നവീന്‍ ബാബുവില്‍ നിന്നും പ്രമുഖ സര്‍വീസ് സംഘടന 1 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി സൂചന, പോലീസ് അന്വേഷണത്തില്‍ നിര്‍ണായക വിവരം ലഭിച്ചതായി റിപ്പോര്‍ട്ട്

എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തില്‍ നിര്‍ണായക വിവരം ലഭിച്ചതായി റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയ്ക്കടുത്ത് കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തന്‍ ആരോപിച്ചിരുന്നു.

 

സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങിയെന്ന വിവരം നേരത്തെതന്നെ സംഘടനാതലത്തില്‍ ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, വിവാദ സംഭവമായതിനാല്‍ ഇക്കാര്യം ഒതുക്കുകയായിരുന്നു.

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തില്‍ നിര്‍ണായക വിവരം ലഭിച്ചതായി റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയ്ക്കടുത്ത് കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തന്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ദിവ്യയോട് പറയുകയും അവര്‍ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ സൂചിപ്പിക്കുകയും ചെയ്തതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയത്.

ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കല്‍പോലും കൈക്കൂലി വാങ്ങാത്തയാളെന്ന സല്‍പ്പേര് സൂക്ഷിച്ച ഉദ്യോഗസ്ഥനായിരുന്നു നവീന്‍ബാബു എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പിന്നീട് പറഞ്ഞിരുന്നു. അടുത്തവര്‍ഷം വിരമിക്കുന്നത് ജന്മനാട്ടില്‍ വച്ചാവണമെന്നത് നവീന്‍ ബാബുവിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സര്‍വീസ് സംഘടന നേതാവ് കൂടിയായ ഇദ്ദേഹത്തെ സ്വന്തം സംഘടന സഹായിച്ചില്ല. ഭരണപക്ഷത്തെ മറ്റൊരു പ്രമുഖ സംഘടനയാണ് പിന്നീട് സ്ഥലംമാറ്റം നേടിക്കൊടുത്തത്. ഇതിനായി സംഘടന ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും അതിനായി പെട്രോള്‍ പമ്പ് ഉടമയെ ഉപയോഗിച്ചതായുമാണ് പോലീസിന് ലഭിക്കുന്ന സൂചന.

വിവാദ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞയുടന്‍ എ.ഡി.എം ജില്ലാ കലക്ടറെ ചേംബറില്‍ സന്ദര്‍ശിക്കുകയും തെറ്റുപറ്റിയെന്ന് ഏറ്റുപറയുകയും ചെയ്തെന്ന അരുണ്‍ കെ.വിജയന്റെ മൊഴിയും ഇക്കാര്യം സാധൂകരിക്കുന്നു. തെറ്റുപറ്റിയെന്നും അവരുടെ കൈയ്യില്‍ ചില തെളിവുകളുണ്ടെന്നുമാണ് നവീന്‍ ബാബു പറഞ്ഞതെന്ന് കളക്ടര്‍ മൊഴി നല്‍കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ട്ടുണ്ട്.

യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞയുടന്‍ ജില്ലാ കലക്ടര്‍ തലസ്ഥാനത്തെ ഉന്നതരെ ഇക്കാര്യം അറിയിച്ചിരുന്നു. കലക്ടറുടെ കോള്‍ ഡീറ്റെയില്‍സ് റെക്കാര്‍ഡില്‍(സി.ഡി.ആര്‍) ഇക്കാര്യം വ്യക്തമാക്കുന്ന രേഖകളുമുണ്ട്. പൊലിസിനുനല്‍കിയ മൊഴിയിലും കലക്ടര്‍ ഇക്കാര്യം പറയുന്നുണ്ട്. ഈ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതോടെ കേസ് വലിയ വഴിത്തിരിവിലെത്തിയേക്കും.

സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങിയെന്ന വിവരം നേരത്തെതന്നെ സംഘടനാതലത്തില്‍ ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, വിവാദ സംഭവമായതിനാല്‍ ഇക്കാര്യം ഒതുക്കുകയായിരുന്നു. നവീന്‍ ബാബുവിനോ സര്‍വീസ് സംഘടനയ്‌ക്കോ എതിരേയുള്ള പോലീസ് റിപ്പോര്‍ട്ട് സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുമെന്നതിനാല്‍ ഏതു രീതിയിലുള്ള റിപ്പോര്‍ട്ട് ആയിരിക്കും അന്വേഷണസംഘം സമര്‍പ്പിക്കുക എന്നത് നിര്‍ണായകമാകും.

നവീന്‍ ബാബുവിനെതിരെ ആരോപണത്തില്‍ ദിവ്യയുടെ കൈയ്യില്‍ പ്രധാന തെളിവുകളുണ്ടെന്നും അത് കോടതിയില്‍ സമര്‍പ്പിക്കുമെന്നുമാണ് അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ചതോടെ കരുതലോടെ നീങ്ങാനാകും ഇനി ദിവ്യയുടെ ശ്രമം. പാര്‍ട്ടിയുടെ പരസ്യമായ പിന്തുണ ലഭിക്കില്ലെങ്കിലും സത്യം തെളിയിക്കാനായാല്‍ ദിവ്യ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നേക്കും.

കളക്ടറുടെ മൊഴി കേസില്‍ നിര്‍ണായകമാകുമെന്നുറപ്പാണ്. ചേംബറില്‍ വന്ന് നവീന്‍ ബാബു തെറ്റുപറ്റിയെന്ന് പറഞ്ഞ മൊഴിയില്‍ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിക്കും. കൂടാതെ, നവീന്‍ ബാബുവും പ്രശാന്തനും ക്വാര്‍ട്ടേഴ്‌സിലേക്ക് പോകുന്ന ദൃശ്യങ്ങളും കേസില്‍ നിര്‍ണായകമാകും.