എസ്എഫ്‌ഐ ഇത് ലജ്ജിപ്പിക്കുന്നത്, നേതൃത്വത്തിന്റെ വെളിവുകേടിനെതിരെ ശബ്ദിക്കണമെന്ന് ശാരദക്കുട്ടി

വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പോവുകയാണ് വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ. സംഘടനാ പാടവവും പക്വതയുമുള്ള നേതാക്കളും ഇല്ലാത്തതിന്റെ ദൂഷ്യങ്ങളെല്ലാം സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന അനുഭവിക്കുകയാണ്.
 

തിരുവനന്തപുരം: വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പോവുകയാണ് വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ. സംഘടനാ പാടവവും പക്വതയുമുള്ള നേതാക്കളും ഇല്ലാത്തതിന്റെ ദൂഷ്യങ്ങളെല്ലാം സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന അനുഭവിക്കുകയാണ്. ആദ്യം കെ വിദ്യയ്‌ക്കെതിരായ വ്യാജ രേഖ വിവാദമാണെങ്കില്‍ തൊട്ടുപിന്നാലെ നിഖില്‍ തോമസിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തിലും എസ്എഫ്‌ഐ വിയര്‍ക്കുകയാണ്.

കായംകുളം എംഎസ്എം കോളേജില്‍ പഠിക്കുന്ന അതേ കാലയളവില്‍ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ റഗുലര്‍ വിദ്യാര്‍ഥിയായി പഠിച്ചെന്ന രേഖയുണ്ടാക്കിയ നിഖില്‍ തോമസിനെ യാതൊരു ഉത്തരവാദിത്വവുമില്ലാതെ എസ്എഫ്‌ഐ ന്യായീകരിച്ചത് നേതൃത്വത്തിന് സംഭവിച്ച വലിയ പിഴവാണ്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി ശക്തമായി നിലകൊണ്ട എസ്എഫ്‌ഐയുടെ ഇത്തരത്തിലൊരു അധപതനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി.

തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എസ്എഫ്‌ഐയുടെ ഇപ്പോഴത്തെ നിലപാടുകള്‍ ലജ്ജിപ്പിക്കുന്നതാണെന്ന് ശാരദക്കുട്ടി എഴുതി. സ്വയം വിലയിരുത്തുകയും ലജ്ജിച്ചു തലകുനിക്കുകയും ചെയ്യുന്ന കുറച്ച്  വിദ്യാര്‍ഥികളെങ്കിലും ഈ സംഘടനയില്‍ ശേഷിക്കുന്നില്ലേ എന്നും അവര്‍ ചോദിക്കുന്നു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

 SFI പ്രാഥമികാംഗത്വത്തിൽ നിന്ന് നിഖിൽ തോമസിനെ പുറത്താക്കി. വളരെ നല്ലത്. പക്ഷേ  'നിഖിൽ തോമസ് വിഷയം ' അവശേഷിപ്പിക്കുന്ന ഉത്തരം കിട്ടേണ്ട കുറെ ചോദ്യങ്ങളുണ്ട്. ഇത് police അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളല്ല. സർവ്വകലാശാലയാണ് ഉത്തരം തരേണ്ടത്.

1. കലിംഗ സർവ്വകലാശാലയുടെ കോഴ്സുകൾ കേരള യൂണിവേഴ്സിറ്റിയുടെ ഡിഗ്രി/ PG കോഴ്സുകൾക്ക് equivalent ആണ് എന്ന ഒരംഗീകാരം ഇപ്പോൾ നിലവിലുണ്ടോ ? ഇല്ലെങ്കിൽ നിഖിൽ തോമസ് സമർപ്പിച്ച കലിംഗയുടേതെന്ന് പറയപ്പെടുന്ന ഡിഗ്രിക്ക് എങ്ങനെ ഒരു equivalency ലഭ്യമായി ? ഈ വിദ്യാർഥി എങ്ങനെ എം.കോമിന് പഠിക്കാൻ eligibility സർട്ടിഫിക്കറ്റ് നേടി ? 

2.  പ്രവേശനത്തിന് സിണ്ടിക്കേറ്റ് അവസാനമായി നീട്ടിക്കൊടുത്ത  സമയപരിധിക്കകം മറ്റ് എത്ര വിദ്യാർഥികൾ വിവിധ കോളേജുകളിൽ അഡ്മിഷൻ നേടിയിട്ടുണ്ട് ? ഇത് സർവ്വകലാശാല, കോളേജുകളോട് ആരായുമോ? അവരുടെ പ്രവേശനം പ്രത്യേകമായി പരിശോധിക്കുമോ? 

3.  കലിംഗ ഉൾപ്പെടെയുള്ള അന്യസർവ്വകലാശാലകളിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റുകളുമായി വിവിധ കോഴ്സുകൾക്ക് കേരള സർവ്വകലാശാലയിൽ പ്രവേശനം നേടിയ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ യുദ്ധകാലാടിസ്ഥാനത്തിൽ verify ചെയ്ത് ഇനിയും വ്യാജന്മാരുണ്ടെങ്കിൽ കണ്ടെത്തുമോ?

4.  വിദ്യാർഥിയെ അനധികൃതമായി പ്രവേശിപ്പിച്ച MSM college അഡ്മിഷൻ കമ്മിറ്റിക്ക് / മാനേജ്മെന്റിന്/ പ്രിൻസിപാളിന് ഒക്കെ എതിരെ സർവ്വകലാശാല എന്തു നടപടി എടുക്കും ?

5. ഭാവിയിൽ ഇത്തരം വ്യാജസർട്ടിഫിക്കറ്റുമായി അഡ്മിഷൻ നേടുന്ന പ്രവണതയെ തടയാൻ സർവ്വകലാശാല എന്തു മുൻകരുതൽനടപടി എടുക്കും ? 

6. eligibility / equivalency സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷ ലഭിക്കുമ്പോൾ തന്നെ, വിദ്യാർഥി മുൻപു പഠിച്ചു എന്നവകാശപ്പടുന്ന സർവ്വകലാശാലയുമായി ഈ വിദ്യാർഥി ഹാജരാക്കിയ സർട്ടിഫിക്കറ്റ് ഒറിജിനലോ വ്യാജനോ എന്ന് ഒരു counter veriification നടത്തുന്നതിനുള്ള സംവിധാനം സർവ്വകലാശാല ഉണ്ടാക്കുമോ ?
 വിദ്യാർഥികളുടെ അസൗകര്യങ്ങൾ ലഘൂകരിക്കാൻ പ്രൊവിഷനലായി eligibility സർട്ടിഫിക്കറ്റ് issue ചെയ്യുകയും admission regularise ചെയ്യുന്നത് മുൻപ്,  original എലിജിബിലിറ്റി സർട്ടിഫിക്കറ്റ് issue ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാക്കുമോ ?
കേരളത്തിലെ മുഴുവൻ സർവ്വകലാശാലകളിലും ഇത്തരം പരിശോധനകൾ നടത്തുന്നത് ഉന്നത വിദ്യാഭ്യാസരംഗത്തെ ശക്തിപ്പെടുത്തും.
എസ്. ശാരദക്കുട്ടി