോകകപ്പ് മത്സരത്തില്‍ നേരിട്ട അവഗണനയുടെ ദുഃഖം മുഴുവന്‍ കണ്ട ഒരാളിന്... എന്റെ ഹൃദയ ഭാഷണം .